
കൊച്ചി: പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് കൊച്ചിയിൽ പിടിയിൽ. മലപ്പുറം സ്വദേശി അജിത്തിനെ ആണ് കടവന്ത്ര പൊലീസ് പിടികൂടിയത്. സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.സ്വകാര്യ സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. സ്ഥാപനത്തിൽ ട്രെയിനിയായി ജോലി ചെയ്തിരുന്ന പെൺകുട്ടിയുടെ പരാതിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. പണം നൽകിയില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബ്ലാക്കമെയിലിങ്. ഇയാളുടെ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ സ്വകാര്യ വീഡിയോയും ഫോട്ടോയും കണ്ടെത്തിയെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.