
കോഴിക്കോട്: പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ ബി സി റോഡിൽ നാറാണത് വീട്ടിൽ ജിഷ്ണു (28) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് നല്ലളം പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെത്തി ജിഷ്ണുവിനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടിലില്ലായിരുന്ന ജിഷ്ണുവിനെ ഫോണിൽ വിളിച്ചുവരുത്തിയാണ് കൂട്ടിക്കൊണ്ട് പോയത്.
അതിന് ശേഷം രാത്രി 9.30 ഓടെ വീടിന് സമീപത്തെ വഴിയരികിൽ നാട്ടുകാരാണ് അത്യസന്ന നിലയിൽ ജിഷ്ണുവിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോട്ടം നടപടികളടക്കം നടത്തണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണക്ക് പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.
ജിഷ്ണുവിനെതിരെ കൽപ്പറ്റ പൊലീസ് ഇന്നലെ പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ മടങ്ങുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞു നിർത്തി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലായിരുന്നു കേസ്. മുണ്ടേരി ടൗണിൽ വെച്ചായിരുന്നു സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താൻ നല്ലളം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജിഷ്മുവിന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. കേസന്വേഷണത്തിന്റെ ഭാഗമായി ജിഷ്ണുവിന്റെ അടുത്ത് വന്ന് വിവരങ്ങളറിയുക മാത്രമാണ് ചെയ്തതെന്നാണ് നല്ലളം പൊലീസ് നൽകുന്ന വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam