യുവാവിനെ എക്സൈസ് സംഘം ആളുമാറി ആക്രമിച്ചതിൽ പൊലീസിനും പങ്കെന്ന് ആരോപണം, പൂര്‍വ്വവൈരാഗ്യമെന്ന് പിതാവ്

By Web TeamFirst Published Nov 9, 2021, 2:20 PM IST
Highlights

എക്സൈസ് തൊടുപുഴ ഇൻസ്പെക്ടര്‍ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അക്രമം കാട്ടിയത്. ഇവരുടെയെല്ലാം പേരുവിവരങ്ങളും ഫോട്ടോയും നൽകി ബാസിതിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. 

ഇടുക്കി: തൊടുപുഴയിൽ യുവാവിനെ ആളുമാറി എക്സൈസ് (Excise) മര്‍ദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെയും (Kerala Police) ആരോപണം. എക്സൈസുകാരെ സംരക്ഷിക്കാൻ തൊടുപുഴ (Thodupuzha) പൊലീസ് ശ്രമിക്കുന്നെന്നാണ് പരാതി.

ശനിയാഴ്ചയാണ് മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘം ആളുമാറി തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി ബാസിതിനെ ക്രൂരമായി മര്‍ദ്ദിച്ചത്. എക്സൈസ് തൊടുപുഴ ഇൻസ്പെക്ടര്‍ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അക്രമം കാട്ടിയത്. ഇവരുടെയെല്ലാം പേരുവിവരങ്ങളും ഫോട്ടോയും നൽകി ബാസിതിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടാലറിയാവുന്ന ഏതാനും പേരെന്ന് മാത്രം.

തൊടുപുഴ സിവിൽ എക്സൈസ് ഓഫീസറായ സിറാജിന് തന്റെ കുടുംബത്തോടുള്ള പൂര്‍വ്വവൈരാഗ്യമാണ് മകനെ കുടുക്കാൻ കാരണമെന്നും ആരോപണം. കേസിൽ നീതിപൂര്‍വ്വമായ അന്വേഷണം ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും എക്സൈസ് കമ്മീഷണര്‍ക്കും പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. അതേസമയം ആരോപണം നിഷേധിച്ച തൊടുപുഴ സിഐ കേസിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് അറിയിച്ചു. 

Read More: തൊടുപുഴയിൽ യുവാവിനെ ആള് മാറി മർദ്ദിച്ചു, മൂന്ന് എക്സൈസുകാർക്കെതിരെ കേസ്

മയക്കുമരുന്ന് കേസിലെ പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാസിത് എന്ന കൂട്ടുപ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു എക്സൈസ് സംഘം. എന്നാൽ പിടികൂടിയത് മറ്റൊരു ബാസിതിനെ.  ഇരുപത്തിമൂന്നുകാരനായ ഈ യുവാവിനെ എക്സൈസ് മര്‍ദ്ദിക്കുകയും കൈവിലഞ്ഞ് അണി‌ഞ്ഞ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാനും ശ്രമിച്ചു.

നാട്ടുകാര്‍ ഓടിക്കൂടി പ്രതിഷേധച്ചതോടെ എക്സൈസ് സംഘം പിൻവാങ്ങി. മര്‍ദ്ദനത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടുകയും, അകാരണമായി തന്നെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ആകെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി നൽകിയത്. 

ഇതിൽ തൊടുപുഴ എക്സൈസ് ഇൻസ്പെക്ടര്‍, കണ്ടാലറിയാവുന്ന മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. അതേസമയം പ്രശ്നമുണ്ടാക്കിയത് നാട്ടുകാരെന്നാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ വിശദീകരണം. എക്സൈസിന്റെ പരാതിൽ കണ്ടാലറിയാവുന്ന 20 നാട്ടുകാര്‍‍ക്കെതിരെയും തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.

click me!