
ഇന്ത്യൻ അടുക്കളയിൽ നിന്ന് ഒഴിച്ചുനിർത്താനാവാത്തവയാണ് സുഗന്ധ വ്യഞ്ജനങ്ങൾ. അത്തരത്തിൽ നമ്മുടെ കറി ഉൾപ്പെടെയുള്ള വിഭവങ്ങളിലെ പ്രധാന സുഗന്ധ വ്യഞ്ജനമാണ് കുരുമുളക്. മലയാളിക്ക് ഇത് കറുത്ത പൊന്ന് കൂടിയാണ്. രുചിയില്ലാത്ത പലവിഭവങ്ങൾക്കും ആസ്വാദ്യത നൽകാൻ കുരുമുളകിനാകുന്നു. ഭക്ഷണത്തെ രുചികരമാക്കുന്നതിനപ്പുറം ഗുണങ്ങൾ കുരുമുളകിനുണ്ട്.
ശരീര വണ്ണം കുറക്കുന്നതിനും പോഷണപ്രവർത്തനങ്ങളെ സഹായിക്കുന്നതും ഉൾപ്പെടെയുള്ള ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട്. വിറ്റാമിൻ എ, കെ, സി, കാൽസ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ് കുരുമുളക്. ആരോഗ്യകരമായ കൊഴുപ്പും ദഹനത്തിന് സഹായിക്കുന്ന ഫൈബറും ഇതിൽ അടങ്ങിയിരിക്കുന്നു. എരിവുള്ള ഭക്ഷണം ശരീരത്തിലെ പോഷണ പ്രവർത്തനത്തെ സഹായിക്കും.
കുരുമുളകിൽ അടങ്ങിയ പൈപ്പ്റൈൻ എന്ന ഘടകം ശരീരപോഷണത്തെ സഹായിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയുകയും ചെയ്യും.
അമിതവണ്ണം തടയുന്നതിനെതിരെ കുരുമുളകിട്ട ചായ ഫലപ്രദമാണ്. പോഷക ഗുണങ്ങളെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും ഇത് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും അണുബാധ തടയാൻ സഹായിക്കുകയും ചെയ്യും. ദഹനവ്യവസ്ഥയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനും കുരുമുളകിന് കഴിയുന്നു. ഭക്ഷണത്തിലെ പ്രോട്ടീനിനെ ദഹിപ്പിക്കാൻ ഇവ സഹായകമാണ്.
സഹനശക്തിയുണ്ടെങ്കിൽ കുരുമുളക് നേരിട്ട് കഴിക്കാം. ദിവസവും രാവിലെ 12 കുരുമുളക് മണികൾ വായിലിട്ട് ചവച്ചിറക്കുന്നത് പോഷണത്തിന് ഗുണകരമാണ്. ഇങ്ങനെ കഴിക്കാൻ കഴിയാത്തവർക്ക് കുരുമുളക് വെള്ളത്തിൽ കലർത്തി കഴിക്കാം. കുരുമുളകിട്ട ചായ അമിതഭാരം കുറക്കൽ വേഗത്തിലാക്കുന്നു. അര മുതൽ ഒരു ടീ സ്പൂൺ വരെ കുരുമുളക് ചായയിൽ ചേർക്കാം. ഇഞ്ചി, തുളസി, ഏലം എന്നീ സുഗന്ധവ്യഞ്ജനങ്ങളും ഇതെ രീതിയിൽ ചായയിൽ കലർത്തി കഴിക്കാം. ജ്യൂസിൽ കുരുമുളക് കലർത്തുന്നതും ഭാരക്കൂടുതൽ തടയാനുള്ള മാർഗമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam