കുട്ടികളിലെ അലർജി; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചിലതുണ്ട്

By Web TeamFirst Published Jan 21, 2019, 8:04 PM IST
Highlights

കുട്ടികളില്‍ ഏറെപ്പേരിലും പൊതുവേ കണ്ടുവരുന്നത് പൊടി കൊണ്ടുള്ള അലര്‍ജിയാണ്. മണ്ണിലും പൊടി നിറഞ്ഞ സാഹചര്യങ്ങളിലും കളിക്കുന്ന കുട്ടികള്‍ പലപ്പോഴും ഇതേക്കുറിച്ച് ചിന്തിക്കാറില്ല. എന്നാല്‍ മാതാപിതാക്കള്‍ അലര്‍ജിയുള്ള കുട്ടികളെ കഴിവതും പൊടിയടിക്കുന്ന സാഹചര്യങ്ങളുമായി ഇടപഴകാന്‍ അനുവദിക്കരുത്.

കുട്ടികളിലെ അലര്‍ജി നിസാരമായി കാണേണ്ട ഒന്നല്ല. മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള അലര്‍ജി ഉണ്ടെങ്കില്‍ കുട്ടികള്‍ക്കും അലര്‍ജി വരാനുള്ള സാധ്യതകളുണ്ട്. കളിച്ചു നടക്കേണ്ട പ്രായത്തിലുള്ള അലര്‍ജി കുഞ്ഞുങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഭക്ഷണത്തിലൂടെയും, അന്തരീക്ഷത്തില്‍ നിന്നുമെല്ലാം കുട്ടികള്‍ക്ക് അലര്‍ജിയുണ്ടാവാറുണ്ട്. പശുവിന്‍ പാല്‍, മുട്ട, ഗോതമ്പ്, പയര്‍ തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളോടുളള അലര്‍ജി കുട്ടികളില്‍ കൂടുതലായി കണ്ടുവരാറുണ്ട്. ശരീരം ചൊറിഞ്ഞു തടിക്കുക, ചര്‍ദ്ദി, വയറു വേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

കുട്ടികളില്‍ ഏറെപ്പേരിലും പൊതുവേ കണ്ടുവരുന്നത് പൊടി കൊണ്ടുള്ള അലര്‍ജിയാണ്. മണ്ണിലും പൊടി നിറഞ്ഞ സാഹചര്യങ്ങളിലും കളിക്കുന്ന കുട്ടികള്‍ പലപ്പോഴും ഇതേക്കുറിച്ച് ചിന്തിക്കാറില്ല. എന്നാല്‍ മാതാപിതാക്കള്‍ അലര്‍ജിയുള്ള കുട്ടികളെ കഴിവതും പൊടിയടിക്കുന്ന സാഹചര്യങ്ങളുമായി ഇടപഴകാന്‍ അനുവദിക്കരുത്. അതേസമയം വീടും കുട്ടിയുടെ പഠനമുറിയും പൊടിയില്ലാതെ സൂക്ഷിക്കുകയും വേണം. കുട്ടിയുടെ ബെഡ്, തലയണ എന്നിവയ്ക്ക് പൊടി കടക്കാത്ത വിധത്തിലുള്ള കവറുകള്‍ ഇടാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ കവറുകള്‍ രണ്ടാഴ്ചയിലൊന്നെങ്കിലും കഴുകി വൃത്തിയാക്കണം. 

രണ്ടാഴ്ചയില്‍ ഒരു തവണ വീതം കുട്ടിയുടെ പുതപ്പ്, ബെഡ്ഷീറ്റ് എന്നിവ ചൂടുവെള്ളത്തില്‍ അലക്കുക. ഭിത്തിയില്‍ കലണ്ടര്‍, പെയ്ന്റിങ്ങുകള്‍ എന്നിവ തൂക്കിയിടുന്നത് ഒഴിവാക്കുക. വസ്ത്രങ്ങള്‍ അഴയില്‍ തൂക്കിയിടരുത്. അവ മടക്കി അലമാരയില്‍ തന്നെ വയ്ക്കുക. മുഷിഞ്ഞ തുണികളും മടക്കിത്തന്നെ വയ്ക്കണം. പഠനമുറിയില്‍ അത്യാവശ്യത്തിനുള്ള പുസ്തകങ്ങളും ബുക്കുകളും മാത്രം സൂക്ഷിക്കുക. അലര്‍ജി പ്രശ്‌നമുള്ള കുട്ടികളുണ്ടെങ്കില്‍ മുറിയില്‍ കാര്‍പറ്റ് ഒഴിവാക്കണം. 

മുതിര്‍ന്നവരേക്കാള്‍ കൂടുതലായി വളര്‍ത്തുമൃഗങ്ങള്‍ മൂലം അലര്‍ജിയുണ്ടാകുന്നത് കുട്ടികളിലാണ്. കുട്ടികള്‍ ഇവയെ ധാരാളം സമയം ഓമനിക്കുകയും അടുത്തിടപഴകുകയും ചെയ്യുന്നത് അലര്‍ജിയെ ക്ഷണിച്ചു വരുത്തുന്നു. പശുക്കള്‍, എരുമ എന്നീ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ അവയും അലര്‍ജിക്കു കാരണമാകാം. തുമ്മല്‍, ശരീരമാകെ ചൊറിഞ്ഞുപൊന്തല്‍, ശരീരമാകെ ചുവന്നു തടിക്കല്‍ എന്നിവയാണ് പെറ്റ് അലര്‍ജിയുടെ പൊതുവായ ലക്ഷണങ്ങള്‍. ഇവ ആസ്ത്മയായി മാറാം. ഇതോടൊപ്പം ജലദോഷം, കഫക്കെട്ട്, ശ്വാസംമുട്ടല്‍ എന്നിവയും വരാവുന്നതാണ്. 
 

click me!