
തിരുവനന്തപുരം: നിയന്ത്രണം വിട്ട തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശി അതുൽ (26) ആണ് മരിച്ചത്. തുമ്പ വി.എസ്.എസ്.സി.യിൽ റിസർച്ച് വിദ്യാർത്ഥിയാണ് അതുൽ. അപകടത്തിൽ പരിക്കേറ്റ അതുലിന്റെ അമ്മ ജിഷ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയോടെ തുമ്പ ശാന്തിനഗർ മാർക്കറ്റിന് സമീപമായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. അമ്മയെ സ്കൂട്ടറിന്റെ പിന്നിലിരുത്തി തുമ്പ സ്റ്റേഷൻകടവ് നെഹ്റു ജംഗ്ഷനിൽ നിന്നും വരികയായിരുന്നു അതുൽ. ഈ സമയം പെട്ടെന്ന് ഒരു തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടുകയായിരുന്നു.
നായയുടെ ദേഹത്ത് സ്കൂട്ടർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയുടെ ആഘാതത്തിൽ അതുലിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് അതുലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അമ്മ ജിഷയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. മരണപ്പെട്ട അതുൽ കോഴിക്കോട് സ്വദേശിയാണെങ്കിലും വി.എസ്.എസ്.സിയിലെ ഗവേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് താമസിച്ചുവരികയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam