
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് കറിവേപ്പില. നിരവധി ഗുണങ്ങൾ അടങ്ങിയ ഇത് ഭക്ഷണങ്ങൾക്ക് രുചി നൽകാനാണ് കൂടുതലും ഉപയോഗിക്കാറുള്ളത്. കറിവേപ്പിലയുടെ ഗന്ധവും, ഇതിന്റെ ആന്റിബാക്റ്റീരിയൽ ഗുണങ്ങളും അടുക്കള വൃത്തിയാക്കാനും നല്ലതാണ്. കറിവേപ്പില ഉപയോഗിച്ച് ഇങ്ങനെ ചെയ്തു നോക്കൂ. അടുക്കള എളുപ്പം വൃത്തിയാക്കാൻ സാധിക്കും.
ദുർഗന്ധം അകറ്റാം
അടുക്കളയിൽ ദുർഗന്ധം ഉണ്ടാവാൻ നിരവധി കാരണങ്ങളാണ് ഉള്ളത്. അതിൽ ഒന്നാണ് സിങ്ക് ഡ്രെയിൻ. പാത്രങ്ങളും പച്ചക്കറികളും കഴുകുമ്പോൾ അവശിഷ്ടങ്ങൾ സിങ്കിലേക്ക് ഒഴിക്കുകയും പിന്നീടിത് ഡ്രെയിനിൽ അടിഞ്ഞുകൂടുകയും ദുർഗന്ധം ഉണ്ടാവാനും കാരണമാകുന്നു. ഡ്രെയിനിലെ ദുർഗന്ധത്തെ അകറ്റാൻ കറിവേപ്പിലയ്ക്ക് സാധിക്കും. കുറച്ച് വെള്ളം എടുത്തതിന് ശേഷം അതിലേക്ക് കറിവേപ്പിലയിട്ട് നന്നായി തിളപ്പിക്കാം. തണുത്തതിന് ശേഷം ഡ്രെയിനിലേക്ക് ഒഴിച്ചാൽ മതി.
സ്റ്റൗ വൃത്തിയാക്കാം
കറിവേപ്പിലയിൽ വെള്ളം തളിച്ച് കുഴമ്പ് പോലെ അരച്ചെടുക്കണം. ശേഷം കരിപിടിച്ച ഗ്യാസ് സ്റ്റൗവിൽ തേച്ചുപിടിപ്പിക്കാം. ഇത് ഏതു കഠിന കറയെയും എളുപ്പം വൃത്തിയാക്കാൻ സഹായിക്കുന്നു. നല്ല സുഗന്ധം പരത്താനും കറിവേപ്പിലയ്ക്ക് സാധിക്കും.
ഫ്രിഡ്ജിലെ ദുർഗന്ധം
ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും ഉണ്ടാവുമ്പോൾ ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം വരുന്നു. ഫ്രിഡ്ജിലെ ദുർഗന്ധത്തെ അകറ്റാൻ കറിവേപ്പില മതി. ഒരു പാത്രത്തിൽ കുറച്ച് കറിവേപ്പില എടുത്തതിന് ശേഷം ഫ്രിഡ്ജിനുള്ളിൽ തുറന്ന് സൂക്ഷിക്കാം. ഇത് ഭക്ഷണത്തിന്റെ ഗന്ധത്തെ ആഗിരണം ചെയ്യുകയും ദുർഗന്ധത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഫ്രിഡ്ജിനുള്ളിൽ നല്ല ഗന്ധം പരത്തുന്നു.
സ്റ്റെയിൻലെസ് സ്റ്റീൽ വസ്തുക്കൾ
മങ്ങിപ്പോയ സ്റ്റെയിൻലെസ് സ്റ്റീൽ വസ്തുക്കൾ തിളക്കമുള്ളതാക്കാനും കറിവേപ്പിലയ്ക്ക് സാധിക്കും. അടുക്കള സിങ്ക്, ഉപകരണങ്ങൾ എന്നിവ കറിവേപ്പില ഉപയോഗിച്ച് പോളിഷ് ചെയ്യാം. ഇത് വസ്തുക്കളിലെ അഴുക്കിനെ കളഞ്ഞ് തിളക്കമുള്ളതാക്കുന്നു.
ഉറുമ്പിനെ തുരത്താം
നന്നായി ഉണക്കി പൊടിച്ചെടുത്ത കറിവേപ്പില, ഉറുമ്പ് വരുന്ന ഭാഗങ്ങളിലും, അടുക്കള ഷെൽഫിലും, വിതറിയിടാം. ഇതിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ ഉറുമ്പിൻ സാധിക്കില്ല.