പാകിസ്ഥാനിലെ ഈ കാര്‍ ഡ്രൈവര്‍ ഇന്ന് സോഷ്യല്‍മീഡിയയ്ക്ക് പ്രിയങ്കരനാണ്

By Web DeskFirst Published Jul 18, 2017, 2:17 PM IST
Highlights

ഒറ്റയ്ക്ക് വാഹനങ്ങളില്‍ യാത്രചെയ്യാന്‍ പേടിക്കുന്നവരാണ് നമ്മില്‍ ഭൂരിഭാഗവും. കാരണം യാത്രകള്‍ ദുരന്തമായി മാറുന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധി നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് ആസിഫിനെപ്പോലെയുള്ള ചില ഡ്രൈവര്‍മാര്‍ കെട്ടകാലത്തും ചില പ്രതീക്ഷകള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നു. പാക്കിസ്ഥാനിലെ ഒരു കാര്‍ ഡ്രൈവറാണ് ആസിഫ്. അസിഫിന്റെ സത്യസന്ധതയും, ചുമതലാബോധവും ഇദ്ദേഹത്തെ സോഷ്യല്‍ മീഡിയയില്‍ പ്രിയങ്കരനാക്കിയിരിക്കുകയാണ്.

ലാഹോര്‍ സ്വദേശിയായ ഹരൂണ്‍ സാഹിദ്, ആസിഫിന്റെ കാര്‍ ബുക്ക് ചെയ്യുകയായിരുന്നു. കാറില്‍ വെച്ച് സാഹിദ് പഴ്‌സ് മറന്ന് പോയി. കാര്യം വിളിച്ച് പറയാന്‍ ആസിഫ്  ശ്രമിച്ചെങ്കിലും സാഹിദിന്റെ ഫോണിന്റെ ബാറ്ററി തീര്‍ന്നു പോയതിനാല്‍ അതു നടന്നില്ല. പിന്നീട് ഈ വിവരം വാട്ട്സാപ്പിലൂടെ സാഹിദിനെ അറിയിക്കുകയായിരുന്നു. അങ്ങനെ ആസിഫിന്റെ വീട്ടിലെത്തി സാഹിദ് പഴ്‌സ് മടക്കി വാങ്ങുന്നു. കഥ ഇതോടെ കഴിഞ്ഞില്ല,  ക്യാന്‍സര്‍ ബാധിതനായ ആസിഫിന്റെ കുട്ടിയ്‌ക്കു ചികില്‍സാ സഹായം സ്വരൂപിക്കാനും സാഹിദ് മുന്നിട്ടിറങ്ങി. പഴ്‌സ് മടക്കിനല്‍കിയ ആസിഫിന്റെ സത്യസന്ധതയ്‌ക്ക് പ്രത്യുപകാരമായി അത്രയെങ്കിലും ചെയ്യണമെന്നതായിരുന്നു സാഹിദിന്റെ പക്ഷം. കുട്ടിയുടെ ചികിത്സാചെലവില്‍ സഹായം നല്‍കുക മാത്രമല്ല, മറ്റുള്ളവരോടും ഇദ്ദേഹത്തെ സഹായിക്കാന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയാണ് സാഹിദ്.
    
ഹരുണ്‍ സാഹിദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്...
    
"എന്‍റെ രാജ്യത്തിലും, ജനങ്ങളിലുമുള്ള വിശ്വാസം ഈയൊരു മനുഷ്യനെ കണ്ടതിനുശേഷം വര്‍ധിച്ചിരിക്കുന്നു. കുടുംബം പുലര്‍ത്തുന്നതിനുവേണ്ടിയും ക്യാന്‍സര്‍ ബാധിതനായ തന്‍റെ അഞ്ചുവയസ്സുള്ള കുട്ടിയുടെ ചെലവുകള്‍ക്കുവേണ്ടിയും കഷ്ടപ്പെടുകയാണ് മുഹമ്മദ് അസിഫ് എന്ന കാര്‍ ഡ്രൈവര്‍. ഗുല്‍ബര്‍ഗില്‍ നിന്ന് മോഡല്‍ ടൗണിലേക്കുള്ള തന്‍റെ 20 മിനിറ്റ് കാര്‍ യാത്രയിലാണ് ഇതെല്ലാം തനിക്ക് മനസ്സിലായത്.  കാറിനുള്ളില്‍ പേഴ്സ് മറന്നുവെച്ച താന്‍ പിന്നീട്  ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം ക്രിക്കറ്റ് കളിയില്‍ ഏര്‍പ്പെടുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വിട്ടിലെത്തിയ മുഹമ്മദ് അസിഫ് കാറില്‍ പേഴ്സ് കണ്ടതിനെ തുടര്‍ന്ന് തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓണ്‍ ആക്കിയപ്പോഴാണ് അദ്ദേഹത്തിന്‍റെ വാട്ട്സാപ്പ് സന്ദേശം കാണാന്‍ സാധിക്കുന്നത്. അദ്ദേഹത്തിന്‍റെ കുട്ടിയുടെ ചികിത്സയില്‍ സഹായിക്കാമെന്ന് താന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ മനുഷ്യനെ ആര്‍ക്കെങ്കിലും സഹായിക്കാന്‍ കഴിയുമെങ്കില്‍ താന്‍ വളരെ സന്തുഷ്ടനായിരിക്കും".

click me!