നിങ്ങള്‍ ഏതുവശം ചരിഞ്ഞാണ് ഉറങ്ങാറ്?

By Web TeamFirst Published Jan 22, 2019, 10:33 PM IST
Highlights

ഉറക്കം സ്വസ്ഥവും സുഖകരവും ആയെങ്കില്‍ മാത്രമേ മറ്റുള്ള സമയങ്ങളില്‍ ഉണര്‍വോടെ കാര്യങ്ങള്‍ ചെയ്യാനാകൂ. അപ്പോള്‍ ഉറക്കം മനോഹരമാക്കാനും ചില കാര്യങ്ങള്‍ അറിയണമെന്ന് ചുരുക്കം

ദിവസത്തിലെ മറ്റേത് പ്രവൃത്തിയെക്കാള്‍ പ്രധാനമാണ് ഉറക്കം. ആരോഗ്യത്തിന്റെ അടിസ്ഥാനം തന്നെ ഉറക്കമാണെന്ന് പറയാം. ഉറക്കം സ്വസ്ഥവും സുഖകരവും ആയെങ്കില്‍ മാത്രമേ മറ്റുള്ള സമയങ്ങളില്‍ ഉണര്‍വോടെ കാര്യങ്ങള്‍ ചെയ്യാനാകൂ. അപ്പോള്‍ ഉറക്കം മനോഹരമാക്കാനും ചില കാര്യങ്ങള്‍ അറിയണമെന്ന് ചുരുക്കം. 

ഏതുവശം ചരിഞ്ഞാണ് നമ്മള്‍ ഉറങ്ങുന്നത് എന്ന കാര്യം വളരെ പ്രധാനമാണ്. ആയുര്‍വേദ വിധിപ്രകാരം ഇടതുവശം ചരിഞ്ഞാണത്രേ ഉറങ്ങേണ്ടത്. ഇതിന് വ്യക്തമായ കാരണങ്ങളും ആയുര്‍വേദാചാര്യര്‍ പറയുന്നുണ്ട്. ഈ കാരണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. 

ഒന്ന്...

ഹൃദയത്തിന് സ്വസ്ഥമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് നമ്മള്‍ ഇടതുവശം ചരിഞ്ഞ് കിടക്കുമ്പോഴാണെന്നാണ് ആയുര്‍വേദ വിധികള്‍ പറയുന്നത്. ഉറക്കത്തിലാകുമ്പോള്‍ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ച് നമ്മള്‍ അറിയുന്നില്ല. അതിനാല്‍ തന്നെ അവയവങ്ങള്‍ നേരാംവണ്ണം പ്രവര്‍ത്തിക്കാതെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതും നമ്മള്‍ അറിയുന്നില്ല.

രണ്ട്...

ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ ഇടതുവശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലതെന്നും ആയുര്‍വേദ വിധികള്‍ പറയുന്നു. ഇങ്ങനെ കിടക്കുമ്പോള്‍ ദഹനത്തിന് ശേഷം അവശേഷിക്കുന്ന ഭക്ഷണം ചെറുകുടലില്‍ നിന്ന് വന്‍ കുടലിലേക്ക് എളുപ്പത്തില്‍ നീങ്ങുന്നു. ഇത് രാവിലെ പ്രാഥമികകൃത്യം സുഖകരമാക്കാനും സഹായിക്കുന്നു.

മൂന്ന്...

ഗര്‍ഭിണികളും പരമാവധി ഇടതുവശം ചരിഞ്ഞ് കിടന്നുറങ്ങണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഗര്‍ഭാവസ്ഥയിലിരിക്കുന്ന കുഞ്ഞിലേക്ക് നേരാംവണ്ണം രക്തയോട്ടം നടക്കാനും ആവശ്യമായ പോഷകങ്ങളെത്താനും ഇത് സഹായിക്കുന്നു. മാത്രമല്ല ഗര്‍ഭിണിക്ക് നടുഭാഗത്ത് അനുഭവപ്പെടുന്ന ഭാരം കുറഞ്ഞുതോന്നാനും ഇത് സഹായകമാണ്. 

നാല്...

കൂര്‍ക്കംവലി കുറയ്ക്കണമെന്നുള്ളവര്‍ക്കും ഇടതുവശം ചരിഞ്ഞുകിടന്ന് പരീക്ഷിക്കാവുന്നതാണ്. ഇങ്ങനെ കിടക്കുമ്പോള്‍ നാക്കും തൊണ്ടയും ഒരു 'ന്യൂട്രല്‍' അവസ്ഥയില്‍ കിടക്കുന്നു. ഇത് ശ്വാസോച്ഛാസം സുഗമമാക്കാന്‍ സഹായിക്കുന്നു. 

അഞ്ച്...

ശരീരത്തിലെ രക്തയോട്ടം വൃത്തിയായി നടക്കാനും ഇടതുവശം ചരിഞ്ഞ് കിടന്നുറങ്ങുന്നത് സഹായിക്കുമത്രേ. സ്വാഭാവികമായും ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും നല്ലരീതിയില്‍ സ്വാധീനിക്കുന്നു.

click me!