
കാസർകോട്: പ്രവാസിയുടെ ആളില്ലാത്ത വീട്ടിൽ അഴിച്ചുവെച്ച എസി മോഷ്ടിച്ച സംഭവത്തിൽ വഴിത്തിരിവ്. ആക്രിക്കടയിൽ വിറ്റ എസി പൊലീസ് സഹായത്തോടെ തിരിച്ചെടുത്തു. കാസർകോട് പൊയിനാച്ചിയിലാണ് സംഭവം. പരാതിക്കാരൻ കേസില്ലെന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ പ്രതികളായ നാടോടി സ്ത്രീകളെ പൊലീസ് താക്കീത് നൽകി വിട്ടയച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പരാതിക്കാരനായ പ്രവാസിയും കുടുംബവും ദുബൈയിലാണ് താമസിക്കുന്നത്. നാട്ടിലെ വീട്ടിൽ ഒരു കെയർ ടേക്കറെ ചുമതലപ്പെടുത്തിയിരുന്നു. സംഭവ ദിവസം ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ല. ഈ സമയത്ത് മൂന്ന് നാടോടി സ്ത്രീകൾ വീടിൻ്റെ ഗേറ്റ് തുറന്ന് അകത്ത് കയറി. വീടിൻ്റെ ചുറ്റുപാടും പരിശോധിച്ച ഇവർ മുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി കണ്ടു. മൂന്ന് പേരും കൂടെ ഇത് ഉയർത്തി എടുത്ത് വീടിന് പുറത്തേക്ക് കൊണ്ടുപോയി.
എന്നാൽ വീട്ടുടമ ഫോൺ വഴി നാട്ടിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടു. വീട്ടിൽ മോഷണം നടന്ന വിവരം ഉടൻ തന്നെ കെയർ ടേക്കറെയും മേൽപ്പറമ്പ് പൊലീസിനെയും അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ എസി കളനാടുള്ള ആക്രിക്കടയിൽ വിറ്റതായി കണ്ടെത്തി. ഈ കടയുടമയ്ക്ക് എസി എത്തിച്ച സ്ത്രീകളെ പരിചയമുണ്ടായിരുന്നു. ഇവരുടെ താമസസ്ഥലത്തേക്കുള്ള വിവരം പൊലീസിന് ഇയാൾ കൈമാറി.
മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തെങ്കിലും വീട്ടുടമ പരാതിയില്ലെന്ന് അറിയിച്ചു. എസി ആക്രിക്കടയിൽ നിന്ന് പരാതിക്കാരന് മടക്കിനൽകി സംഭവം ഒത്തുതീർത്തു. പിന്നാലെ മേലിൽ ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് താക്കീത് നൽകി മൂന്ന് സ്ത്രീകളെയും വിട്ടയക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam