Kerala Rain‌‌| സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ചക്രവാതച്ചുഴിയുടെ പ്രഭാവം തുടരുന്നു

By Web TeamFirst Published Nov 8, 2021, 1:18 PM IST
Highlights

നാളെയോടെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറും. ഇത് ശക്തി പ്രാപിച്ച് വ്യാഴ്ചയോടെ വടക്കൻ തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

തിരുവനന്തപുരം/ചെന്നൈ: സംസ്ഥാനത്ത് ഇന്ന് മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കേരളത്തിലും മഴ ശക്തമാകുന്നത്. 

ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. നാളെയോടെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറും. ഇത് ശക്തി പ്രാപിച്ച് വ്യാഴ്ചയോടെ വടക്കൻ തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

തമിഴ്നാട്ടിൽ മഴ തുടരുന്നു

കേരളത്തിന് പുറമേ തമിഴ്നാട്ടിലും ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ കനത്ത മഴ പെയ്യുന്നുണ്ട്. കനത്ത മഴയിൽ ചെന്നൈയിൽ താഴ്ന്ന ഇടങ്ങള്‍ വെള്ളത്തിലാണ്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും രണ്ട് ദിവസം കൂടി ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചെന്നൈയുടെ സമീപ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടവിട്ട് പെയ്യുന്ന മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഇറങ്ങിയിട്ടില്ല. നൂറ് കണക്കിന് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. മഴ തുടര്‍ന്നാല്‍ ചെമ്പരമ്പാക്കം തടാകത്തില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടേണ്ടി വരും. ടി നഗര്‍ നുംഗമ്പാക്കം ഗിണ്ടി അടക്കം താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളക്കെട്ടിലാണ്.

സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ ഭക്ഷണം എത്തിക്കുന്നുണ്ട്. സ്കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധിയാണ്. മുഖ്യമന്ത്രി സ്റ്റാലിനുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രസഹായം ഉറപ്പ് നല്‍കിയിരുന്നു. വിവിധയിടങ്ങളില്‍ മരം വീണും കെട്ടിടം തകര്‍ന്നും നാശനഷ്ടങ്ങളുണ്ടായി. ചെങ്കല്‍പ്പേട്ട് കാഞ്ചീപുരം അടക്കം സമീപ ജില്ലകളിലും ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.

click me!