പ്രമേഹരോ​ഗികൾ ഈ ഭക്ഷണങ്ങൾ ഒഴിവാക്കരുത്

By Web TeamFirst Published Dec 19, 2018, 2:21 PM IST
Highlights

പ്രമേഹ​രോ​ഗികൾ ദിവസവും പാവയ്ക്ക കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് പാവയ്ക്ക. പാവയ്ക്ക പാൻക്രിയാസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നു.
 

പ്രമേഹരോ​ഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. പോഷക​ഗുണമുള്ള ഭക്ഷണമാണ് പ്രമേഹരോ​​ഗികൾ കഴിക്കേണ്ടത്. പച്ചക്കറികൾ, പഴവർ​ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ബീൻസ്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് ബീൻസ്. പ്രോട്ടീൻ, വിറ്റാമിൻ, അയൺ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പാകം ചെയ്ത ഒരു കപ്പ് ബീൻസിൻ 13 ​ഗ്രാം ഫെെബറാണ് അടങ്ങിയിട്ടുള്ളത്. ദിവസവും ഒരു കപ്പ് ബീൻസ് കഴിക്കുന്നത് എച്ച്ബിഎവൺസി ലെവൽ നിയന്ത്രിക്കാൻ സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ അകറ്റി എച്ച്ഡിഎൽ കൊളസ്ട്രോൾ നിലനിർത്താൻ ബീൻസ് കഴിക്കുന്നത് ​ഗുണം ചെയ്യും. 

ആൽമണ്ട്...

ഏറ്റവും പോഷകസമൃദ്ധമായ ഒന്നാണ് ആൽമണ്ട്. ആൽമണ്ടിൽ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വളരെ നല്ലതാണ് ആൽമണ്ട്. 

പാലക്ക് ചീര...

പോഷകസമ്പന്നമായ ഇലക്കറിയാണ് പാലക്ക്. ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ഏറ്റവും നല്ല ഭക്ഷണമാണ് പാലക്ക് ചീര .പ്രമേഹരോഗം കൊണ്ട് ശരീരത്തിന് സംഭവിച്ചേക്കാവുന്ന സങ്കീർണതകളെ പാലക്ക് തടയും. ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്‌തസമ്മർദ്ദത്തെയും കുറയ്ക്കും. ഹൃദയത്തിന്റെ സംരക്ഷണത്തിനും പാലക്ക് സ്‌ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്‌ ഉത്തമമാണ്‌. ഉയർന്ന തോതിൽ നാരുകൾ അടങ്ങിയ ഇലക്കറിയാണ്‌ പാലക്ക്‌. വൈറ്റമിൻ എ, വൈറ്റമിൻ കെ, വൈറ്റമിൻ ബി, മഗ്നീഷ്യം, കോപ്പർ, സിങ്ക്‌, ഫോസ്‌ഫറസ്‌, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ്‌ പാലക്ക്‌.

ബ്ലൂബെറി...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വളരെ നല്ലതാണ് ബ്ലൂബെറി. ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും ഒാർമശക്തി വർധിക്കാനും ബ്ലൂബെറി സഹായിക്കുന്നു. ബ്ലൂബെറി ജ്യൂസ് കുടിക്കുന്നത് പ്രായമായവരിൽ ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് മുൻപ് നടത്തിയ മിക്ക പഠനങ്ങളിലും പറയുന്നു. 

മഞ്ഞൾ പൊടി...

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മഞ്ഞൾപൊടി. പ്രമേഹരോ​ഗികൾ ദിവസവും ഒരു നുള്ള് മഞ്ഞൾ പൊടി വെറുവയറ്റിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറെ നല്ലതാണ്. ടെെപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ മഞ്ഞൾ സഹായിക്കും. മഞ്ഞളിൽ ധാരാളം പോളിഫിനോകളുകള്‍ അടങ്ങിയിട്ടുണ്ട്. പോളിഫിനോകളുകള്‍ ശരീരത്തില്‍ നിന്നും ദോഷകരമായ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കും. 

പാവയ്ക്ക...

പ്രമേഹ​രോ​ഗികൾ ദിവസവും പാവയ്ക്ക കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് പാവയ്ക്ക. പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാൻ കഴിവുണ്ടെന്ന് തന്നെയാണ് മിക്ക പഠനങ്ങളും തെളിയിച്ചിരിക്കുന്നത്. പാവയ്ക്ക പാൻക്രിയാസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നു. അന്നജത്തിന്റെ ആഗിരണം കൂട്ടുന്ന ചില എൻസൈമുകളെ നിയന്ത്രിക്കാനും പാവയ്ക്കയ്ക്ക് സാധിക്കും.

കോവയ്ക്ക...

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാൻ കോവയ്ക്കയ്ക്ക് സാധിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.  ഇന്റർനാഷണൽ ഡയബറ്റീസ് ജേണലിൽ പ്രസ‍ിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.  നാരുകൾ ധാരാളമടങ്ങിയിരിക്കുന്നതും ഗ്ലൈസീമിക്ക് ഇൻഡക്സ് വളരെ കുറവാണെന്നുള്ളതിനാലുമാണ് കോവയ്ക്ക പ്രമേഹരോഗികൾക്ക് വളരെ നല്ലതെന്ന് പറയുന്നത്. 

ഉലുവ....

ഉലുവ പ്രമേഹനിയന്ത്രണത്തിന് ഉത്തമമാണെന്ന് മിക്ക പഠനങ്ങളിലും പറയുന്നു. ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഉലുവയിലടങ്ങിയിരിക്കുന്ന ആൽക്കലോയിഡ് ട്രൈനല്ലീൻ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉലുവ മുളപ്പിച്ച് ഉപയോഗിക്കുന്നതും പൊടിച്ച് ഉപയോഗിക്കുന്നതും നല്ലതാണ്. ഉലുവ തിളപ്പിച്ച വെള്ളം മാത്രം കുട‍ിച്ചാൽ ഉലുവയുടെ മുഴുവൻ ഗുണവും ലഭിക്കുകയില്ലെന്നും പഠനങ്ങൾ പറയുന്നു. 
 

click me!