വർഗീയ ശക്തികളെ പ്രീണിപ്പിക്കാനാണ് സിപിഎമ്മും കോൺഗ്രസും ഇപ്പോൾ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കേരളത്തിൽ ഇടതുമുന്നണിയും വലതു മുന്നണിയും മതധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഏകീകൃത സിവിൽ കോഡ് ഒരു സമുദായത്തിന് എതിരെയല്ലെന്നും വിഷയത്തിൽ ബിജെപി സംസ്ഥാനത്ത് പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം സമുദായത്തിന് എതിരെയല്ല ഏകീകൃത സിവിൽ കോഡ്, ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടികളിൽ നിന്നും സിപിഎമ്മും കോൺഗ്രസും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏകീകൃത സിവിൽ കോഡ് വേണമെന്ന് ശക്തമായി വാദിച്ച പാർട്ടിയാണ് സിപിഎമ്മെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വർഗീയ ശക്തികളെ പ്രീണിപ്പിക്കാനാണ് സിപിഎമ്മും കോൺഗ്രസും ഇപ്പോൾ ശ്രമിക്കുന്നത്. മുത്തലാക്കിനെതിരെ ശക്തമായ നിലപാടെടുക്കുന്ന മുസ്ലിം സഹോദരങ്ങൾ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ബിജെപി നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി പ്രത്യേക ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി സംസ്ഥാന നേതൃമാറ്റം സംബന്ധിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ വാർത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. കേന്ദ്രമന്ത്രിസഭ പുനസംഘടന തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ നേതൃത്വവുമാണെന്നും അദ്ദേഹം പറഞ്ഞു.

