മുഖം തിളങ്ങാൻ ​​ഗ്ലിസറിൻ; ഉപയോ​ഗിക്കേണ്ട വിധം

By Web TeamFirst Published Jan 7, 2019, 2:39 PM IST
Highlights

മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് ഗ്ലിസറിന്‍. മുഖക്കുരു, വരണ്ട ചർമ്മം, കണ്ണിന് ചുറ്റുമുള്ള പാട് എന്നിവ അകറ്റാൻ ‌സഹായിക്കുന്നു. മുഖത്തിന് ആവശ്യമായ ജലാംശവും ഗ്ലിസറിന്‍ നല്‍കും. ദിവസവും  സൺസ്ക്രീൻ ലോഷന് പകരമായി ഗ്ലിസറിന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിലെ പൊടിയും ചുളിവും നീക്കം ചെയ്യാനുളള കഴിവ് ഇവയ്ക്കുണ്ട്.

പണ്ട് കാലം മുതല്‍ക്കെ സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിച്ച് വരുന്ന ഒന്നാണ് ഗ്ലിസറിന്‍. ഇന്ന് വിപണിയില്‍ ലഭ്യമായ ഭൂരിഭാഗം സൗന്ദര്യവര്‍ധക വസ്തുക്കളിലും ഗ്ലീസറിന്റെ സാന്നിധ്യം ഉണ്ട്.  ചര്‍മ്മ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ ഗ്ലിസറിനു കഴിയും.

അധിക എണ്ണമയം ഇല്ലാതാക്കുക, മുഖക്കുരുവും മൃതകോശങ്ങളും നീക്കം ചെയ്യുക തുടങ്ങി നിരവധി ഗുണങ്ങളാണ് ഗ്ലിസറിനുള്ളത്. എന്നാല്‍ മറ്റ് ബ്യൂട്ടി പ്രോഡക്റ്റുകളെ പോലെ തന്നെ കൈകളിലോ മറ്റോ ടെസ്റ്റ് ചെയ്തതിന് ശേഷം മാത്രമെ ഗ്ലിസറിനും ഉപയോഗിക്കാവൂ. 

മുഖത്ത് ​ഗ്ലിസറിൻ ഉപയോ​ഗിക്കേണ്ട വിധം...

ഒന്ന്...

ആദ്യം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ടവ്വല്‍ ഉപയോഗിച്ച് തുടച്ച ശേഷം പഞ്ഞി ഗ്ലീസറിനില്‍ മുക്കിയ ശേഷം മുഖം തുടയ്ക്കാം. കണ്ണുകളിലും ചുണ്ടിലും ആകാതെ ശ്രദ്ധിക്കണം.‌

രണ്ട്...

 ഒരു ടീസ്പൂണ്‍ ഗ്ലീസറിനില്‍ മൂന്ന് ടീസ്പൂണ്‍ പാല് ചേര്‍ത്ത മിശ്രിതം രാത്രി കിടക്കുന്നതിന് മുമ്പ് മുഖത്ത് തേച്ച് രാവിലെ കഴുകി കളയാം. ടോണറായും ഉപയോഗിക്കാവുന്ന ഒന്നാണ് ഗ്ലിസറിന്‍. ഗ്ലിസറിനില്‍ അല്‍പം റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് ഉപയോഗിക്കാം.

മൂന്ന്...

 ഗ്ലിസറിനും തേനും ചേര്‍ത്ത മിശ്രിതം ചര്‍മ്മം അയയാതിരിക്കാന്‍ സഹായിക്കും. ചുളിവുകള്‍ ഇല്ലാതാക്കാന്‍ ഇത് നല്ലതാണ്.മൃതകോശങ്ങള്‍ അകറ്റുന്നതിനും നിറം വര്‍ധിക്കുന്നതിനും ഗ്ലിസറിനും മുട്ടയുടെ വെള്ളയും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കും.

നാല്...

 വരണ്ട ചര്‍മ്മമുള്ളവര്‍ ധൈര്യമായി ഗ്ലിസറിന്‍ ഉപയോഗിച്ചോളൂ. അല്‍പം ഗ്ലിസറിന്‍ വെള്ളവുമായി ചേര്‍ത്ത് ദിവസവും കൈകളിലും കാലുകളിലുമൊക്കെ പുരട്ടാം. ദിവസവും രണ്ട് നേരമെങ്കിലും പുരട്ടുക. വരണ്ട ചർമ്മം അകറ്റാൻ നല്ലൊരു പ്രതിവിധിയാണ്  ഗ്ലിസറിൻ.

 

click me!