
ദില്ലി: ഏക സിവിൽ കോഡിൽ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സിവിൽ കോഡിനായി ആർ എസ് എസ് കച്ചമുറുക്കി ഇറങ്ങുന്നത് എന്തിനാണെന്ന് എംഎ ബേബി ചോദിച്ചു. വാഗ്ദാനങ്ങൾ പാലിക്കാത്തത് കൊണ്ടാണ് സിവിൽകോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത്. വിലക്കയറ്റം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് ഏകസിവിൽ കോഡ് കൊണ്ട് വരുന്നതെന്നും ചെങ്കോൽ സ്ഥാപിച്ച സഭയിൽ മനുസ്മൃതിയും സ്ഥാപിക്കുമോയെന്നും ബേബി ചോദിച്ചു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എംഎ ബേബി.
ഏക വ്യക്തി നിയമത്തിനെതിരെ മുസ്ലിംലീഗുമായി സഹകരിക്കും. ആർഎസ്എസ് സ്വഭാവമില്ലാത്ത എല്ലാ സംഘടനകളുമായും സഹകരിക്കും. സാഹിത്യഅക്കാദമി പുസ്തക പ്രകാശന വിവാദത്തിൽ കരുതലും ജാഗ്രതയും വേണമായിരുന്നുവെന്നും എം എ ബേബി പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ അടുത്ത് സിപിഎം വരുന്നത് കുറുക്കൻ കോഴിയെ സംരക്ഷിക്കാൻ ചെല്ലുന്നത് പോലെ: കെ സുധാകരൻ
അതേസമയം, സിവിൽ കോഡിലെ സിപിഎം നിലപാടിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. കുറുക്കൻ കോഴിയെ സംരക്ഷിക്കാൻ ചെല്ലുന്നത് പോലെയാണ് ന്യൂനപക്ഷങ്ങളുടെ അടുത്ത് സി പി എം വരുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയ ശൈലിയാണ് ഏക സിവിൽ കോഡ്. കെപിസിസി ബഹുസ്വരത സദസ്സ് സംഘടിപ്പിക്കും. ജൂലൈ മാസത്തിൽ കേരളത്തിൽ മൂന്നിടത്ത് ബഹുസ്വരത ആഘോഷം എന്ന പേരിൽ ജനസദസ് സംഘടിപ്പിക്കുമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏകീകൃത സിവിൽ കോഡിൽ സിപിഎമ്മും കോൺഗ്രസും മതധ്രുവീകരണത്തിന് ശ്രമിക്കുന്നു: കെ സുരേന്ദ്രൻ
ഏക സിവില്‍ കോഡില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.സിപിഎമ്മിനോടും എംവി ഗോവിന്ദനോടും ഒരു ചോദ്യമുണ്ടെന്നു വിഡി സതീശൻ പറഞ്ഞു .ഇ എം എസിന്‍റെ അഭിപ്രായം നിങ്ങൾ മാറ്റിയോ?സമസ്തയെ കൂട്ടും ലീഗിനെ കൂട്ടും എന്നു പറയുന്ന സിപിഎം ആദ്യം ഇതിനു മറുപടി പറയണം. നിങ്ങൾക്ക് രാഷ്ട്രീയ മുതലെടുപ്പ് അല്ലാതെ ഇതിൽ മറ്റൊന്നും ഉണ്ടെന്നു തോന്നുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam