
ഇടുക്കി: പള്ളിവാസൽ വിപുലീകരണ പദ്ധതി (2X30 മെഗാവാട്ട്) പൂർത്തീകരണത്തിന്‍റെ അവസാനഘട്ടത്തിൽ. പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം നടക്കുകയാണെന്നും കെഎസ്ഇബി അറിയിച്ചു. പദ്ധതിയിൽ നിന്ന് നിലവിൽ 100 ദശലക്ഷം യൂണിറ്റിലേറെ വൈദ്യുതി ഇതിനകം ഗ്രിഡിലേക്ക് നൽകിക്കഴിഞ്ഞിട്ടുണ്ട്. ജൂൺ 17ന് പദ്ധതി നാടിന് സമർപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.
എന്നാൽ, തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലും പരിസരപ്രദേശങ്ങളിലും നിന്ന് നദിയിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക്ക് വേസ്റ്റ്, ഹോട്ടൽ വേസ്റ്റ് മുതലായവ ഈ പദ്ധതിയുടെ ഇൻടേക്ക് ഭാഗത്തുള്ള ട്രാഷ് റാക്ക് ഗേറ്റിന്‍റെ അഴികളിൽ അടിഞ്ഞുകൂടി വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെടുത്തുന്നത് മൂലം പൂർണ്ണ തോതിലുള്ള ഉത്പാദനത്തിൽ ചില സമയങ്ങളിൽ എങ്കിലും കുറവുവരുന്ന സ്ഥിതിയുണ്ട്.
പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഇൻടേക്ക് ചാനൽ പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ ഇൻടേക്ക് പൂളുമായി കണക്ട് ചെയ്തുകൊണ്ട് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താവുന്നതാണ്. ഇതിന്‍റെ പ്രാഥമിക നടപടികൾ തുടങ്ങിക്കഴിഞ്ഞു. പരമാവധി ഉൽപാദനം ലഭിക്കുന്നതിനായി ട്രാഷ് റാക്ക് ഗേറ്റിൽ അടിഞ്ഞുകൂടുന്ന മാലിന്യം മാനുവൽ ആയി മാറ്റിക്കൊണ്ട് നിലവിൽ പ്രവർത്തനം നടത്തിവരികയാണ്.
താത്കാലിക പരിഹാരം എന്ന നിലയിൽ ഒരു ഫുള്ളി ഓട്ടോമേറ്റഡ് ട്രാഷ് ഗേറ്റ് ക്ലീനർ സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മാലിന്യം അരിച്ചുമാറ്റാനുള്ള കോംബിന്‍റെ ഫാബ്രിക്കേഷൻ നടപടികൾ പുരോഗമിക്കുന്നു. പുഴയിൽ നീരൊഴുക്ക് കുറയുന്നതിനനുസരിച്ച് ഉത്പാദനം നിർത്തിവച്ചുകൊണ്ട് ഈ ജോലികൾ പൂർത്തിയാക്കാവുന്നതാണ്. കോംബിന്‍റെ പൂർണ്ണതോതിൽ ഉള്ള നിർമ്മാണവും സ്ഥാപനവും കഴിഞ്ഞതിനുശേഷം പ്രവർത്തനം പരിശോധിച്ച് നിലയത്തിൽനിന്ന് പൂർണ്ണ തോതിലുള്ള ഉത്പാദനം ഉറപ്പുവരുത്തിയശേഷം സെപ്റ്റംബർ മാസത്തോടുകൂടി പദ്ധതിയുടെ ഔദ്യോഗിക കമ്മീഷനിംഗ് നടത്താനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നതെന്നും കെഎസ്ബി അറിയിച്ചു.
154 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പള്ളിവാസൽ വിപുലീകരണ പദ്ധതിയിൽനിന്ന് വർഷം സംസ്ഥാനം പ്രതീക്ഷിക്കുന്നത്. ട്രയൽറണ്ണിലൂടെ ആറുമാസംകൊണ്ട് 100 ദശലക്ഷം യൂണിറ്റിനുമുകളിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനായിട്ടുണ്ട്. യൂണിറ്റിന് ശരാശരി അഞ്ചുരൂപവീതം എകദേശം 50 കോടി രൂപയുടെ വൈദ്യുതി ഉൽപ്പാദിപ്പിച്ചുകഴിഞ്ഞു. ഏഷ്യയിലെ ആദ്യ ജലവൈദ്യുത പദ്ധതികളിലൊന്നായ പള്ളിവാസൽ ജലവൈദ്യുത പദ്ധതിക്ക് 85 വയസ്സ്. 1940ലാണ് തിരുവിതാംകൂർ ഭരണകൂടം പദ്ധതി പൂർത്തിയാക്കിയത്.