
മഴ ആസ്വദിക്കാൻ ഇഷ്ടമാണെങ്കിലും മഴക്കാലത്ത് പലതരം പ്രതിസന്ധികൾ നമ്മൾ നേരിടേണ്ടതായി വരുന്നു. പ്രത്യേകിച്ചും പകർച്ചാവ്യാധികൾ, പനി എന്നിവ പകരും. വായുവിൽ ഈർപ്പം തങ്ങി നിൽക്കുന്നതുകൊണ്ട് തന്നെ അണുക്കൾ വളരുന്നു. ഇത് കൂടുതലും ബാധിക്കുന്നത് അടുക്കളയെ ആണ്. പാചകം ചെയ്യുന്നതുകൊണ്ട് തന്നെ അടുക്കളയിൽ എപ്പോഴും ഈർപ്പം ഉണ്ടാകുന്നു. ഇത് ഭക്ഷണ സാധനങ്ങൾ പെട്ടെന്ന് കേടുവരാൻ കാരണമാകും.
പാചകം ചെയ്യുമ്പോൾ അടുക്കളയിൽ ചൂട് തങ്ങി നിൽക്കുകയും ഇത് ഈർപ്പം ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു. അതിനാൽ തന്നെ അടുക്കളയിൽ എക്സ്ഹോസ്റ്റ് ഫാൻ ആവശ്യമാണ്. ഇത് ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. പൊടിപടലങ്ങൾ അടിഞ്ഞുകൂടുമ്പോൾ അലർജിപോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.
ഭക്ഷണ സാധനങ്ങൾ വായുക്കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഉപ്പ്, പഞ്ചസാര തുടങ്ങിയവ വായുസമ്പർക്കം ഉണ്ടാവാത്ത രീതിയിൽ സൂക്ഷിക്കാം. ഈർപ്പം ഉണ്ടാകുമ്പോൾ ഇതിന്റെ രുചിയിലും ഘടനയിലും മാറ്റങ്ങൾ സംഭവിക്കുന്നു.
സുഗന്ധവ്യഞ്ജനങ്ങൾ
ഭക്ഷണത്തിന്റെ സ്വാദ് കൂട്ടാൻ മാത്രമല്ല നിരവധി ഗുണങ്ങളും സുഗന്ധവ്യഞ്ജനങ്ങളിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ശരിയായ രീതിയിൽ ഇത് സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോകുന്നു. മഴക്കാലത്ത് ഈർപ്പമില്ലാത്ത സ്ഥലത്താവണം സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കേണ്ടത്.
സിങ്ക് പൈപ്പുകളും ഡ്രെയിനുകളും
അടുക്കളയിൽ ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളാണ് സിങ്ക് പൈപ്പും ഡ്രെയിനും. ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും അടിഞ്ഞുകൂടിയാൽ അണുക്കൾ വളരുകയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ഡ്രെയിൻ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
പഴങ്ങളും പച്ചക്കറികളും
പഴങ്ങളിലും പച്ചക്കറികളിലും ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു. പ്രത്യേകിച്ചും മഴക്കാലങ്ങളിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം.