
വീട് പണിതുകഴിഞ്ഞതിന് ശേഷം നമ്മുടെ ഇഷ്ടത്തിനും ആവശ്യത്തിനും അനുസരിച്ച് പലതരം മാറ്റങ്ങൾ വീട്ടിൽ വരുത്താറുണ്ട്. വീട് എപ്പോഴും ഭംഗിയോടെ ഇരിക്കണമെന്നാണ് നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴും ഈയൊരു കാര്യത്തിൽ മാത്രമായി ഒതുങ്ങി കൂടുന്നു. വീട് വയ്ക്കുമ്പോൾ ഭംഗിയും അതിനോടൊപ്പം തന്നെ സൗകര്യങ്ങളും അത്യാവശ്യമാണ്. സ്ഥലക്കുറവ് കാരണം അടുക്കള രണ്ടാമത് പുതുക്കിപ്പണിയുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. അടുക്കള പുതുക്കി പണിയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ബജറ്റ് തീരുമാനിക്കണം
ആവശ്യം വരുന്നതിനനുസരിച്ച് സാധനങ്ങൾ വാങ്ങാൻ നിക്കരുത്. ഓരോ തവണയായി ചെറിയ തുക ചിലവാക്കുമ്പോഴേക്കും അതൊരു വലിയ തുകയായി മാറുന്നു. പുതുക്കി പണിയാൻ തീരുമാനിക്കുമ്പോൾ തന്നെ മുഴുവൻ ചിലവും എത്രയെന്ന് മനസിലാക്കി ബജറ്റ് തയാറാക്കാൻ ശ്രദ്ധിക്കണം.
ആവശ്യങ്ങൾ എന്തൊക്കെയെന്ന് മനസിലാക്കാം
പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കിയതിന് ശേഷം മാത്രമേ പുതുക്കി പണിയാനുള്ള തീരുമാനം എടുക്കാൻ പാടുള്ളു. അടുക്കളയിലെ സൗകര്യക്കുറവുകൾ എന്തൊക്കെയാണെന്ന് മനസിലാക്കിയതിന് ശേഷം ആവശ്യങ്ങൾ കൃത്യമായി ഡിസൈനറോട് പറയണം.
സ്ഥലങ്ങൾ ക്രമീകരിക്കാം
പാചകം ചെയ്യൽ, വൃത്തിയാക്കൽ, പാത്രം കഴുകൽ തുടങ്ങി പലതരം ജോലികളാണ് അടുക്കളയിൽ ഉള്ളത്. അതിനാൽ തന്നെ ഒന്നിൽ കൂടുതൽ ആളുകൾ അടുക്കളയിൽ പണിയെടുക്കുമ്പോൾ അടുത്ത് നിൽക്കുന്ന ആളുടെ ജോലി തടസ്സപ്പെടാത്ത രീതിയിലാവണം അടുക്കളയുടെ ഓരോ ഭാഗങ്ങളും ക്രമീകരിക്കേണ്ടത്.
പ്രകാശത്തിന്റെ ലഭ്യത
അടുക്കളയിൽ ജോലി ചെയ്യണമെങ്കിൽ ശരിയായ രീതിയിലുള്ള പ്രകാശം അത്യാവശ്യമാണ്. ടാസ്ക് ലൈറ്റിംഗ്, ബ്രൈറ്റ് ലൈറ്റിംഗ്, ഡെക്കറേറ്റീവ് ലൈറ്റിംഗ് എന്നിങ്ങനെ മൂന്ന് തരത്തിലായിരിക്കണം അടുക്കളയിൽ ലൈറ്റുകൾ ക്രമീകരിക്കേണ്ടത്.
പഴയ അടുക്കള
അടുക്കള പുതുക്കിപ്പണിയുമ്പോൾ പഴയത് എക്സ്റ്റന്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ കിച്ചൻ റെനോവേഷൻ എക്സ്പർട്ടിനെ സമീപിച്ചതിന് ശേഷം മാത്രം തുടർ പ്രവർത്തനങ്ങൾ ചെയ്യാം. ഇല്ലെങ്കിൽ അബദ്ധങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.
ട്രെൻഡ് മനസിലാക്കാം
അടുക്കള നിർമ്മിക്കാൻ മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചിലവ് കുറഞ്ഞതും ഭംഗിയും മാത്രമുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുത്താൽ വൃത്തിയാക്കുന്നതുൾപ്പെടെ പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ട്രെൻഡ് മനസിലാക്കി മാത്രം സാധനങ്ങൾ വാങ്ങിക്കാം.