
വന്ധ്യതയ്‌ക്ക് പല കാരണങ്ങളുമുണ്ട്. സ്‌ത്രീകളിലും പുരുഷന്‍മാരിലുമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, ലൈംഗിക പ്രശ്നങ്ങള്‍ എന്നിവയൊക്കെ വന്ധ്യതയ്‌ക്ക് കാരണമാകും. എന്നാല്‍ ദില്ലി നിവാസികളില്‍ ഇതൊന്നുമല്ലാത്ത ഒരു കാരണം കൂടി വന്ധ്യതയുണ്ടാക്കുന്നുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണമാണ് ദില്ലിക്കാരില്‍ വന്ധ്യതയ്‌ക്കുള്ള പുതിയ കാരണായി തീര്‍ന്നത്. അടുത്തകാലത്തായി ദില്ലി നിവാസികളില്‍ വന്ധ്യതാനിരക്ക് ഏറുന്നതായി പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. മലിന വായു ശ്വസിക്കുന്നവരില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും അത് വന്ധ്യതയ്‌ക്ക് കാരണമാകുന്നതായാണ് വിദ്ഗദ്ധര്‍ പറയുന്നത്. അന്തരീക്ഷ മലിനീകരണം കാരണം 30 ശതമാനത്തോളം പേരില്‍ ലൈംഗിക താല്‍പര്യം നശിക്കുന്നതായാണ് പറയുന്നത്. ദില്ലിയിലെ അന്തരീക്ഷ മലിനീകരണം പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി നേരത്തെ തന്നെ വ്യക്തമായതാണ്. അതിനിടയിലാണ് പുതിയൊരു ആരോഗ്യ പ്രശ്‌നം കൂടി ഉടലെടുത്തിരിക്കുന്നത്. ഈ വര്‍ഷം ദീപാവലിക്കുശേഷം, ദില്ലിയില്‍ രേഖപ്പെടുത്തിയ അന്തരീക്ഷ മലിനീകരണം, കഴിഞ്ഞ 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതായിരുന്നു. മനുഷ്യശരീരത്തിലെ ടെസ്റ്റോസ്റ്റീറോണ്‍, ഈസ്‌ട്രജന്‍ എന്നീ ഹോര്‍മോണുകളുടെ സാരമായി ബാധിക്കുന്ന നിരവധി രാസവസ്‌തുക്കളും, ലോഹാംശങ്ങളും ദില്ലിയിലെ അന്തരീക്ഷ വായുവില്‍ ധാരാളമായി ഉള്ളതായാണ് ലാബ് റിപ്പോര്‍ട്ടില്‍ വ്യക്തമായത്. ടെസ്റ്റോസ്റ്റീറോണ്‍, ഈസ്‌ട്രജന്‍ എന്നീ ഹോര്‍മോണുകള്‍ നശിക്കുന്നതിലൂടെ ലൈംഗിക താല്‍പര്യം നശിക്കുകയും വന്ധ്യതയ്‌ക്ക് നേരിട്ട് കാരണമാകുകയും ചെയ്യുന്നതായാണ് വ്യക്തമായത്. കൂടാതെ ബീജത്തിന്റെ ഗുണനിലവാരത്തിലും കുറവ് വരുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ വന്ധ്യതാ പ്രശ്‌നങ്ങളുമായി ദില്ലിയിലെ വിവിധ ക്ലിനിക്കുകളില്‍ ചികില്‍സ തേടി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതായി ഡോക്‌ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. പുറത്തിറങ്ങുമ്പോള്‍, മാസ്‌ക്ക് ധരിക്കുക എന്നത് മാത്രമാണ് ഈ പ്രശ്‌നത്തിന് പ്രധാന പോംവഴിയെന്നും ഡോക്‌ടര്‍മാര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam