
അലർജിയിൽ നിന്നും വ്യത്യസ്തമാണ് ഭക്ഷ്യവിഷബാധ. ബാക്ടീരിയകൾ, പാരസെെറ്റുകൾ, ഫാംഗസുകൾ, രാസവസ്തുക്കൾ, എന്നിവ ഭക്ഷണത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധയുണ്ടാകുന്നത്. സ്റ്റെഫെെലോകോക്കസ്, കാംപിലോബാക്ടർ, സാൽമൊണെല്ല, ഇ കോളി, ബോട്ടുലിസം ഉണ്ടാക്കുന്ന ക്ലോസ്ട്രിഡിയം, നോറോ വെെറസ് തുടങ്ങിയ അണുക്കളാണ് ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കുന്നതിൽ പ്രധാനപ്പെട്ടവ.
ആഴ്സ്നിക്ക്, കോപ്പർ സൾഫേറ്റ്, മെർക്കുറി, കാഡ്മിയം എന്നിവയാണ് ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന പ്രധാനപ്പെട്ട രാസവസ്തുക്കൾ. അലർജി പോലെ ഭക്ഷ്യവിഷബാധ ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കണമെന്നില്ല. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്യുന്നതും സൂക്ഷിക്കുന്നതും പഴകിയതും കേടായതുമായ ഭക്ഷണം കഴിക്കുന്നതുമൊക്കെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാണ്.
കടുത്ത വയറിളക്കം, വയറുവേദന,കടുത്ത ക്ഷീണം, പനി എന്നിവയാണ് പ്രധാനലക്ഷണങ്ങൾ.ചിലപ്പോൾ അപസ്മാരം ഉണ്ടാകാം. ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കൾ നിശ്ചിത സമയം കഴിഞ്ഞാണ് പ്രവർത്തിക്കാൻ തുടങ്ങുക. ഇൻക്യൂബേഷൻ പിരീഡ് എന്നാണ് ഈ സമയപരിധി അറിയപ്പെടുന്നത്. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കകം വിഷബാധയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങും.
ഭക്ഷ്യവിഷബാധ തടയാൻ....
1. സോപ്പ് ഉപയോഗിച്ച് കെെകൾ വൃത്തിയായി കഴുകുക.
2. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കരുത്.
3. പച്ചക്കറികൾ, മാംസവും പകുതി വേവിച്ച് കഴിക്കരുത്.
4. ഫ്രിഡ്ജില്‍ വച്ച ആഹാരം നന്നായി ചൂടാക്കിയ ശേഷം മാത്രം കഴിക്കുക.
5. ബർഗറും സാൻഡ്‌വിച്ചുമൊക്കെ കഴിക്കുമ്പോൾ കൂടുതല്‍ ശ്രദ്ധവേണം, കാരണം നുറുക്കിയ മാംസമാണ് അണുബാധ ഉണ്ടാവാന്‍ എളുപ്പമെന്നത് തന്നെ. മാംസത്തിന്റെ പുറത്ത് കാണപ്പെടുന്ന ബാക്ടീരിയകൾ എല്ലായിടത്തും എത്തും. അതുകൊണ്ട് പഴക്കമില്ലാത്ത ബർഗറും സാൻവിച്ചും കഴിക്കാൻ ശ്രദ്ധിക്കുക.
6. പഴങ്ങളും പച്ചക്കറികളും എത്ര തവണ കഴുകുന്നോ അത്രയും നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇലവർഗങ്ങളും മറ്റും നേരിയ ഉപ്പുജലത്തിൽ നല്ലപോലെ കഴുകിയെടുക്കുക.
7. ചോറ് ഫ്രിഡ്ജിൽ വച്ചശേഷം ചൂടാക്കി ഉപയോഗിക്കാറുണ്ടോ. എന്നാൽ ഇത്തരത്തിൽ ഉപയോഗിക്കുകയാണെങ്കിൽ നല്ലപോലെ തിളപ്പിക്കുക. മത്സ്യ-മാംസ വിഭവങ്ങള്‍ ഉണ്ടാക്കുമ്പോഴും നന്നായി വെന്തിട്ടുണ്ടോയെന്ന് പരിശോധിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam