
ശരിയായ രീതിയിലുള്ള ഭക്ഷണ ക്രമീകരണം കുറച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. കൃത്യമായ അളവിലുള്ള പോഷകങ്ങൾ, പച്ചക്കറികൾ, കാർബോഹൈഡ്രേറ്റ് എന്നിവ നല്ല ആരോഗ്യത്തിന് ആവശ്യമാണ്. എത്രയൊക്കെ ശ്രദ്ധിച്ചാലും ചില കാര്യങ്ങൾ നമ്മൾ അറിയാതെ തന്നെ നമുക്ക് ദോഷമുണ്ടാക്കുന്നു. പ്ലാസ്റ്റിക് പാത്രത്തിൽ ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ മൈക്രോപ്ലാസ്റ്റിക്കുകൾ ശരീരത്തിലെത്തുന്നു. ഇത് ഗുരുതരമായ രോഗങ്ങൾക്ക് വഴിയൊരുക്കും. അടുക്കളയിൽ പ്ലാസ്റ്റിക് ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്.
പ്ലാസ്റ്റിക് കുപ്പി
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ പരിസ്ഥിതി മലിനീകരണത്തിനും മനുഷ്യരുടെ ആരോഗ്യത്തിനും ദോഷകരമാണ്. ഒരു കുപ്പിയിൽ തന്നെ ലക്ഷങ്ങളോളം നാനോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. വെള്ളം കുടിക്കുമ്പോൾ ഇത് നിങ്ങളുടെ ശരീരത്തിലെത്തുന്നു. അതിനാൽ തന്നെ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാം.
മൈക്രോവേവിൽ പ്ലാസ്റ്റിക് ഒഴിവാക്കാം
പ്ലാസ്റ്റിക് ഉപയോഗിച്ച് മൈക്രോവേവിൽ ഭക്ഷണം പാകം ചെയ്താൽ ചൂടടിക്കുമ്പോൾ ഇത് ഉരുകാനും ഭക്ഷണത്തിൽ അലിഞ്ഞു ചേരാനും കാരണമാകുന്നു. മൈക്രോവേവിൽ പാകം ചെയ്യുമ്പോൾ ഗ്ലാസ് അല്ലെങ്കിൽ സെറാമിക് പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.
പ്ലാസ്റ്റിക് കട്ടിങ് ബോർഡ്
പ്ലാസ്റ്റിക് കൊണ്ടുള്ള കട്ടിങ് ബോർഡ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. പച്ചക്കറികൾ മുറിക്കുമ്പോൾ അതിനൊപ്പം ചെറിയ തരികളായി പ്ലാസ്റ്റിക്കും വരുന്നു. ഇങ്ങനെ സംഭവിക്കുന്നതുകൊണ്ടാണ് കട്ടിങ് ബോർഡിൽ വരകൾ ഉണ്ടാകുന്നത്.
പ്ലാസ്റ്റിക് ഒഴിവാക്കാം
അടുക്കളയിൽ ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പോലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഏറെക്കുറെ കുറക്കാൻ സാധിക്കും. പ്ലാസ്റ്റിക് കവറുകൾക്ക് പകരം അടുക്കളയിൽ പുനരുപയോഗിക്കാൻ സാധിക്കുന്ന ബാഗുകൾ തെരഞ്ഞെടുക്കാം. ഇതിലൂടെ പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കാനും ആരോഗ്യത്തോടെയിരിക്കാനും നമുക്ക് സാധിക്കും.