
സംഭവബഹുലമായിട്ടാണ് 2017 വിടവാങ്ങുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പിൻവാങ്ങുന്ന വർഷം വ്യക്തികൾക്കു മാത്രമല്ല സംഭവബഹുലമായത്. നമ്മുടെ തനത് ഭക്ഷണങ്ങളിൽ ചിലത് വാർത്താകോളങ്ങളിൽ നിറഞ്ഞുനിന്ന വർഷം കൂടിയാണ് കടന്നുപോകുന്നത്.
നമ്മുടെ അടുക്കളകളിൽ നിന്ന് പ്രയാണം ആരംഭിച്ച ആ രുചിക്കൂട്ടുകൾ നല്ലതോ മോശപ്പെട്ടതോ ആയകാരണങ്ങളാൽ ദേശീയ, അന്തർദേശീയ ശ്രദ്ധനേടുകയും ചെയ്തു. അത്തരത്തിൽ ശ്രദ്ധ നേടിയ അഞ്ച് വിഭവങ്ങളെ പരിചയപ്പെടാം:
ഇന്ത്യക്കാർക്ക് മലയാളികൾക്ക് കിച്ചടി ഇഷ്ട വിഭവം ആണ്. കിച്ചടി പാചകത്തിലൂടെ ഇൗ വർഷം ഇന്ത്യക്കാരനായ പാചക വിദഗ്ദൻ പുതിയ റൊക്കോർഡിട്ടു. സെലിബ്രിറ്റി ഷെഫ് ആയ സഞ്ജീവ് കപൂർ 50 വളണ്ടിയർമാരുടെ സഹായത്തിൽ 918 കിലോ കിച്ചടിയാണ് ഒന്നിച്ച് പാചകം ചെയ്തത്. പരമ്പരാഗത രീതിയിലുള്ള ചട്ടി ഒരുക്കിയാണ് റൊക്കോർഡ് കിച്ചടി പാചകം ചെയ്തത്. വേൾഡ് ഫുഡ് ഇന്ത്യ 2017ൽ ജനക്കൂട്ടത്തിന് മുന്നിൽവെച്ചായിരുന്നു തൽസമയപാചകം. ആയിരം ലിറ്റർ ശേഷിയും ഏഴ് അടി വ്യാസവുമുള്ള ചട്ടിയിലായിരുന്നു പാചകം. മൂന്ന് മാസത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു ഇത് നടത്തിയത്. കിച്ചടി ദേശീയ വിഭവം ആക്കണമെന്ന ആവശ്യവും ഇൗ ഘട്ടത്തിൽ ഉയർത്തി.
രസഗുള ആരുടെ വിഭവം എന്ന തർക്കത്തിലായിരുന്നു പശ്ചിമ ബംഗാളും ഒറീസയും. രണ്ട് സംസ്ഥാനങ്ങളും ഇൗ വിഭവം തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന നിലപാടിൽ ആയിരുന്നു. രസഗുളക്ക് ബംഗാളിന് ജി.ഐ ടാഗ് ലഭിച്ചുവെന്ന് നവംബർ 13ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തതോടെ വിവാദം കൊഴുത്തു. എന്നാൽ ബംഗാൾ രസഗുളക്കായിരുന്നു ജി.െഎ ടാഗെന്നും മൊത്തം രസഗുളക്കല്ലെന്നും പിന്നീട് വ്യക്തമായി. ഒഡീഷയാകട്ടെ അവരുടെ രസഗുളക്ക് ജി.ഐ ടാഗിനായി ശ്രമവും തുടങ്ങി. ഇതിന് ജഗന്നാഥ് രസഗുള എന്ന പേരും നൽകി.
ഇന്ത്യൻ വിഭവങ്ങളായ ‘ചന’യും ചന ദാലും ഒാക്സ്ഫോഡ് ഇംഗ്ലീഷ് ഡിക്ഷണറിയിൽ ഇടംപിടിച്ചതും 2017ൽ ആയിരുന്നു. വെള്ളക്കടല എന്നറിയപ്പെടുന്ന ചനയും അതിന്റെ പരിപ്പായ ചന ദാലും ഒാക്സ്ഫോഡ് ഡിക്ഷണറിയിൽ പുതിയ 600 വാക്കുകൾക്കൊപ്പം ഇടംപിടിക്കുകയായിരുന്നു.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഷെഫ് ഗോർഡോൺ റാംസെ മേദുവടക്കെതിരെ നടത്തിയ പരാമർശം സാമൂഹിക മാധ്യമങ്ങളിൽ വൻ അലയൊലികൾ ഉയർത്തി. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹം മേദു വട ജയിൽ വാസികളുടെ ഭക്ഷണമാണെന്ന് നടത്തിയ പരാമർശമാണ് വിവാദമായത്. അദ്ദേഹത്തിന്റെ ആരാധകർ പോലും സാമൂഹിക മാധ്യമങ്ങളിൽ ട്രോളാൻ കാരണമായി. മേദു വട ആരാധകരിൽ നിന്ന് വൻ പ്രതികരണമാണ് നിരുത്തരവാദിത്ത പരാമർശത്തിനെതിരെ ഉയർന്നത്.
സമൂസ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. എന്നാൽ ഇത്തവണ വലിപ്പത്തിൽ ഭീമനായ സമൂസയൊരുക്കിയാണ് ചിലർ വാർത്തകളിൽ ഇടംപിടിച്ചത്. കിഴക്കൻ ലണ്ടനിലെ പള്ളിയിലെ ഒരു സംഘം ആളുകൾ ചേർന്ന് ഒരുക്കിയ 153 കിലോ സമൂസ റൊക്കോർഡ് ഭേദിക്കുന്നതായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam