
ശ്വാസകോശ ക്യാന്‍സര്‍ മറ്റേത് ക്യാന്‍സറുകളെക്കാളും അപകടകരമായ രീതിയില്‍ മരണസംഖ്യ വര്‍ധിപ്പിക്കുന്നുവെന്നാണ് അമേരിക്കയില്‍ നിന്ന് സമീപവര്‍ഷങ്ങളില്‍ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2015ല്‍ മാത്രം അമേരിക്കയില്‍ 1,57,000 പേര്‍ ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച് മരിച്ചതായാണ് കണക്ക്. സ്തനാര്‍ബുദത്തെയും ഗര്‍ഭാശയ ക്യാന്‍സറിനെയും പിന്നിലാക്കിക്കൊണ്ട് സ്ത്രീകളിലും ശ്വാസകോശ ക്യാന്‍സര്‍ തന്നെയാണ് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്തുകൊണ്ടാണ് ശ്വാസകോശ ക്യാന്‍സര്‍ പിടിപെടുന്നതെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ലെങ്കിലും പുകവലി ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നായി തന്നെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏതാണ്ട് 90 ശതമാനം ശ്വാസകോശ ക്യാന്‍സര്‍ കേസുകളും പുകവലിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണെന്നാണ് ആരോഗ്യരംഗത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിഷവാതകം ശ്വസിച്ചോ, വായു മലിനീകരണം മൂലമോ, അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണം കൊണ്ടോ ശ്വാസകോശ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കേവലം 10 ശതമാനം മാത്രമത്രേ.
ശ്വാസകോശ ക്യാന്‍സറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അപകടമെന്തെന്നാല്‍ ഇത് നേരത്തേ കണ്ടെത്തുന്നതില്‍ മിക്ക കേസുകളും പരാജയപ്പെടുന്നു എന്നതാണ്. കാര്യമായ ലക്ഷണങ്ങളൊന്നും പലപ്പോഴും ഇതില്‍ കാണിക്കുന്നില്ല. 25 ശതമാനം പേരിലും കാര്യമായ ലക്ഷണങ്ങളില്ലാതെയാണ് ശ്വാസകോശ ക്യാന്‍സര്‍ വരുന്നത്. സാധാരണഗതിയില്‍ കാണുന്ന ലക്ഷണങ്ങള്‍ പെട്ടെന്ന് മറ്റേതെങ്കിലും ആരോഗ്യപ്രശ്‌നമായി കണക്കാക്കാന്‍ സാധ്യതയുള്ളതുമാണ്.
പലപ്പോഴും ഏതെങ്കിലും അസുഖങ്ങളുടെ ഭാഗമായോ പെട്ടെന്നുള്ള പരിക്കിന്റെയോ ആഘാതങ്ങളുടെയോ ഭാഗമായോ എടുക്കുന്ന സ്‌കാനിലൂടെയാണ് ശ്വാസകോശ ക്യാന്‍സറിന്റെ ആദ്യ സൂചനകള്‍ കിട്ടുന്നത്. പുകവലി പതിവാക്കിയവര്‍, ആദ്യം ചെയ്യേണ്ടത് കൃത്യമായ ഇടവേളകളിലുള്ള മെഡിക്കല്‍ ചെക്കപ്പാണ്. ഇതിലൂടെ ശ്വാസകോശങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താവുന്നതാണ്. ഇതിന് പുറമെ കാണുന്ന ആരോഗ്യപ്രശ്‌നങ്ങളിലും എപ്പോഴും ഒരു ശ്രദ്ധ കരുതണം.
ശ്വാസകോശ ക്യാന്‍സറിന്റെ ചില ലക്ഷണങ്ങള്‍...
1. കടുത്ത ചുമ
2. ക്ഷീണം
3. ശരീരഭാരം കുറയുന്നത്
4. ശ്വാസതടസ്സം
5. കഫത്തില്‍ രക്തം കാണുന്നത്
6. നെഞ്ചുവേദന
അല്‍പം കൂടി വൈകിയ ഘട്ടങ്ങളിലാണെങ്കില്‍ മറ്റ് പല ലക്ഷണങ്ങള്‍ കൂടി കണ്ടേക്കാം. ഒട്ടും വിയര്‍ക്കാതിരിക്കുക. കഴുത്തിലെ ധമനികള്‍ വലുതായി കാണപ്പെടുക, മുഖം നീര് വന്ന് വീര്‍ക്കുക, കണ്ണിന്റെ കൃഷ്ണമണി തീരെ ഇടുങ്ങിപ്പോവുക- ഇവയെല്ലാമാണ് അത്തരത്തില്‍ കാണാന്‍ സാധ്യതയുള്ള മറ്റ് ലക്ഷണങ്ങള്‍. ആദ്യഘട്ടത്തില്‍ ശരീരത്തില്‍ പ്രകടമായ ലക്ഷണങ്ങള്‍ വച്ചും, തുടര്‍ന്ന് കഫം പരിശോധിച്ചോ സ്‌കാനിംഗിലൂടെയോ ആണ് സാധാരണഗതിയില്‍ ശ്വാസകോശ ക്യാന്‍സര്‍ കണ്ടെത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam