'ചലഞ്ച് ചെയ്യാന്‍ ഈ ദിവസം വരെ ഞാന്‍ കാത്തിരുന്നു...'

By Web TeamFirst Published Feb 4, 2019, 3:52 PM IST
Highlights

'എന്റെ ജീവിതം മാറ്റിമറിച്ച വര്‍ഷമാണ് 2009. എന്റെ മാത്രമല്ല, കുടുംബത്തിന്റെയും. കഴിഞ്ഞ 10 വര്‍ഷവും എനിക്ക് വെല്ലുവിളികളുടേത് തന്നെയായിരുന്നു. ഇപ്പോള്‍ 2019ല്‍ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു. ഞാന്‍ തളരാതെ പോരാടിയതിന്, ശക്തമായി മുന്നേറിയതിന്...'

ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച നിരവധി സിനിമാതാരങ്ങളുണ്ട്. ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നുമെല്ലാം ധാരാളം പേര്‍. എന്നാല്‍ ഈ മലയാളി താരത്തെ പോലെ ഇത്രമാത്രം നമ്മളെ സ്വാധീനിച്ച മറ്റൊരു 'ക്യാന്‍സര്‍ സര്‍വൈവര്‍' ഉണ്ടോയെന്ന് തന്നെ സംശയം. 

മറ്റാരുമല്ല, മലയാളിയുടെ സ്വന്തം മമ്ത മോഹന്‍ദാസ്. രണ്ട് തവണ അര്‍ബുദത്തിന്റെ ആക്രമണം നേരിട്ടു. എന്നിട്ടും തളരാതെ രോഗത്തോട് പൊരുതി. തന്നെപ്പോലെ ക്യാന്‍സര്‍ ബാധിച്ച നിരവധി പേര്‍ക്ക് മാതൃകയായി. പരസ്യമായി തന്റെ രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചുമെല്ലാം ആത്മവിശ്വാസത്തോടെ സംസാരിച്ചു. സിനിമയെ അപ്പോഴും കൈവിട്ടില്ല. സിനിമ തിരിച്ച് മമ്തയേയും. 

ഇന്ന് ലോക ക്യാന്‍സര്‍ ദിനത്തില്‍ താന്‍ എത്തരത്തിലെല്ലാം രോഗത്തെ അതിജീവിച്ചുവെന്ന് വ്യക്തമാക്കുകയാണ് മമ്ത. കുറച്ചുനാള്‍ മുമ്പ് ഫേസ്ബുക്കില്‍ തരംഗമായ 'ടെന്‍ ഇയര്‍ ചലഞ്ച്' സ്വീകരിച്ച് രോഗം ബാധിച്ച സമയത്തുള്ള ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് മമ്തയുടെ കുറിപ്പ്. 'ടെന്‍ ഇയര്‍ ചലഞ്ച്' സ്വീകരിക്കാന്‍ ഇന്നത്തെ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാനെന്ന മുഖവുരയോടെയാണ് കുറിപ്പ് തുടങ്ങുന്നത്. 

'എന്റെ ജീവിതം മാറ്റിമറിച്ച വര്‍ഷമാണ് 2009. എന്റെ മാത്രമല്ല, കുടുംബത്തിന്റെയും. കഴിഞ്ഞ 10 വര്‍ഷവും എനിക്ക് വെല്ലുവിളികളുടേത് തന്നെയായിരുന്നു. ഇപ്പോള്‍ 2019ല്‍ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു. ഞാന്‍ തളരാതെ പോരാടിയതിന്, ശക്തമായി മുന്നേറിയതിന്. തളരാതെ ശുഭാപ്തിവിശ്വാസത്തോടെയും കരുത്തോടെയും നീണ്ട വര്‍ഷങ്ങള്‍ ജീവിക്കുകയെന്നാല്‍ അല്‍പം ബുദ്ധിമുട്ടുമുള്ള കാര്യമാണ്, എങ്കിലും ഞാനത് ചെയ്തിരിക്കുന്നു. ഒറ്റയ്ക്കല്ല, ചിലരുടെ സഹായമുണ്ട് അതിന് പിന്നില്‍. ആദ്യം അച്ഛനും അമ്മയ്ക്കും നന്ദി (നന്ദിയെന്ന വാക്ക് അത് പ്രകടിപ്പിക്കേണ്ട സാഹചര്യമായതിനാല്‍ ഉപയോഗിക്കുന്നുവെന്ന് മാത്രം), പിന്നെ എന്റെ ചില കസിന്‍സ്. സ്വന്തം സഹോദരങ്ങളെന്ന പോലെയാണ് അവരെന്നെ സ്‌നേഹിച്ചത്. വളരെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ഉണ്ട്. ഞാന്‍ ശരിക്കും ഓക്കെ ആണോയെന്ന് അറിയാന്‍ ഇടയ്ക്കിടെ വിളിക്കുകയും ടെക്‌സ്റ്റ് അയക്കുകയും ഒക്കെ ചെയ്തവര്‍. എനിക്ക് വന്ന നല്ല വര്‍ക്കുകള്‍, ഏറ്റവും നല്ലരീതിയില്‍ അത് ചെയ്യാന്‍ എന്നെ ചലഞ്ച് ചെയ്ത എന്റെ സഹപ്രവര്‍ത്തകര്‍. ഏതാണ് എനിക്ക് നല്ലത്, ഏതാണ് അങ്ങനെയല്ലാത്തത് എന്ന് എനിക്ക് സ്വയം തിരിച്ചറിയാന്‍ എന്നെ സഹായിച്ച ലോകത്തിന്, ആ ലോകം നല്‍കിയ അവസരങ്ങള്‍ക്ക്...'- മമ്ത കുറിച്ചു.

മമ്തയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍...


 

click me!