
തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ കേരളത്തിന്‍റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകൻ പോകുമ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ദില്ലിയിലെ വീട്ടിൽ തുടരുന്നു. അദ്ദേഹത്തിന്‍റെ കുടുംബവും ദില്ലിയിൽ തന്നെയാണ്. കേരളത്തിലേക്ക് പോകണോയെന്ന് പ്രഖ്യാപനത്തിന് ശേഷം മാത്രമാകും തീരുമാനിക്കുക. കര്‍ണാടകയിലെ മുഖ്യമന്ത്രി തീരുമാനത്തിലടക്കം ഏറെ നിർണായകമായ കെസിയുടെ ദില്ലിയിലെ 51 ലോധി എസ്റ്റേറ്റ് എന്ന വീട് കുറച്ച് ദിവസങ്ങളായി ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.
എന്നാൽ, ഇന്നലെ രാഹുൽ ഗാന്ധി - മല്ലികാര്‍ജുൻ ഖർഗെ നിര്‍ണായക കൂടിക്കാഴ്ച നടന്നപ്പോൾ കെസി വീട്ടിൽ തന്നെയായിരുന്നു. ഖര്‍ഗെ വിളിപ്പിക്കും എന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും അതുണ്ടായില്ല. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്ന വി ഡി സതീശൻ റോഡ് മാര്‍ഗം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മകൾ ഉണ്ണിമായയും ചേട്ടന്‍റെ മകൾ അമ്മുവും വിഡിക്കൊപ്പം ഉണ്ട്. രമേഷ് ചെന്നിത്തല തിരുവനന്തപുരം വഴുതക്കാടുള്ള വീട്ടിലുമുണ്ട്.
മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ അവസാന നിമിഷവും കോണ്‍ഗ്രസിനുള്ളിൽ സസ്പെൻസ് നിറയുകയാണ്. നേതാക്കളെ വിളിച്ച് രാഹുൽ ഗാന്ധി ഒരു തീരുമാനവും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയാരെന്ന വിവരം ആരെയും അറിയിച്ചിട്ടില്ല. നേതാക്കളെ ഹൈക്കമാൻഡ് വിളിച്ചില്ല, അതുപോലെ തന്നെ ഘടക കക്ഷികളോടും പേര് പറഞ്ഞിട്ടില്ല. ലീഗ് എംഎൽഎമാർ ഇന്ന് രണ്ടിന് എത്തുന്നതിൽ അസൗകര്യം അറിയിച്ചു. രാവിലെ ലീഗ് യോഗവും ചേർന്നേക്കുമെന്നും സൂചനയുണ്ട്. ഗവർണ്ണർക്കുള്ള കത്ത് എല്ലാവരിൽ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.
അതേ സമയം മൂന്ന് ചേരികളും പ്രതീക്ഷയിലാണ്. ആ പേര് കെസി വേണുഗോപാലിന്റേത് തന്നെയെന്ന് കെസി ഗ്രൂപ്പ് പറയുന്നു. എംഎൽഎമാരുടെ എണ്ണത്തിലുളള ആത്മവിശ്വാസത്തിലാണ് കെസി ഗ്രൂപ്പ്. അവസാന വട്ട ചർച്ചകൾ തുണച്ചെന്ന് വിഡി പക്ഷവും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ഘടക കക്ഷി നിലപാടിലും ജനപിന്തുണയിലുമാണ് പ്രതീക്ഷ. അതേ സമയം സമവായ വഴിയിലാണ് ചെന്നിത്തലയെന്ന് ആർസി പക്ഷവും ചൂണ്ടിക്കാട്ടുന്നു. സോണിയയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ചെന്നിത്തല ഗ്രൂപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam