
വീട്ടിൽ തന്നെ ഒരു അടുക്കളത്തോട്ടം ഉണ്ടാകുന്നത് പാചകം എളുപ്പം ആക്കുന്നതിനൊപ്പം നല്ല ആരോഗ്യം ലഭിക്കാനും സഹായിക്കുന്നു. ഒരു രാസവസ്തുവും കലരാത്ത നല്ല പച്ചക്കറികൾ കഴിക്കുമ്പോൾ ലഭിക്കുന്ന രുചിയും സന്തോഷവും വേറെ തന്നെയാണ്. എന്നാൽ വീട്ടിൽ അടുക്കള തോട്ടം ഒരുക്കുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
സ്ഥലം
ദിവസവും കുറഞ്ഞത് 6 മണിക്കൂർ എങ്കിലും നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താവണം അടുക്കള തോട്ടം ഒരുക്കേണ്ടത്. ബാൽക്കണി, ടെറസ്, മുറ്റം തുടങ്ങി നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലം ഇതിനായി തെരഞ്ഞെടുക്കാവുന്നതാണ്. നല്ല രീതിയിലുള്ള പ്രകാശം ലഭിച്ചാൽ മാത്രമേ പച്ചക്കറികളും ഔഷധ സസ്യങ്ങളും നന്നായി വളരുകയുള്ളു.
എങ്ങനെ വളർത്തും?
പോട്ട്, ഗ്രോ ബാഗ്, പാത്രങ്ങൾ തുടങ്ങി എന്തിലും ചെടികൾ നട്ടുവളർത്താൻ സാധിക്കും. എന്നാൽ നല്ല പോഷക ഗുണങ്ങളുള്ള മണ്ണും അതിനു വേണ്ട വളങ്ങളും ഉണ്ടെന്ന് ഉറപ്പ് വരുത്തണം. എങ്കിൽ മാത്രമേ ചെടികൾ നന്നായി വളരുകയുള്ളു.
മണ്ണ്
ചെടികൾ നന്നായി വളരണമെങ്കിൽ നല്ല പോഷക ഗുണങ്ങളുള്ള മണ്ണ് ആവശ്യമാണ്. ജൈവ വളങ്ങൾ ഉപയോഗിക്കുമ്പോൾ ചെടി നന്നായി വളരുകയും നല്ല കായ്കൾ ലഭിക്കുകയും ചെയ്യുന്നു.
ചെടികൾ
ചെറിയ പരിചരണത്തോടെ വേഗത്തിൽ വളരുന്ന ചെടികൾ ആവണം ആദ്യം വളർത്തേണ്ടത്. ചീര, തക്കാളി, പച്ച മുളക്, മല്ലിയില, പുതിന തുടങ്ങിയവ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടികളാണ്.
വെള്ളം
ചെടികൾ നന്നായി വളരണമെങ്കിൽ വെള്ളം ആവശ്യമാണ്. അതിരാവിലെയും, വൈകുന്നേരങ്ങളിലും വെള്ളം ഒഴിക്കുന്നതാണ് നല്ലത്. ഇത് മണ്ണിൽ ഈർപ്പം തങ്ങി നിൽക്കാൻ സഹായിക്കുന്നു.
കീടശല്യം
ചെടികളിൽ കീടശല്യം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ വേപ്പെണ്ണ, വെളുത്തുള്ളി എന്നിവ സ്പ്രേ ചെയ്യുന്നത് കീടങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു.
മാലിന്യങ്ങൾ
അടുക്കള മാലിന്യങ്ങൽ പുറത്ത് വലിച്ചെറിയേണ്ട. പച്ചക്കറികളുടെ തൊലി, കാപ്പിപ്പൊടി, മുട്ടത്തോട് എന്നിവ ജൈവ വളങ്ങളായി മാറ്റാൻ സാധിക്കും.