തൊണ്ട വേദനയും പഴുപ്പും; വീട്ടില്‍ ചെയ്യാവുന്ന അഞ്ച് ചികിത്സകള്‍...

Published : Oct 24, 2018, 05:52 PM IST
തൊണ്ട വേദനയും പഴുപ്പും; വീട്ടില്‍ ചെയ്യാവുന്ന അഞ്ച് ചികിത്സകള്‍...

Synopsis

വിവിധ തരം ചായകളും തൊണ്ടവേദനയ്ക്ക് ആക്കം നല്‍കും. ഇഞ്ചിച്ചായ, ഗ്രാമ്പൂ ചായ, ഗ്രീന്‍ ടീ എന്നിവയെല്ലാം ഇത്തരത്തില്‍ പരീക്ഷിക്കാവുന്നതാണ്

തൊണ്ടവേദനയും തൊണ്ടയിലെ പഴുപ്പുമെല്ലാം നമ്മള്‍ നിരന്തരം നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. ഇതിനായി ആശുപത്രിയില്‍ പോയി ഡോക്ടറെ കാണാനോ മരുന്ന് കഴിക്കാനോ ഒന്നും പലപ്പോഴും നമ്മള്‍ മെനക്കെടാറുമില്ല. അതേസമയം അസഹ്യമായ വേദനയും അസ്വസ്ഥതയും കൊണ്ട് നടക്കാനും കഴിയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ചികിത്സകളുണ്ട്. അവയേതെല്ലാമെന്ന് നോക്കാം...

ഒന്ന്...

തൊണ്ടവേദനയെന്ന് പറയുമ്പോഴേ, വീട്ടിലെ മുതിര്‍ന്നവര്‍ ഉപദേശിക്കുന്ന ഒരു മരുന്നാണ് ആദ്യമായി പറയാന്‍ പോകുന്നത്. ഉപ്പുവെള്ളം വായില്‍ കൊള്ളുക. സംഗതി പഴമക്കാരുടെ ഉപദേശമാണെന്ന് വച്ച് തള്ളിക്കളയരുത്. തൊണ്ടവേദനയും തൊണ്ടയിലെ പഴുപ്പുമെല്ലാം മാറാന്‍ വീട്ടില്‍ വച്ച് ചെയ്യാവുന്ന ഇത്ര ഫലപ്രദമായ മറ്റൊരു ചികിത്സയില്ല. 

ചൂടുവെള്ളത്തില്‍ വേണം ഉപ്പ് കലക്കി വായില്‍ കൊള്ളാന്‍. ചൂട് അപകടമല്ലാത്ത രീതിയില്‍ ക്രമീകരിച്ച ശേഷം ചെയ്താല്‍ മതി. തൊണ്ടയിലെ മുറിവുകള്‍ എളുപ്പം ഉണങ്ങാനും വേദന കുറയാനുമാണ് ഇത് സഹായിക്കുക. 

രണ്ട്...

മഞ്ഞള്‍ ആണ് ഇതിന് മറ്റൊരു പരിഹാരം. തൊണ്ടയിലെ മുറിവുകള്‍ക്കും അണുബാധയ്ക്കുമെല്ലാം നല്ലതാണ് മഞ്ഞള്‍. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ മഞ്ഞളും അര ടീസ്പൂണ്‍ ഉപ്പും ചേര്‍ക്കുക. ചൂട് ക്രമീകരിച്ച ശേഷം ഈ വെള്ളം അല്പനേരം വായില്‍ കൊള്ളുക. മഞ്ഞളും പാലും ചേര്‍ത്ത മിശ്രിതവും ഇതിന് ഉപയോഗിക്കാവുന്നതാണ്. 

മൂന്ന്...

തൊണ്ടയിലെ മുറിവ് വീണ്ടും ഇരുന്ന് പഴുക്കുന്നതിനാലാണ് അസഹ്യമായ വേദനയുണ്ടാകുന്നത്. മാത്രമല്ല മുറിവ് പഴുക്കുന്നതിന് അനുസരിച്ച് അസുഖം ദിവസങ്ങളോളം നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട്. മുറിവ് പഴുക്കാതിരിക്കാന്‍ പച്ച വെളുത്തുള്ളി കഴിച്ചാല്‍ മതിയാകും. വെളുത്തുള്ളിയില്‍ നിന്നുണ്ടാകുന്ന 'അലിസിന്‍' എന്ന പദാര്‍ത്ഥം ബാക്ടീരിയല്‍-ഫംഗല്‍-വൈറല്‍ ബാധകളെ ചെറുക്കുന്നു.

വെളുത്തുള്ളി ചെറുതായി ചതച്ചോ, അല്ലെങ്കില്‍ അങ്ങനെ തന്നെ വായിലിട്ട് ചവച്ചോ കഴിക്കാവുന്നതാണ്. വളരെ പതുക്കെ ചവച്ച്, നന്നായി വായ്ക്കകം മുഴുവനെത്തിച്ച ശേഷം മാത്രമേ വെളുത്തുള്ളി കഴിക്കാവൂ. ഇതിന്റെ കൂട്ടത്തില്‍ ഒരു ഗ്രാമ്പൂ കൂടി ചേര്‍ത്താലും നല്ലതാണ്. 

നാല്...

തൊണ്ടയില്‍ പഴുപ്പുണ്ടാക്കുന്ന ബാക്ടീരിയല്‍ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ തേന്‍ കഴിക്കുന്നതും ഉത്തമമാണ്. തേന്‍ തനിയെ കഴിച്ചാല്‍ പോര. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ അല്‍പം തേനും അല്‍പം നാരങ്ങാനീരും ചേര്‍ത്താണ് കഴിക്കേണ്ടത്. 

അഞ്ച്...

വിവിധ തരം ചായകളും തൊണ്ടവേദനയ്ക്ക് ആക്കം നല്‍കും. ഇഞ്ചിച്ചായ, ഗ്രാമ്പൂ ചായ, ഗ്രീന്‍ ടീ എന്നിവയെല്ലാം ഇത്തരത്തില്‍ പരീക്ഷിക്കാവുന്നതാണ്. ഇതിന് പുറമെ ചുക്ക് കാപ്പി, ചായയില്‍ തന്നെ തുളസിയില ചേര്‍ത്തത് എന്നിവയും തൊണ്ടയിലെ പഴുപ്പിനും അസ്വസ്ഥതയ്ക്കുമെല്ലാം ആശ്വാസം പകരും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!