
നിത്യജീവിതത്തില്‍ നമ്മുടെ ശരീരത്തിലേക്ക് രോഗകാരികളായ അണുക്കള്‍ എത്താന്‍ പല വഴികള്‍ ഇങ്ങനെ തുറന്നുകിടക്കുകയാണ്. പ്രകടമായ വൃത്തിഹീനമായ അന്തരീക്ഷം തന്നെ ഇതിന് വേണമെന്ന് നിര്‍ബന്ധമില്ല. എത്ര വൃത്തിയോടെ ജീവിച്ചാലും ചില ശീലങ്ങള്‍ നമ്മളെ അപകടപ്പെടുത്തുക തന്നെ ചെയ്യും. അത്തരം ചില സാധ്യതകളെ കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്...
വീട്ടിലിരിക്കുമ്പോഴും ജോലിക്ക് പോകുമ്പോഴും പുറത്തുപോകുമ്പോഴും എന്തിന് അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ പോലും മൊബൈല്‍ ഫോണ്‍ മാറ്റിവച്ചുള്ള പരിപാടിക്ക് നമ്മളെ കിട്ടില്ല, അല്ലേ? ഇങ്ങനെ എല്ലായിടത്തും ഇഷ്ടാനുസരണം കൊണ്ടുവച്ച ഫോണ്‍ മണിക്കൂറില്‍ എത്ര തവണയാണ് നമ്മള്‍ മുഖത്ത് വയ്ക്കുകയും കയ്യിലെടുക്കുകയും ചെയ്യുന്നത്. ഇതിലൂടെ തന്നെ നമുക്ക് നല്ല രീതിയിലുള്ള അണുബാധയുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
മൊബൈല്‍ ഫോണ്‍ കഴിവതും അതിന്റെ കവറില്‍ നിന്ന് മാറ്റാതെ തന്നെ എല്ലായിടത്തും വയ്ക്കുകയും കഴിവതും ഹെഡ്‌സെറ്റ് ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏകമാര്‍ഗം. അതുപോലെ തന്നെ നമ്മുടെ ഫോണ്‍ പരമാവധി മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കാതിരിക്കുക. മറ്റുള്ളവരുടേത് നമുക്കും ഉപയോഗിക്കാതിരിക്കാം.
രണ്ട്...
പഴ്‌സുകളിലൂടെയും വാലറ്റുകളിലൂടെയുമാണ് അണുബാധ പടരാനുള്ള മറ്റൊരു സാധ്യത. കടകളിലോ ഹോട്ടലിലോ ആശുപത്രിയിലോ റെയില്‍വേ സ്റ്റേഷനിലോ ഒക്കെയാകട്ടെ കാശ് കൗണ്ടറുകളില്‍ പഴ്‌സ് എടുത്തുവയ്ക്കുന്നത് നമുക്ക് പതിവാണ്. എപ്പോഴും കൂടെക്കൊണ്ടുനടക്കുന്ന ഈ പഴ്‌സില്‍ നിന്ന് പിന്നീട് അണുബാധയുണ്ടായേക്കാം.
മൂന്ന്...
എടിഎം കൗണ്ടറുകളിലെ കീപാഡുകള്‍, ഓഫീസ് കീബോര്‍ഡുകള്‍- ഓഫീസ് ടിവിയിലെ റിമോട്ട് കണ്‍ട്രോള്‍ ഇവയെല്ലാം ഇതുപോലെ തന്നെ അണുക്കളെ പടര്‍ത്തുന്ന ഇടങ്ങളാണ്. ഒരുപാടുപേര്‍ ഒന്നിച്ച് ഉപയോഗിക്കുന്നതിനാലും, നഖങ്ങളും വിരലറ്റങ്ങളും പലതവണ പതിയാന്‍ സാധ്യതയുള്ളതുമായ ഇടങ്ങളായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
നാല്...
കോവണികളുടെ പിടി, എസ്‌കലേറ്ററിലെ പിടി- എന്നിവയിലൂടെയും നമ്മളിലേക്ക് അണുക്കള്‍ പടര്‍ന്നേക്കാം. പ്രത്യേകിച്ച് പൊതുസ്ഥലങ്ങളില്‍ ഉള്ളവ. ഇതും ഒരുപാട് പേര്‍ ഒന്നിച്ച് ഉപയോഗിക്കുന്നുവെന്നതാണ് കാരണമാകുന്നത്.
ഇത്തരത്തില്‍ നിത്യജീവിതത്തില്‍ അണുബാധയുണ്ടാകാന്‍ നൂറ് കാരണങ്ങള്‍ കാണും. പലതും നമുക്ക് ഒഴിവാക്കാന്‍ കഴിയാത്തതോ തിരിച്ചറിയാത്തതോ ഒക്കെയാകാം. പൊതുസ്ഥലങ്ങളില്‍ പോയിവന്നാല്‍ സോപ്പോ ഹാന്‍ഡ്‍വാഷോ ഉപയോഗിച്ച് കൈ നന്നായി കഴുകി വൃത്തിയാക്കുകയെന്നതാണ് ഇതിനെ പ്രതിരോധിക്കാന്‍ ചെയ്യാവുന്ന ഒരു മാര്‍ഗം. വ്യക്തിപരമായി ഉപയോഗിക്കുന്ന സാധനങ്ങള്‍ പരമാവധി വൃത്തിയായി തന്നെ സൂക്ഷിക്കുകയും വേണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam