
ഇനി ദിവസങ്ങൾ മാത്രമാണ് ദീപാവലിക്കുള്ളത്. ലൈറ്റും പടക്കങ്ങളും മാത്രമല്ല പലഹാരങ്ങളും മധുരങ്ങളും ദീപാവലിയുടെ ഭാഗമാണ്. പലതരം പലഹാരങ്ങൾ നമ്മൾ വീട്ടിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ രുചിയോടെ ഭക്ഷണങ്ങൾ തയാറാക്കുന്നതിന് മുന്നേ അടുക്കളയും വീടും തിളക്കമുള്ളതാക്കേണ്ടത് വളരെ പ്രധാനമാണ്. അടുക്കള വൃത്തിയാക്കാൻ പ്രധാനമായും ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് കൗണ്ടർടോപ്. അതിനാൽ തന്നെ ഈർപ്പവും ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം ഇതിനുമുകളിൽ ഉണ്ടാകും. വിനാഗിരി ഉപയോഗിച്ച് ഇവിടം വൃത്തിയാക്കാം. വിനാഗിരി വെള്ളത്തിൽ ചേർത്ത് നന്നായി തുടച്ചെടുത്താൽ മതി. ഇത് കൗണ്ടർടോപ് തിളക്കമുള്ളതാവാനും അണുവിമുക്തമാക്കാനും സഹായിക്കുന്നു.
എണ്ണ ഉപയോഗിച്ച് പലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ എണ്ണമയം ചുവരിലും ടൈലിലും ഗ്യാസ് സ്റ്റൗവിലുമൊക്കെ പറ്റിയിരിക്കാറുണ്ട്. എന്നാൽ ചൂട് വെള്ളം ഉപയോഗിച്ച് എണ്ണമയത്തെ നീക്കം ചെയ്യാൻ സാധിക്കും. എണ്ണമയമുള്ള സ്ഥലങ്ങൾ ചൂടുവെള്ളത്തിൽ മുക്കിയെടുത്ത തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ മതി.
ഷെൽഫുകൾ വൃത്തിയാക്കാം
ഉപയോഗമില്ലാതെ കിടക്കുന്ന ഷെൽഫുകൾ സോപ്പ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കാനാവും. കഴുകിയതിന് ശേഷം ഉണക്കാനും മറക്കരുത്. ശേഷം ടവൽ അല്ലെങ്കിൽ പേപ്പർ വിരിക്കാം. ഇത് വൃത്തിയാക്കൽ ജോലി എളുപ്പമാക്കുന്നു.
അടുക്കള സിങ്ക്
അടുക്കളയിൽ ഏറ്റവും കൂടുതൽ അഴുക്ക് ഉണ്ടാവുന്നത് സിങ്കിലാണ്. അതിനാൽ തന്നെ ഇടയ്ക്കിടെ വൃത്തിയാക്കിയില്ലെങ്കിൽ അഴുക്കും കറയും അടിഞ്ഞുകൂടുകയും അണുക്കൾ പെരുകുകയും ചെയ്യുന്നു. ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ച് വൃത്തിയാക്കിയാൽ സിങ്ക് തിളക്കമുള്ളതാകും.
ഗ്യാസ് സ്റ്റൗ
ഗ്യാസ് സ്റ്റൗവിലെ ബർണർ റിങ്ങുകൾ ഇളക്കി മാറ്റിയതിന് ശേഷം ചൂടുള്ള സോപ്പ് വെള്ളത്തിൽ മുക്കിവയ്ക്കണം. ശേഷം നന്നായി ഉരച്ച് കഴുകാം. ശേഷം ഗ്യാസ് സ്റ്റൗവിന്റെ പ്രതലങ്ങൾ നന്നായി തുടച്ച് വൃത്തിയാക്കിയാൽ മതി.
വൃത്തിയാക്കാം
വീട്ടുപകരണങ്ങൾ, സ്വിച്ചുകൾ, കൈപ്പിടികൾ, വാതിലുകൾ, ജനാലകൾ എന്നിവ വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവയിൽ ധാരാളം പൊടിപടലങ്ങളും അണുക്കളും ഉണ്ടാവാം. വീട് വൃത്തിയായിരിക്കുന്നത് ആഘോഷങ്ങളെ വർണാഭമാക്കുന്നു.