
തീൻമേശയിൽ പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നായി മാറിയിരിക്കുകയാണ് സാലഡ്. സംസ്കരിക്കാത്ത ആഹാരപദാർഥങ്ങളുടെ, പ്രത്യേകിച്ച് പച്ചക്കറികളുടെയും ഇലക്കറികളുടെയും പഴങ്ങളുടെയുമൊക്കെ സമ്മിശ്രമായ ഒരു ‘പോഷകക്കൂട്ടായ്മ’യാണ് സാലഡ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഒരു മിക്സ്ച്ചർ എന്ന നിലയിൽ സാലഡ് മികച്ചൊരു ഭക്ഷണം തന്നെയാണ്. സാലഡ് എപ്പോൾ കഴിക്കണമെന്നതിനെ കുറിച്ച് പലർക്കും സംശയമുണ്ടാകും. എന്നാൽ നിത്യവും രാത്രിയിൽ അത്താഴത്തിനൊപ്പം ഒരു കപ്പ് സാലഡ് കഴിക്കുന്നതാകും ഉത്തമം.
സാലഡിലെ വിഭവങ്ങൾ (പച്ചക്കറികളും ഇലക്കറികളും) ഓരോ ദിവസവും മാറിമാറി ചേർക്കുന്നതാണ് നല്ലത്. ഒരേ തരം വസ്തുക്കൾ കഴിക്കുന്നതിലെ വിരസത ഒഴിവാക്കാൻ ഇതു സഹായിക്കും. വേനൽക്കാലത്ത് സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നത് തടയാൻ ഏറെ സഹായകരമാണ്. വിവിധ തരം സാലഡുകൾ ഇന്നുണ്ട്. സ്വീറ്റ് സാലഡ്, ഗ്രീൻ സാലഡ്, വെജിറ്റബിൾ സാലഡ് ഇങ്ങനെ നിരവധി സാലഡുകളുണ്ട്. ഭക്ഷണശീലങ്ങളിൽ കുറഞ്ഞ ചെലവിൽ കൂടുതൽ അളവിൽ മികച്ച ആരോഗ്യം നൽകുന്ന പോഷകസമ്പന്നമായ സാലഡുകൾ പെട്ടെന്നുതന്നെ ഉണ്ടാക്കിയെടുക്കാം.
ധാരാളം പോഷകങ്ങളും നാരുകളും ജലാംശവും ശരീരത്തിലെത്തുന്നതുമൂലം സാലഡ് ഒരു ഉത്തമവിഭവമാണ്. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദം എന്നിവ കുറയ്ക്കാൻ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യും. അധികം കാലറികൾ ഇല്ലാതെ വയറുനിറയ്ക്കാം എന്നത് സാലഡിന്റെ മറ്റൊരു പ്രത്യേകതയാണ്. വേവിക്കാത്തതിനാലും സംസ്കരിക്കാത്തതിനാലും ഇവയിലെ പോഷകങ്ങൾ, ജീവകങ്ങൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ മൂല്യം നഷ്ടപ്പെടുന്നില്ല. നാരുകളുടെ സ്വാഭാവിക ഗുണത്തിനും മാറ്റം വരുന്നില്ല. കൊഴുപ്പിന്റെ ആഗിരണം കുറയ്ക്കും, രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്നില്ല എന്നതും മെച്ചമാണ്.
സാലഡ് കഴിക്കുന്നതുമൂലം കാലറിയുടെ അളവിൽ കാര്യമായ വ്യതിയാനമേ ഉണ്ടാകുന്നില്ല. ഒരു കപ്പ് സാലഡിൽ ഏതാണ്ട് 50 കാലറിയിൽ കുറവ് ഊർജമേ ഉണ്ടാകുന്നുള്ളൂ. ജീവിതശൈലീരോഗങ്ങൾക്കുള്ള ഒറ്റമൂലികൂടിയാണ് സാലഡ്. സാലഡ് ഉപയോഗിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് പച്ചക്കറികളിലെയും ഇലക്കറികളിലെയും കീടനാശിനി പ്രയോഗം അപകടകരമാംവിധം ഉയർന്നതിനാൽ നന്നായി കഴുകിയശേഷം ഉപ്പിലോ മഞ്ഞൾപ്പൊടിയിലോ വിനാഗിരിയിലോ ഒരു മണിക്കൂറിലേറെ ഇട്ടുവയ്ക്കണം. അതിനുശേഷം വീണ്ടും നന്നായി വൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാവൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam