
അടുക്കളയിൽ പലതരം ഭക്ഷണ സാധനങ്ങളാണ് ഉള്ളത്. ചിലത് ദീർഘകാലം കേടുവരാതിരിക്കും. എന്നാൽ മറ്റുചിലത് പെട്ടെന്ന് കേടാവുന്നു. ഏതോരു സാധനവും ശരിയായ രീതിയിൽ സൂക്ഷിച്ചാൽ എത്ര ദിവസംവരെയും കേടുവരാതിരിക്കും. എന്നാൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ഭക്ഷണ സാധനങ്ങൾ ഇങ്ങനെയാണോ നിങ്ങൾ സൂക്ഷിക്കുന്നത്. എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
ഗോതമ്പ് മാവ്
ഗോതമ്പ് ഉപയോഗിച്ച് വ്യത്യസ്തമായ ഭക്ഷണങ്ങൾ തയാറാക്കാൻ സാധിക്കും. ശരിയായ രീതിയിൽ ഇത് സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടാവുന്നു. ദിവസങ്ങളോളം ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഗോതമ്പ് മാവ്. എന്നാൽ തുറന്ന പാത്രത്തിൽ ഇത് സൂക്ഷിച്ചാൽ പെട്ടെന്ന് കേടായിപ്പോകുന്നു. വായുകടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം. ചൂട് കൂടുതലുള്ള സ്ഥലങ്ങളിൽ വയ്ക്കരുത്. രണ്ട് മാസത്തിൽ കൂടുതൽ ഉപയോഗിക്കാനും പാടില്ല.
സുഗന്ധവ്യഞ്ജനങ്ങൾ
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സുഗന്ധവ്യഞ്ജനങ്ങൾ. എന്നാൽ ചൂടും ഈർപ്പവും അടിച്ചാൽ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു. അതിനാൽ തന്നെ എളുപ്പത്തിന് വേണ്ടി ഗ്യാസ് സ്റ്റൗവിന്റെ അടുത്തായി സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കാം. വായുകടക്കാത്ത പാത്രത്തിലാക്കി, ഈർപ്പമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കാം.
പാചക എണ്ണ
അടുക്കളയിൽ എണ്ണയുടെ ഉപയോഗം എത്രത്തോളമാണെന്ന് പറഞ്ഞു തരേണ്ട കാര്യമില്ല. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ദിവസങ്ങളോളം ഇത് കേടുവരാതിരിക്കും. ഗ്ലാസ് അല്ലെങ്കിൽ സ്റ്റീൽ പാത്രങ്ങൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. അധികം ചൂടേൽക്കാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കാവുന്നതാണ്.
സവാള, ഉരുളകിഴങ്ങ്
സവാളയും ഉരുളക്കിഴങ്ങും ഒരുമിച്ച് സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഒരുമിച്ച് സൂക്ഷിക്കുമ്പോൾ ഇവ പെട്ടെന്ന് മുളയ്ക്കുന്നു. അതിനാൽ തന്നെ ഇത് വെവ്വേറെയായി സൂക്ഷിക്കാം. ഈർപ്പമില്ലാത്ത സ്ഥലങ്ങളിലാണ് സവാളയും ഉരുളക്കിഴങ്ങും സൂക്ഷിക്കേണ്ടത്. അതേസമയം ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം.
തക്കാളി
തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് തക്കാളിയുടെ രുചിയും ഗുണങ്ങളും ഇല്ലാതാവാൻ കാരണമാകുന്നു. മൂന്ന് ദിവസത്തിൽ കൂടുതൽ സൂക്ഷിക്കാനും പാടില്ല.
പാൽ
ഫ്രിഡ്ജിലാണ് പാലും തൈരുമെല്ലാം നമ്മൾ സൂക്ഷിക്കുന്നത്. ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ എളുപ്പം കേടുവരുന്ന ഒന്നാണ് പാൽ ഉത്പന്നങ്ങൾ. ഫ്രിഡ്ജിന്റെ ഡോർ ഭാഗത്ത് ഇവ സൂക്ഷിക്കുന്നത് ഒഴിവാക്കാം. കാരണം ഈ ഭാഗത്താണ് കൂടുതലും ചൂട് ഉണ്ടാവുന്നത്. ഫ്രിഡ്ജിന്റെ നടുഭാഗത്തായി സൂക്ഷിക്കുന്നത് നല്ല തണുപ്പ് ലഭിക്കാൻ സഹായിക്കുന്നു.