കേരളത്തിലെ ആന കളരികളിൽ മെരുക്കലിന്റെ പേരിൽ നടക്കുന്നത് ക്രൂരത; വൈറലായി ഹോളിവുഡ് നടിയുടെ കുറിപ്പ്

Web Desk |  
Published : May 04, 2018, 05:36 PM ISTUpdated : Jun 08, 2018, 05:46 PM IST
കേരളത്തിലെ ആന കളരികളിൽ മെരുക്കലിന്റെ പേരിൽ നടക്കുന്നത് ക്രൂരത; വൈറലായി ഹോളിവുഡ് നടിയുടെ കുറിപ്പ്

Synopsis

കേരളത്തിലെ നാട്ടാനകളുടെ ദുരിതത്തെ പറ്റി ഹോളിവുഡ് നടി ഇവാന്ന ലിഞ്ചിന്റെ ഫേസ്ബുക് പോസ്‌റ്

കേരളത്തിൽ ആനകളെ മെരുക്കുന്നതിന് ഉപയോഗിക്കുന്ന മാർഗങ്ങളെ പറ്റിയുള്ള ഹോളിവുഡ് നടി ഇവാന്ന ലിഞ്ചിന്റെ ഫേസ്ബുക് പോസ്റ്റ് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമാകുന്നു. ഹാരിപോട്ടർ സിനിമകളിലെ ലൂണ ലോവ്ഗുഡ് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഇവന്ന കഴിഞ്ഞ ഒരാഴ്ച കേരളത്തിലെ ആന കളരികളിൽ കണ്ട കാഴ്ചയാണ് തന്റെ ഫേസ്ബുക് പേജിൽ പങ്കുവച്ചിരിക്കുന്നത്. 

'ദി സൺ' പത്രവും 'സേവ് ദി ഏഷ്യൻ എലെഫന്റ്സ്' എന്ന സംഘടനയും ചേർന്നു ആനകളുടെ ക്ഷേമത്തെപ്പറ്റി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇവാന്ന കേരളത്തിൽ എത്തിയത്. ഗുരുവായൂരും കോടനാടുമുള്ള ആന കളരികളിൽ മെരുക്കലിന്റെ പേരിൽ നടക്കുന്ന ക്രൂരതകളെപറ്റിയാണ് ഇവാന്ന എഴുതിയിരിക്കുന്നത്. 

ആത്മധൈര്യം നഷ്ടപ്പെടുന്നതിനാലും പേടി മൂലവും മാത്രമാണ് ആനകൾ മനുഷ്യനെ അനുസരിക്കുന്നതെന്നു ഇവാന്ന പറയുന്നു. ആനകളെ ഈ നിലയിൽ എത്തിക്കുന്നതിനായി പ്രയോഗിക്കുന്നതു ക്രൂരമായ ശിക്ഷ രീതികളാണ്. വിനോദസഞ്ചാര ആവശ്യങ്ങൾക്കോ ആഘോഷങ്ങൾക്കോ ആയി ഉപയോഗിക്കുന്ന ഒരാനക്കു പോലും ക്രൂരമായ മർദ്ദന മുറകൾ ഏൽക്കാതിരുന്നിട്ടില്ല എന്നാണ് ഇവാന്നയുടെ സാക്ഷ്യം. 

കുട്ടി ആയിരുന്നപ്പോൾ മുതൽ ആനപ്പുറത്തു കയറുക എന്നത് ഒരു സ്വപ്നമായിരുന്നു. എന്നാൽ അനുസരണ പഠിപ്പിക്കൽ എന്ന പേരിൽ ആനകൾ അനുഭവിക്കുന്ന ദുരിതം ഇപ്പോൾ മാത്രമാണ് അറിയാൻ സാധിച്ചത്. മാസങ്ങളോളം നീളുന്ന മർദ്ദനമുറകളുടെയും അനങ്ങാൻ ആവാത്തത്ര ഇടുങ്ങിയ കൂട്ടിലെ വാസത്തിന്റെയും ഒടുവിലാണ് ഓരോ ആനയും മനുഷ്യനെ അനുസരിക്കാൻ തയ്യാറാവുന്നത്. ഇനിയും കുറുമ്പ് കാണിക്കുന്നവയെ അനങ്ങാനാവാത്തവിധം കൂച്ചു ചങ്ങലക്കിടുകയും മറ്റുള്ളവരിൽ നിന്നെല്ലാം ഒറ്റയ്ക്ക് മാറ്റി കെട്ടുകയും ചെയ്യും. 

ആനയെ മെരുക്കുന്നതിനായി കാലുകളുടെ മടക്കുകളിലും നഖങ്ങൾക്കിടയിലും ചെവികളിലും അറ്റത്തു കൊളുത്തു പിടിപ്പിച്ച തോട്ടി കയറ്റും. പരിശീലനത്തിന്റെ ഭാഗമായി ലൈംഗിക അവയവങ്ങൾ തകർക്കുന്നതും മൃദുലമായ ശരീരഭാഗങ്ങളിൽ തോട്ടി കയറ്റുന്നതും സാധാരണയാണ്. അനുസരണ പഠിപ്പിക്കുന്നതിനായി മുറിവുണങ്ങാൻ സമ്മതിക്കാതിരിക്കുകയും വീണ്ടും വീണ്ടും മുറിവേൽപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുമെന്ന് ഇവാന്ന പറയുന്നു. 

ആനക്കൊട്ടിൽ സന്ദർശിച്ച സമയത്തു അവർ ഒരു വിനോദ സഞ്ചാരി ആണെന്ന് തെറ്റിദ്ധരിച്ച ഒരു പാപ്പാൻ ആനയെകൊണ്ട് പലതരം തന്ത്രങ്ങൾ കാണിക്കുവാൻ ശ്രമിച്ചു. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പാപ്പാന്മാരെ ഇക്കാര്യത്തിൽ പഴിക്കുന്നതിൽ കാര്യമില്ല എന്നും ഇത്തരം പ്രവണതകൾ ഇല്ലാതാകണമെങ്കിൽ വിനോദസഞ്ചാരത്തിനായി ആനകളെ ഉപയോഗിക്കുന്ന പതിവ് നിർത്തലാക്കണം എന്നാണ് ഇവാന്നയുടെ പക്ഷം. 

തിരുവനന്തപുരത്തെ ഉള്ളൂർ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാർത്തികേയൻ എന്ന ആനയെ പീഡനങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇവാന്ന ഇപ്പോൾ. കഴിഞ്ഞ മൂന്നു മാസമായി ഒന്ന് നീങ്ങാൻ പോലും പറ്റാത്തവിധം പൊരിവെയിലിലാണ് കാർത്തികേയനെ തളച്ചിരിക്കുന്നതു. പാപ്പാനെ കൊന്നതിനാലാണ് ഈ ദുരിതം ആനക്ക് സഹിക്കേണ്ടി വരുന്നത്. ഇണ ചേരാൻ സമ്മതിക്കാതെ പീഡിപ്പിച്ചു കൊണ്ടിരുന്നതിനാലാണ് ആന പാപ്പാനെ കൊന്നതെന്ന് ഇവാന്ന പറയുന്നു. ആനയെ കാണാൻ ഇവർ ശ്രമിച്ചെങ്കിലും നടന്നില്ല. 

സാധാരണ 85 വയസ്സുവരെ ആയുസ്സുള്ള ആനകൾ കേരളത്തിൽ ശരാശരി 40-45 വയസ്സുവരെ മാത്രമാണ് ജീവിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 58 ആനകൾ ഈ പ്രായത്തിൽ ചെരിഞ്ഞിട്ടുണ്ട്. ഈ വർഷം ഇതുവരെ 13 ആനകളാണ് ഏതാണ്ട് ഇതേ പ്രായത്തിൽ ചെരിഞ്ഞത്. മുറിവുകളിൽ നിന്ന് പടരുന്ന അണുബാധ, മലബന്ധം, സന്ധിവാതം എന്നിവയാണ് ആനകളുടെ മരണത്തിനു പലപ്പോഴും കാരണമാകുന്നതെന്ന് 'പീപ്പിൾ ഫോർ അനിമൽസ്' എന്ന സംഘടനയിൽ പ്രവർത്തിക്കുന്ന ശ്രീദേവി എസ്. കർത്ത പറയുന്നു. തെറ്റായ ഭക്ഷണക്രമം മൂലം 62 ദിവസം മലബന്ധം മൂലം കഷ്ടപ്പെട്ട തിരുവമ്പാടി ശിവസുന്ദർ ചെരിഞ്ഞത് കഴിഞ്ഞ മാർച്ച് 11 നാണ്. 

സാധാരണയായി ആനകൾക്ക് നൽകുന്ന കരിമ്പും പനംപട്ടയും അവയുടെ സ്വാഭാവിക ഭക്ഷണങ്ങൾ അല്ല എന്നാണ് ശ്രീദേവിയുടെ പക്ഷം. കൂടാതെ സുഖ ചികിത്സ എന്ന പേരിൽ നൽകുന്ന ആട്ടിറച്ചി കലർന്ന രസായങ്ങളും മുട്ടയും പ്രശനം രൂക്ഷമാക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എന്നതും ദിവസം 10-11 കിലോമീറ്റർ നടക്കേണ്ടതിനു പകരം മുഴുവൻ സമയവും തളച്ചിടുന്നതും അസുഖങ്ങൾക്ക് കാരണമാകുന്നു എന്നാണ് ശ്രീദേവി പറയുന്നത്. 

ആനകളുടെ ദുരിതത്തിന് പ്രധാന കാരണം പാപ്പാന്മാരല്ല മറിച്ചു ഉടമകളാണ് എന്നാണ് ശ്രീദേവിയുടെ പക്ഷം. കേരളത്തിൽ ആകെയുള്ള 420 ആനകളിൽ വളരെ കുറച്ചെണ്ണം മാത്രമേ അമ്പലങ്ങളിൽ എഴുന്നള്ളത്തിനു പറ്റിയവയായുള്ളു. കേരളത്തിൽ ആകെയുള്ള ഒരു ലക്ഷം അമ്പലങ്ങളിൽ എഴുന്നള്ളിക്കാൻ ഇരട്ടി തുകയാണ് ഉടമകൾ ഈടാക്കുന്നതെന്ന് ശ്രീദേവി പറഞ്ഞു. 

ശക്തമായ നിയമങ്ങൾ ഇല്ലാത്തതാണ് കേരളത്തിലെ പ്രധാന പ്രശ്നം എന്ന് സംസ്ഥാന മൃഗ സംരക്ഷണ ബോർഡ് അംഗമായ എം. എൻ. ജയചന്ദ്രൻ പറയുന്നു. ലോക സമൂഹത്തിനു മുന്നിൽ നമ്മൾ പരിഹസിക്കപ്പെടുകയാണ്. ആനകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് 2003-ലെ നാട്ടാന പരിപാലന നിയമം 2012 ൽ തിരുത്തിയത്. എന്നാൽ 'ഉത്സവങ്ങൾ സുഗമമായി നടത്തുന്നതിന്' എന്നാണ് പുതിയ വ്യവസ്ഥ തുടങ്ങുന്നത് തന്നെ. ഇതിൽ എവിടെയാണ് വന്യജീവി പരിപാലനമെന്നു ജയചന്ദ്രൻ ചോദിക്കുന്നു. 

ഏതായാലും ഇവാന്നയുടെ ഫേസ്ബുക് പോസ്റ്റ് കേരളത്തിലെ ആനകളുടെ ദുരിതത്തെപ്പറ്റി അന്താരാഷ്ട്രത്തലത്തിലുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഇപ്പൊ ഇങ്ങനെയൊക്കെയാ! 2025-നെ കീഴടക്കിയ 'ജെൻ സി' സ്ലാങ്ങ്
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ