
വീട് വയ്ക്കുന്ന സമയത്ത് പലതരം പ്രതിസന്ധികളാണ് നമ്മൾ നേരിടേണ്ടി വരുന്നത്. കുറഞ്ഞ ബജറ്റിൽ ഇഷ്ടാനുസൃതം ഒരു വീട് വയ്ക്കാൻ തീരുമാനിക്കുമ്പോൾ നമ്മുടെ ആവശ്യങ്ങൾക്കാണ് കൂടുതൽ പരിഗണന നൽകേണ്ടത്. മനോഹരമാക്കുന്നതിനൊപ്പം ആവശ്യമായ കാര്യങ്ങളെയും പരിഗണിച്ചാവണം വീട് പണിയേണ്ടത്. അത്തരത്തിൽ ഒന്നാണ് വീട്ടിലെ മാലിന്യ സംസ്കരണവും. ചെറിയ സ്ഥലമായതിനാൽ മാലിന്യങ്ങൾ എങ്ങനെ സംസ്കരിക്കുമെന്ന് ആലോചിച്ച് ആശങ്കപ്പെടേണ്ട. ഇക്കാര്യങ്ങൾ ശ്രദ്ധിക്കു.
അടുക്കള മാലിന്യങ്ങൾ സംസ്കരിക്കേണ്ടത് ഇങ്ങനെ
വീട്ടിൽ എപ്പോഴും മാലിന്യം ഉണ്ടാവുന്നത് അടുക്കളയിലാണ്. എന്നാൽ ഇത് എങ്ങനെ സംസ്കരിക്കുമെന്ന് ആലോചിച്ച് തലപുകയ്ക്കേണ്ട. മണ്ണിൽ ലയിക്കുന്നവയും അല്ലാത്തതുമായ മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കണം. ഇതിലൂടെ മാലിന്യങ്ങൾ എളുപ്പത്തിൽ സംസ്കരിക്കാൻ സാധിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങളെ കമ്പോസ്റ്റാക്കി മാറ്റാം. പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണി സഞ്ചികൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
കമ്പോസ്റ്റിങ് ഇങ്ങനെയും ചെയ്യാം
പലരീതികളിൽ നമുക്ക് കമ്പോസ്റ്റ് നിർമ്മിക്കാൻ സാധിക്കും. മണ്ണിര കമ്പോസ്റ്റിങ് കൂടാതെ പോർട്ടബിൾ ബയോബിൻ കമ്പോസ്റ്റിങ്, മോസ്പിറ്റ് കമ്പോസ്റ്റിങ്, മൺകല കമ്പോസ്റ്റിങ്, റിങ് കമ്പോസ്റ്റിങ്, കളിമൺ ഭരണികൾ കൊണ്ടുള്ള ജൈവ സംസ്കരണ ഭരണി തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.
ബയോഗ്യാസിന്റെ ഉപയോഗം
അടുക്കള മാലിന്യങ്ങളെ ബയോഗ്യാസ് ആക്കിയും ഉപയോഗപ്രദമാക്കാൻ സാധിക്കും. ഇതുവഴി മാലിന്യങ്ങൾ സംസ്കരിക്കുന്നതിലൂടെ പാചകവാതകവും വളമായി ഉപയോഗിക്കാൻ സാധിക്കുന്ന സ്ലറിയും ലഭിക്കുന്നു. അടുക്കള മാലിന്യങ്ങൾക്കൊപ്പം ചാണകം, ജൈവമാലിന്യങ്ങൾ എന്നിവയും ബയോഗ്യാസ് പ്ലാന്റിൽ നിറക്കാവുന്നതാണ്.
മെഡിക്കൽ മാലിന്യങ്ങളുടെ സംസ്കരണം
എല്ലാ വീടുകളിലും മെഡിക്കൽ മാലിന്യങ്ങൾ ഉണ്ട്. ഇപ്പോഴും പലർക്കും അറിയാത്ത കാര്യമാണ് ഇത് എങ്ങനെ സംസ്കരിക്കുമെന്നത്. ഒരിക്കലും മെഡിക്കൽ മാലിന്യങ്ങൾ വലിച്ചെറിയാൻ പാടില്ല. ഇത് ശേഖരിച്ച് വെച്ചതിന് ശേഷം ശരിയായ രീതിയിൽ സംസ്കരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്.
സെപ്റ്റിക് ടാങ്ക് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കാം
വീടിന്റെ അതിർത്തിയിൽ നിന്നും 1.2 മീറ്ററെങ്കിലും ഉള്ളിലേക്കായിരിക്കണം സെപ്റ്റിക് ടാങ്ക് പണിയേണ്ടത്. ഇനി സ്ഥലം കുറവാണെങ്കിൽ വീട് വയ്ക്കുന്ന സമയം അടിത്തറയുടെ താഴെയായി സെപ്റ്റിക് ടാങ്ക് നിർമ്മിക്കാവുന്നവതാണ്. അതേസമയം കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ നിശ്ചിത ദൂരം ഉണ്ടായിരിക്കണം. കൂടാതെ അടുത്തുള്ള ജലസ്രോതസ്സുകളിൽ നിന്നും എത്ര അകലം ഉണ്ടെന്നും രേഖപ്പെടുത്തേണ്ടതുണ്ട്. കോൺക്രീറ്റ് ടാങ്ക് നിർമ്മിക്കുന്നതാണ് കൂടുതൽ ഉചിതം. സ്ഥലപരിമിതി മൂലം മുറികളുടെയും സിറ്റൗട്ടിന്റെയും താഴെ സെപ്റ്റിക് ടാങ്ക് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കണം. ഭാവിയിൽ വീട് പുതുക്കി പണിയുമ്പോൾ നിർമാണ പ്രവർത്തനത്തെ ബാധിക്കാത്ത വിധത്തിലാകണം ഇത് ചെയ്യേണ്ടത്.