
ഇൻഡോറായി വളർത്തുന്ന ചെടിയാണ് മോൻസ്ട്ര. മധ്യ, ദക്ഷിണ ആഫ്രിക്കയാണ് മോൻസ്ട്ര ചെടിയുടെ സ്വദേശം. പലവിധത്തിലാണ് ഈ ചെടിയുള്ളത്. മോൻസ്ട്രയുടെ ഇലകളാണ് മറ്റുള്ള ചെടികളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. ഇലകളിലെ വിടവുകൾ ചെടിയെ കൂടുതൽ മനോഹരമാക്കുന്നു. വളർന്ന് തുടങ്ങിയാൽ ഇത് മണ്ണിൽ വേരിറങ്ങി ഉറയ്ക്കുന്നു. പിന്നീടിത് പടർന്നു കയറുകയും ചെയ്യും. ചെടി നന്നായി വളരാൻ ഊന്ന് കൊടുക്കുന്നത് നല്ലതായിരിക്കും.
മറ്റു ചെടികളെ ആശ്രയിക്കാതെയും ശല്യം ചെയ്യാതെയും വളരുന്ന മോൻസ്ട്ര പോലുള്ള ചെടികളെ ഹെമിഫിഫൈറ്റിക് എന്നാണ് പറയുന്നത്. ചെടിക്ക് ആവശ്യമായ ഭക്ഷണം അന്തരീക്ഷത്തിൽ നിന്നുമാണ് വലിച്ചെടുക്കുന്നത്. വളരെ നീളത്തിൽ ആഴ്ന്നിറങ്ങുന്ന വേരുകളാണ് മോൻസ്ട്രക്കുള്ളത്. സാവധാനം വളരുന്ന ചെടിയാണ് ഇത്. ടിഷ്യൂ കൾച്ചർ വഴിയും ഇപ്പോൾ ഈ ചെടി ലഭ്യമാണ്. എന്നാൽ വില അൽപ്പം കൂടുതലാണ്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാം. അതേസമയം ആവശ്യത്തിനനുസൃതമായ വെളിച്ചം ചെടിക്ക് ആവശ്യമാണ്. അധികമായി വെളിച്ചമടിക്കുന്നത് ഒഴിവാക്കാം. ഇത് ചെടി കരിഞ്ഞ് പോകാൻ കാരണമാകുന്നു.
ഗാർഡൻ സോയിൽ, പോട്ടിങ് മിക്സ്, പെരിലൈറ്റ്, ചകിരിച്ചോറ് എന്നിവ ചേർത്ത് മാൻ മിശ്രിതം തയ്യാറാക്കാം. ദ്രാവക രൂപത്തിലുള്ള വളമാണ് മോൻസ്ട്രക്ക് ആവശ്യം. നല്ല ഡ്രെയിനേജുള്ള ചെടിച്ചട്ടിയിലും നട്ടുവളർത്താവുന്നതാണ്. പഴുത്തതോ കേടുവന്നതോ ആയ ഇലകൾ ഇടയ്ക്കിടെ വെട്ടിമാറ്റി കൊടുക്കാൻ ശ്രദ്ധിക്കണം. ഇത് പുതിയ ഇലകൾ വരാൻ സഹായിക്കുന്നു. വർഷത്തിൽ ഒരിക്കൽ റീപോട്ട് ചെയ്യാം. വസന്തകാലത്തോ വേനൽക്കാലത്തോ റീപോട്ട് ചെയ്യുന്നതാണ് നല്ലത്.