
പങ്കാളിയുമൊത്തുള്ള ജീവിതത്തില്‍ ഏറ്റവും സുപ്രധാനമാണ് ശരീരം പങ്കിടുകയെന്നത്. ഇതിന് ശരീരവും മനസും എപ്പോഴും ആരോഗ്യത്തോടും ചുറുചുറുക്കോടും ഇരിക്കേണ്ടത് അത്യാവശ്യമാണ്. മദ്ധ്യവയസ് കടന്നവര്‍ക്കും പ്രായമായവര്‍ക്കും മാത്രമല്ല ചെറുപ്പക്കാര്‍ക്കും ഈ ആരോഗ്യകരമായ അവസ്ഥ ലൈംഗികജീവിതത്തിന് അത്യാവശ്യം തന്നെയാണ്.
പുതിയകാലത്തെ ജീവിതരീതികള്‍ പലപ്പോഴും വലിയ തോതില്‍ സമ്മര്‍ദ്ദങ്ങള്‍ നല്‍കുകയും അതുവഴി മനസിനെയും ശരീരത്തെയുമെല്ലാം തകര്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളില്‍ അല്‍പം കൂടി ശ്രദ്ധ ചെലുത്തുന്നത് ഈ പ്രശ്‌നത്തെ ഒരു പരിധി വരെ തടയും. ഇത്തരത്തില്‍ ലൈംഗികജീവിതത്തെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന നാല് ഭക്ഷണ പദാര്‍ത്ഥങ്ങളേതെല്ലാമാണെന്ന് ഒന്ന് നോക്കാം...
ഒന്ന്...
തേന്‍ ആണ് ഈ പട്ടികയില്‍ ഒന്നാമതായി പറയാനുള്ളത്. ശരീരത്തിന് നീണ്ട നേരത്തേക്ക് ഊര്‍ജ്ജം പകരാന്‍ തേനിന് സാധിക്കും. ഇത് പങ്കാളിയുമൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ പര്യാപ്തരാക്കും. കിടപ്പറയിലേക്ക് പോകും മുമ്പ് ഇളം ചൂടുവെള്ളത്തില്‍ അല്‍പം തേന്‍ കലര്‍ത്തി കഴിച്ചാല്‍ മതി.
രണ്ട്...
ചോക്ലേറ്റുകളാണ് ലൈംഗിക ജീവിതത്തെ പരിപോഷിപ്പിക്കുന്ന മറ്റൊരു ഭക്ഷണം. ഒരു വ്യക്തിയുടെ നൈമിഷികമായ മാനസികാവസ്ഥ അല്ലെങ്കില്‍ 'മൂഡ്' എന്ന് പറയുന്നതിനെ വളരെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന ഭക്ഷണമാണ് ചേക്ലേറ്റുകള്‍. ഇതിലടങ്ങിയിരിക്കുന്ന 'ട്രിപ്‌റ്റോഫാന്‍' എന്ന പദാര്‍ത്ഥം പെട്ടെന്ന് ഉത്സാഹഭരിതരാകാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റുകളാണ് അല്‍പം കൂടി മെച്ചപ്പെട്ടത്. ഇത് നല്ലരീതിയില്‍ രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
മൂന്ന്...
ഇഞ്ചിയും ലൈംഗികജീവിതത്തെ സ്വാധീനിക്കുന്ന ഒന്നാണെന്ന് പറയാം. കാരണം ഇഞ്ചി ശരീരത്തിലെ രക്തയോട്ടത്തെ സുഗമമാക്കാന്‍ സഹായിക്കുന്നുണ്ട്. രക്തയോട്ടം സുഗമമാകുന്നതോടെ ശരീരം കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെയും പ്രസരിപ്പോടെയും ഇരിക്കുന്നു.
നാല്...
വെളുത്തുള്ളിയും ഒരു പരിധി വരെ ലൈംഗികജീവിതത്തെ സ്വാധീനിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തെ എപ്പോഴും സുരക്ഷിതമായി കാത്തുസൂക്ഷിക്കുകയും ലൈംഗിക താല്‍പര്യത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, സോഡ, കോള, പ്രോസസ്ഡ് ഷുഗര്‍ എന്നിവയെല്ലാം ലൈംഗികതയെ അടിച്ചമര്‍ത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഭക്ഷണമാണ്. അതിനാല്‍ തന്നെ ഇവയെല്ലാം പരമാവധി ഒഴിവാക്കാം. പഴങ്ങളും, ധാരാളം പച്ചക്കറിയും ധാന്യങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇത് ലൈംഗികതയെ ഉണര്‍ത്താനും ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും ഒരുപോലെ സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam