എയ്ഡ്സ്- എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

By Web DeskFirst Published Dec 1, 2017, 6:27 PM IST
Highlights

ലോക എയ്ഡ്സ് ദിനം

എച്ച്ഐവി ബാധ മൂലം ഉണ്ടാകുന്ന എയ്ഡ്സ് എന്ന മാരകരോഗം ഒരുസമയത്ത് മനുഷ്യരാശിയെ ഒരുപാട് ഭീതിപ്പെടുത്തിയിരുന്ന ഒന്നാണ്. എന്നാൽ എച്ച്ഐവി കണ്ടെത്തുന്നതിലും ചികിൽസിക്കുന്നതിലും വൈദ്യശാസ്‌ത്രം ഒരുപാട് മുന്നോട്ടുപോയിക്കഴിഞ്ഞു. രോഗബാധ തുടക്കത്തിലേ കണ്ടെത്തിയാൽ അസുഖം ചികിൽസിക്കാനും നിയന്ത്രിക്കാനും സാധിക്കും. ഇപ്പോൾ ലോകത്താകമാനം 3.67 കോടി പേര്‍ക്ക് എയ്‌ഡ്സ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലോക എയ്ഡ്സ് ദിനമായ ഇന്ന് ഈ രോഗത്തെക്കുറിച്ച് ഏവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ വായനക്കാർക്കായി പങ്കുവെയ്ക്കുന്നു.

ഹ്യൂമൺ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് അഥവാ എച്ച് ഐ വി ആണ് എയ്ഡ്സിന് കാരണമായ വൈറസ്. പേര് സൂചിപ്പിക്കുന്നതുപോലെ മനുഷ്യശരീരത്തിലെ പ്രതിരോധശേഷിയെ നശിപ്പിച്ചുകൊണ്ടാണ് എയ്ഡ്സ് അപകടകരമാകുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന സിഡി-4 കോശങ്ങളെ ആക്രമിച്ചുകൊണ്ടാണ് എച്ച്ഐവി വൈറസ് വ്യാപിക്കുന്നത്. അക്യൂട്ട് എച്ച്ഐവി ഇൻഫെക്ഷൻ, ക്ലിനിക്കൽ ലാറ്റൻസി, ഒടുവിൽ എയ്ഡ്സ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് എച്ച്ഐവി ശരീരത്തെ ബാധിക്കുന്നത്.

പടിഞ്ഞാറൻ ആഫ്രിക്കയിലെ ചിമ്പൻസി വിഭാഗത്തിൽപ്പെട്ട ആൾകുരങ്ങിൽനിന്നാണ് എച്ച്ഐവി വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്നാണ് ശാസ്‌ത്രഞ്ജർ പറയുന്നത്. ചിമ്പൻസികളിൽ സിമിയൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ് അഥവാ എസ്ഐവി എന്ന വൈറസാണ് ഉണ്ടായിരുന്നത്. ഈ ചിമ്പൻസികളെ വേട്ടയാടി അവയുടെ മാംസം കഴിച്ചവരിലേക്കാണ് ആദ്യം വൈറസ് വ്യാപിച്ചത്. ലോകത്തെ ആദ്യ എച്ച്ഐവി സ്ഥിരീകരിച്ചത് 1959ൽ കോംഗോയിലാണ്.

ഒരാളിൽ എച്ച്ഐവി വൈറസ് പിടിപെട്ട ഉടൻ പരിശോധനയിലൂടെ കണ്ടെത്താനായാൽ ചികിൽസ എളുപ്പമാണ്. രക്തപരിശോധനയിലൂടെയാണ് എച്ച്ഐവി കണ്ടെത്തുന്നത്. എച്ച്ഐവി സംശയമുണ്ടെങ്കിൽ നിരന്തര പരിശോധനകളിലൂടെ മാത്രമെ രോഗം സ്ഥിരീകരിക്കാനാകു. ചിലരിൽ രോഗാണു പ്രത്യക്ഷപ്പെടാൻ ആഴ്ചകളോ മാസങ്ങളോ എടുക്കും.

പ്രധാനമായും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് എച്ച്ഐവി പകരുന്നത്. സാധാരണഗതിയിലുള്ള ലൈംഗികബന്ധത്തേക്കാൾ ഗുഹ്യഭാഗം വഴിയുള്ള ബന്ധമാണ് എച്ച്ഐവി പകരാൻ കൂടുതൽ സാധ്യത. യോനിയേക്കാൾ, മലദ്വാരത്തിലെ കോശഭിത്തിക്ക് കനം കുറവായതുകൊണ്ട് രോഗാണു പെട്ടെന്ന് ശരീരത്തിലേക്ക് കടക്കും. പ്രധാനമായും രക്തം, ശുക്ലം, മലാശയത്തിലെ സ്രവം എന്നിവ വഴിയാണ് എച്ച്ഐവി വൈറസ് പടരുന്നത്. ഇതുകൂടാതെ, മരുന്നും രക്തവും കുത്തിവെക്കാൻ ഉപയോഗിക്കുന്ന സിറിഞ്ച് ഒന്നിലേറെ തവണ ഉപയോഗിക്കുന്നതുവഴിയും രോഗം പടരും. രോഗബാധയുള്ള സ്‌ത്രീ പ്രസവിക്കുന്ന കുഞ്ഞിലേക്കും രോഗം വ്യാപിക്കും. ഗർഭകാലത്തോ, ജനിക്കുമ്പോഴോ മുലയൂട്ടുമ്പോഴോ ആയിരിക്കും അമ്മയിലെ രോഗാണു കുഞ്ഞിന്റെ ശരീരത്തിലേക്ക് വ്യാപിക്കുന്നത്.

അമ്മയിൽനിന്ന് കുഞ്ഞിലേക്ക് രോഗം പടരുന്നത് 25 ശതമാനവും പ്രസവസമയത്ത് ഗ‍ർഭാശയത്തിലൂടെയായിരിക്കും. മുലയൂട്ടുമ്പോഴും രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഫലപ്രദമായ ചികിൽസ തേടുന്ന സ്‌ത്രീകളിൽനിന്ന് കുഞ്ഞിലേക്ക് രോഗം പടരാനുള്ള സാധ്യത രണ്ട് ശതമാനം കുറയും. പുകവലി, വിറ്റാമിൻ എയുടെ കുറവ് പോഷകക്കുറവ്, എന്നീ പ്രശ്‌നങ്ങളുണ്ടെങ്കിൽ രോഗം വളരെ വേഗം പടരും.

രക്തദാനം, അവയവദാനം എന്നിവയിലൂടെയും രോഗം പടരാം. രക്തം ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് മാറ്റുന്ന മെഡിക്കൽ ഉപകരണങ്ങൾ വഴിയും രോഗം പടരാനുള്ള സാധ്യത കൂടുതലാണ്.

സ്‌പ‍ർശനത്തിലൂടെയും ഹസ്തദാനത്തിലൂടെയോ ആലിംഗനത്തിലൂടെയോ രോഗം പകരില്ല. ഉമിനീര്, വിയർപ്പ്, കണ്ണുനീര് എന്നിവയിലൂടെയും രോഗം പകരില്ല.

എച്ച്ഐവി അണുബാധയുടെ ഏറ്റവും ഗുരുതരമായ അവസ്ഥയാണ് എയ്ഡ്സ്. ഒരാളുടെ ശരീരത്തിൽ എച്ച്ഐവി വൈറസിന്റെ സാന്നിദ്ധ്യം കണ്ടുതുടങ്ങുമ്പോൾ തന്നെ എയ്ഡ്സ് എന്ന രോഗം തുടങ്ങിയതായി കണക്കാക്കും. ശരീരത്തിലെ സിഡി-4 അഥവാ ടി-സെല്ലുകളെ ആക്രമിച്ചുകൊണ്ടാണ് പ്രതിരോധസംവിധാനത്തെ എച്ച്ഐവി വൈറസുകൾ ദുർബലപ്പെടുത്തുന്നത്.

പുതിയ ചികിൽസകൾ എയ്ഡ്സ് രോഗികളുടെ ആയുർദൈർഘ്യം വ‍ർദ്ധിപ്പിച്ചിട്ടുണ്ട്. 1996ന് മുമ്പ് വരെ 20 വയസുള്ള ഒരാൾക്ക് എയ്ഡ്സ് പിടിപെട്ടാൽ 39 വയസ് വരെ മാത്രമെ പരമാവധി ജീവിച്ചിരിക്കുകയുള്ളു. എന്നാൽ 2011 ആയപ്പോൾ 20 വയസിൽ എയ്ഡ്സ് പിടിപെടുന്ന ഒരാളുടെ ആയുർദൈർഘ്യം 70 വയസ് വരെയായി ഉയർന്നിട്ടുണ്ട്.

click me!