
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. സർട്ടിഫിക്കറ്റ് തിരുത്താൻ കൂട്ട് നിന്നുവെന്ന മുൻ എസ്എഫ്ഐ ജില്ലാ സെക്രട്ടറി അഭിജിത്തിന്റെ തുറന്ന് പറച്ചിൽ ഉന്നയിച്ചാണ് പരാതി. യൂത്ത് കോൺഗ്രസാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് സിപിഎമ്മിന്റേയും വര്‍ഗ ബഹുജന സംഘടനകളുടേയും വഴിവിട്ട പ്രവര്‍ത്തനങ്ങളിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയിൽ ഉയർന്നത് രൂക്ഷ വിമര്‍ശനം. അതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറിയെ കുടുക്കിയുള്ള ശബ്ദരേഖ പുറത്ത് വരുന്നത്. പ്രായ പരിധി തീരുമാനം എസ്എഫ്ഐയിൽ നടപ്പാക്കിയപ്പോൾ പ്രായം കുറച്ച് കാണിക്കാൻ ഉപദേശിച്ചത് ആനാവൂര്‍ നാഗപ്പനാണ് എന്നാണ് അഭിജിത്ത് വെളിപ്പെടുത്തിയത്. പല പ്രായത്തിലുള്ള സര്‍ട്ടിഫിക്കറ്റുകൾ കയ്യിലുണ്ടെന്നും അഭിജിത്തിന്‍റെ ശബ്ദരേഖയില്‍ വെളിപ്പെടുത്തലുണ്ട്. അതേസമയം, അഭിജിത്തിന്‍റെ ആരോപണം ആനാവൂർ നാഗപ്പന്‍ നിഷേധിച്ചു.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏര്യാ കമ്മിറ്റി അംഗവുമായിരുന്നു ജെ ജെ അഭിജിത്ത്. ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ചതിന് അഭിജിത്തിനെ ഡിവൈഎഫ്ഐ പുറത്താക്കിയിരുന്നു. സഹപ്രവര്‍ത്തകയോട് മോശമായി ഇടപെട്ടതിന് അഭിജിത്തിനെ കഴിഞ്ഞ ദിവസം നേമം ഏരിയാകമ്മിറ്റിയിൽ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിരുന്നു. ശബ്ദരേഖ കൂടി പുറത്തുവന്നതോടെ അഭിജിത്തിനെ സസ്പെൻഡ് ചെയ്തു.
ദത്ത് വിവാദത്തിനും കത്ത് വിവാദത്തിനും പിന്നാലെയാണ് ജില്ലാ സെക്രട്ടറി പുതിയ ആരോപണത്തിൽ ഉൾപ്പെടുന്നത്. അഭിജിത്തിനെതിരെ നേരത്തെ തന്നെ പരാതികൾ വന്നസമയത്തെല്ലാം രക്ഷകനായത് ആനാവൂരാനാണെന്നാണ് പാർട്ടിയിലെ എതിർ ചേരിയുടെ പരാതി. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയിട്ടും ആനാവൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിൽ ജില്ലയിലെ പാർട്ടിയിൽ വലിയ അമർഷമാണുള്ളത്. ശബ്ഗരേഖ പുറത്തുവന്നതിന് പിന്നാലെ ഉൾപ്പാർട്ടി പോരും കാരണമാണെന്ന സൂചനകളുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam