നട്ടെല്ലിന്റെ ഡിസ്‌കിന് പ്രശ്‌നമുണ്ടോ? ശ്രദ്ധിക്കാം ഈ നാല് കാര്യങ്ങള്‍

By Web TeamFirst Published Sep 19, 2018, 7:56 PM IST
Highlights

ഓഫീസ് ജോലിയോ, വീട്ടുജോലിയോ, കുഞ്ഞുങ്ങളെ നോക്കുന്നതോ- അങ്ങനെ എന്തുമാകട്ടെ, അല്‍പനേരം അതില്‍ നിന്നെല്ലാം മാറി കൃത്യമായി വിശ്രമിക്കാന്‍ സമയം കണ്ടെത്തണം. വെറുതെ വിശ്രമിച്ചാല്‍ പോര, കിടക്കാനും ചാരിയിരിക്കാനുമെല്ലാം കൃത്യമായ രീതികളുണ്ട്

ഡിസ്‌ക് പ്രശ്‌നം നേരിടുന്നവര്‍ പല രീതിയിലാണ് വേദനയുള്‍പ്പെടെയുള്ള ഇതിന്റെ പരിണിതഫലങ്ങള്‍ നേരിടുന്നത്. ജോലിയോ ജീവിതശൈലിയോ കുടുംബസാഹചര്യമോ ഒക്കെ ഇതില്‍ ഘടകമാകാം. ചിലര്‍ക്ക് ഇടയ്ക്കുള്ള ചെറിയ വേദന മാത്രമാണ് ഉള്ളതെങ്കില്‍ മറ്റുചിലര്‍ക്ക് അസഹനീയമായ വേദനയും ചലനത്തിനുള്ള വിഷമതകളുമെല്ലാം നേരിട്ടേക്കാം. 

പ്രായം, അമിതവണ്ണം- എന്നിവയാണ് പൊതുവേ ഡിസ്‌ക് പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറ്. ശരീരം ഒട്ടും ഇളകാത്ത രീതിയില്‍ ഉദാസീനമായ ജീവിതം നയിക്കുന്നവരിലും ഡിസ്‌ക് പ്രശ്‌നം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ ഭാരമുള്ള എന്തെങ്കിലും പെട്ടെന്ന് പൊക്കുകയോ, എടുത്തുനീക്കുകയോ ഒക്കെ ചെയ്യുന്നതും ഡിസ്‌ക് തെറ്റാനിടയാക്കും. 

എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഡിസ്‌ക് പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാം. അവ ഏതെല്ലാമെന്ന് നോക്കാം. 

1. വ്യായാമം

ഡിസ്‌ക് പ്രശ്‌നമുള്ളവര്‍ക്ക് യഥാര്‍ത്ഥത്തില്‍ വ്യായാമം വളരെ നിര്‍ബന്ധമാണ്. കൃത്യമായ ഒരു ചക്രം ശരീരത്തിന് പാലിക്കാന്‍ കഴിഞ്ഞാല്‍ ഒരുപാട് വിഷമതകള്‍ പരിഹരിക്കാനാകും. എന്നാല്‍ ഡോക്ടറെ കണ്ട് നിര്‍ദേശം വാങ്ങിയ ശേഷമോ, ഡോക്ടറോട് സംസാരിച്ച ശേഷമോ മാത്രമാകണം ഇത് ചെയ്യേണ്ടത്. നടത്തം, നീന്തല്‍, യോഗ- ഒക്കെയാണ് പ്രധാനമായും ചെയ്യാവുന്നവ. മസിലുകളെയും എല്ലുകളെയും ശക്തിപ്പെടുത്തലായിരിക്കണം പ്രധാന ലക്ഷ്യം. ഇതിലൂടെ ഡിസ്‌ക് പ്രശ്‌നങ്ങളെ നേരിടാനാകും. 

2. ആരോഗ്യകരമായ ഡയറ്റ്

നട്ടെല്ലും ഭക്ഷണവും തമ്മില്‍ എന്ത് ബന്ധമെന്നാണോ ചിന്തിക്കുന്നത്? എന്നാല്‍ ബന്ധമുണ്ട്. ഡിസ്‌കിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നവരും ഭക്ഷണ കാര്യങ്ങള്‍ നിര്‍ബന്ധമായി ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതല്‍ ഇലക്കറികള്‍, മുട്ട, മീന്‍, നട്‌സ്, ധാന്യങ്ങള്‍- എന്നിവയെല്ലാം ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. എല്ലിനെ ബലപ്പെടുത്താനാണ് ഡയറ്റ് കരുതാന്‍ നിര്‍ദേശിക്കുന്നത്. 

3. വിശ്രമം

ഓഫീസ് ജോലിയോ, വീട്ടുജോലിയോ, കുഞ്ഞുങ്ങളെ നോക്കുന്നതോ- അങ്ങനെ എന്തുമാകട്ടെ, അല്‍പനേരം അതില്‍ നിന്നെല്ലാം മാറി കൃത്യമായി വിശ്രമിക്കാന്‍ സമയം കണ്ടെത്തണം. വെറുതെ വിശ്രമിച്ചാല്‍ പോര, കിടക്കാനും ചാരിയിരിക്കാനുമെല്ലാം കൃത്യമായ രീതികളുണ്ട്. ഡിസ്‌ക് പ്രശ്‌നമുള്ളവര്‍ അക്കാര്യം ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കിയ ശേഷം, കൃത്യമായി ചെയ്ത് ശീലിക്കുക തന്നെ വേണം. 

4. ഐസ് തെറാപ്പിയും വാട്ടര്‍ തെറാപ്പിയും

ഹോട്ട്-കോള്‍ഡ് വാട്ടര്‍ ബാഗുകള്‍ ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്. ഇവ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. ചൂട് വയ്ക്കുമ്പോള്‍ മസിലുകള്‍ അയയുകയാണ് ചെയ്യുന്നതെങ്കില്‍ തണുപ്പിക്കുമ്പോള്‍ വേദനയ്ക്കും വീക്കത്തിനും ആക്കമുണ്ടാകുന്നു. എന്നാല്‍ രണ്ടും ഒരുമിച്ച് ചെയ്യുകയോ, അടുപ്പിച്ച് ചെയ്യുകയോ അരുത്.

click me!