
അടുക്കളയിൽ ഏറ്റവും കൂടുതൽ ബോറടിപ്പിക്കുന്ന പണി പാത്രം കഴുകലാണ്. അതിനാൽ തന്നെ എങ്ങനെയെങ്കിലും പാത്രങ്ങൾ കഴുകി വൃത്തിയാക്കി ജോലി തീർക്കാനേ നമ്മൾ ശ്രമിക്കാറുള്ളു. എന്നാൽ ഇത്തരത്തിൽ പാത്രങ്ങൾ കഴുകുമ്പോൾ ശരിയായ രീതിയിൽ അവ വൃത്തിയാകണമെന്നില്ല. പാത്രം കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
സ്പോഞ്ച് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം
പാത്രങ്ങൾ കഴുകുന്ന സ്പോഞ്ച് ഉപയോഗിക്കുമ്പോൾ ശ്രദ്ധയുണ്ടാവണം. എപ്പോഴും ഒരു സ്പോഞ്ച് തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഇതിൽ ധാരാളം അണുക്കൾ പറ്റിയിരിക്കാൻ സാധ്യതയുണ്ട്. ഇത് ഉപയോഗിച്ച് കഴുകുമ്പോൾ പാത്രങ്ങളിലും അണുക്കൾ പടരുന്നു. ഇത് രോഗങ്ങൾക്ക് വഴിവയ്ക്കുന്നു.
സിങ്ക് വൃത്തിയാക്കാതിരിക്കുക
ഓരോ തവണ ഉപയോഗം കഴിയുമ്പോഴും അടുക്കള സിങ്ക് വൃത്തിയാക്കാൻ മറക്കരുത്. ഭക്ഷണാവശിഷ്ടങ്ങൾ തങ്ങി നിന്നാൽ സിങ്ക് അടഞ്ഞുപോവുകയും ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ ഇതിൽ നിന്നും അണുക്കൾ പെരുകാനുള്ള സാധ്യതയും കൂടുതലാണ്. അഴുക്കുള്ള സിങ്കിൽ പാത്രങ്ങൾ കഴുകുമ്പോൾ പാത്രത്തിലും അണുക്കൾ പടരുന്നു.
ചൂട് വെള്ളം ഉപയോഗിക്കുന്നത്
പാത്രം കഴുകുന്നതിന് ചൂട് വെള്ളം ഉപയോഗിക്കുന്ന ശീലമുണ്ടെങ്കിൽ മാറ്റാം. ഇത് നിങ്ങളുടെ കൈകൾക്ക് നല്ലതല്ല. ചെറുചൂട് വെള്ളമോ തണുത്ത വെള്ളമോ മാത്രം പാത്രം കഴുകാൻ ഉപയോഗിക്കാം.
അമിതമായി സോപ്പ് ഉപയോഗിക്കുമ്പോൾ
അമിതമായി സോപ്പ് ഉപയോഗിച്ച് പാത്രങ്ങൾ കഴുകരുത്. പറ്റിപ്പിടിച്ച കറകൾ ഇല്ലാതാക്കാൻ വേണ്ടിയാണ് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നത്. എപ്പോഴും ചെറിയ അളവിൽ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത്. ഇത് പാത്രം കഴുകൽ എളുപ്പമാക്കുന്നു.
ഉണക്കാൻ വയ്ക്കാതിരിക്കുക
പാത്രങ്ങൾ കഴുകിയതിന് ശേഷം ഉണക്കാൻ വയ്ക്കേണ്ടത് വളരെ പ്രധാനമാണ്. പാത്രങ്ങൾ റാക്കിൽ സൂക്ഷിക്കുന്നതിന് മുമ്പ് നന്നായി ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഈർപ്പം തങ്ങി നിന്നാൽ പൂപ്പൽ ഉണ്ടാവുകയും അണുക്കൾ പെരുകാനും കാരണമാകുന്നു.