
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് പാവയ്ക്ക. രോഗ പ്രതിരോധ ശേഷി കൂട്ടാനും മെറ്റബോളിസം മെച്ചപ്പെടുത്താനും ഇതിന് സാധിക്കും. എന്നാൽ പാവയ്ക്കാരുടെ രുചി എല്ലാവർക്കും ഇഷ്ടപ്പെടാറില്ല. എന്തൊക്കെ ചെയ്താലും പാവയ്ക്കയുടെ കഠിനമായ കയ്പ്പ് അകറ്റുന്നത് കുറച്ചധികം പണിയുള്ള കാര്യമാണ്. ഇതിന്റെ കയ്പ്പ് പൂർണമായും നീക്കം ചെയ്യാൻ സാധിക്കില്ലെങ്കിലും കുറയ്ക്കാൻ കഴിയും. ഇത്രയും മാത്രം ചെയ്താൽ മതി.
പാവയ്ക്കയുടെ തൊലി പൂർണമായും നീക്കം ചെയ്തതിന് ശേഷം നന്നായി കഴുകണം. അതുകഴിഞ്ഞ് പാവയ്ക്ക ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് സൂക്ഷിക്കാം. ഇത് കയ്പ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
തൊലി നന്നായി കളഞ്ഞതിന് ശേഷം പാവയ്ക്കയുടെ ഉള്ളിലുള്ള വിത്തുകൾ പൂർണമായും നീക്കം ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാൻ നല്ലതാണ്.
ഉപ്പ് ഉപയോഗിക്കാം
ഉപ്പ് ഉപയോഗിച്ചും പാവയ്ക്കയുടെ കയ്പ്പ് അകറ്റാൻ സാധിക്കും. തൊലി കളഞ്ഞതിന് ശേഷം പാവയ്ക്ക കഷ്ണങ്ങളാക്കി മുറിക്കാം. അതുകഴിഞ്ഞ് ഉപ്പു ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മതി. കയ്പ്പ് ഇല്ലാതാകും. അതേസമയം തിളപ്പിച്ച ഉപ്പ് വെള്ളത്തിൽ പാവയ്ക്ക മുക്കിവയ്ക്കുന്നതും കയ്പ്പ് അകറ്റാൻ സഹായിക്കുന്നു.
നീര് കളയാം
പാവയ്ക്കയിൽ ഉപ്പ് പുരട്ടിയതിന് ശേഷം കുറച്ച് നേരം അങ്ങനെ തന്നെ വെച്ചിരിക്കാം. അതുകഴിഞ്ഞ് പാവയ്ക്കയുടെ നീര് നന്നായി പിഴിഞ്ഞ് കളഞ്ഞതിന് ശേഷം പാചകം ചെയ്യാവുന്നതാണ്.
തൈര്
തൈര് ഉപയോഗിച്ചും പാവയ്ക്കയിലെ കയ്പ്പിനെ നീക്കം ചെയ്യാൻ സാധിക്കും. പാചകം ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പ് തൈരിൽ മുക്കിവെച്ചാൽ മതി. കൈപ്പിന്റെ കാഠിന്യം ഇതിലൂടെ കുറയ്ക്കാൻ സാധിക്കുന്നു.