
ഉടയാടകളുടെ പുതുഅഴകളവുകളിൽ പ്രേക്ഷക കണ്ണുകളെ കോർത്തെടുക്കാൻ കഴിവുള്ളവരാണ് പല ബോളിവുഡ് സുന്ദരിമാരും. ആ വർണവൈവിധ്യങ്ങൾ ബോളിവുഡിനും പുറത്തും പലപ്പോഴും ചർച്ചയും ശ്രദ്ധയുമാകാറുണ്ട്. നിറവൈവിധ്യങ്ങളുടെ താരക്കാഴ്ചയൊരുക്കുന്നതിൽ മുന്നിലാണ് സോനം കപൂറും കൃതി സനോനും. ഇവർ വസ്ത്രങ്ങളിൽ ഒരുക്കുന്ന രസക്കാഴ്ചകൾ ഏറെ നാൾ മനസിൽ തങ്ങിനിൽക്കുന്നവ കൂടിയാകാറുണ്ട്.
ചില വസ്ത്രവർണരാജികൾ അവരുടെ ഭാഹ്യരൂപത്തെയും ഭാവത്തെയും മാറ്റിമറിക്കാറുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് ഇരുവരും കഴിഞ്ഞ ആഴ്ച പ്രത്യക്ഷപ്പെട്ട വേദി ആരാധകർക്കും പ്രേക്ഷകർക്കും സമ്മാനിച്ചത്. എച്ച്.ടി മോസ്റ്റ് സ്റ്റൈലിഷ് അവാർഡ് ചടങ്ങിൽ ചുവന്നപരവതാനിയിൽ സൂര്യശോഭയോടെ എത്തിയാണ് ഇരുവരും ഇത്തവണ ഞെട്ടിച്ചത്.
മഞ്ഞയിൽ തിളങ്ങിയ ഇരുവരിൽ ആരായിരുന്നു മികച്ചതെന്ന് വിലയിരുത്തുന്നതിൽ പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയാണ് താരസുന്ദരിമാർ സദസിന്‍റെ അഴകായത്. കണ്ണെടുക്കാൻ കഴിയാത്ത വിധത്തിൽ ദീപ്തമായ ഹ്യൂൻ മി നീൽസൺ മഞ്ഞ ഉടയാടയിൽ ഫാഷൻ പണ്ഡിറ്റുകളുടെ ആദരവ് സോനം പിടിച്ചുപറ്റി. സാറ്റിൻ പട്ടിന്‍റെ തികവിൽ ഉരിഞ്ഞ കരയും പെരുപ്പിച്ച സിംഗിൾ ഷോൾഡറിലുമാണ് ഇൗ വസ്ത്രവൈവിധ്യം സോനത്തെ അതിസുന്ദരിയാക്കിയത്. പച്ച പാദരക്ഷയും തടിച്ച ബ്രേസ്ലെറ്റും ആ കാഴ്ചയുടെ വിസ്മയം വർധിപ്പിച്ചു. ലളിതമായ പിങ്ക് പോപ് കളർ ആണ് ചുണ്ടിൽ അണിഞ്ഞത്. യഥാർഥ സോനം സദസിൽ നിറയുകയായിരുന്നു.
താരതമ്യേന ബോളിവുഡിൽ പുതുമുഖമായ കൃതി സനോൻ പക്ഷേ ഫാഷൻ സ്പോട്ലൈറ്റിനു കീഴിൽ ആരാധകരെ നിരാശരാക്കാറില്ല. ഒരോ പ്രത്യക്ഷപ്പെടലിലും വേറിട്ട സ്റ്റൈൽ ആണ് കൃതിയെ പ്രേക്ഷകരുടെ ഇഷ്ടതോഴിയാക്കുന്നത്. മഞ്ഞയിൽ ഞൊറിയും നൂൽ തൊങ്ങലുകളും ആ ഗബ്രിയേല ഉടയാടയുടെ മാറ്റളവ് കൂട്ടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam