
ബാക്കിവന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കേടുവരാതിരിക്കുമെങ്കിലും ചില ഭക്ഷണങ്ങൾക്ക് തണുപ്പ് അത്ര നല്ലതല്ല. ഇത് ഭക്ഷണത്തിന്റെ ഘടനയിലും രുചിയിലും മാറ്റങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. കൂടാതെ ഭക്ഷണം പെട്ടെന്ന് കേടായിപ്പോവുകയും ചെയ്യും. ഫ്രിഡ്ജിൽ നിന്നുമെടുക്കുന്ന തക്കാളിയും ബ്രഡുമൊക്കെ കേടുവരാൻ കാരണം ഇതാണ്. ഈ ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ ഉടൻ മാറ്റിക്കോളൂ.
പഴം
തണുപ്പ് കൂടുമ്പോൾ പഴം പെട്ടെന്ന് പഴുക്കുന്നു. ഫ്രഷായിരിക്കുന്നതിന് പകരം പഴത്തിന്റെ നിറം മാറാനും കട്ടികൂടാനും സാധ്യതയുണ്ട്. അതിനാൽ തന്നെ പഴം എപ്പോഴും റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
തക്കാളി
ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ തക്കാളി കേവുവരാൻ സാധ്യതയുണ്ട്. കൂടാതെ തക്കാളിയുടെ കട്ടി കുറഞ്ഞ് മൃദുലമായിപ്പോകാനും കാരണമാകും. ഇത് തക്കാളിയുടെ രുചിയെ ബാധിക്കുന്നു. അതിനാൽ തന്നെ തക്കാളി ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം.
സവാള
ഈർപ്പം ഉണ്ടാകുന്നത് കൊണ്ട് തന്നെ സവാള ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. സവാള എളുപ്പത്തിൽ ഈർപ്പത്തെ വലിച്ചെടുക്കുന്നു. ഇതുമൂലം സവാളയിൽ പൂപ്പൽ ഉണ്ടാവുകയും കേടുവരാനും കാരണമാകുന്നു.
ഉരുളകിഴങ്ങ്
ഉരുളകിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ തണുപ്പ് കാരണം അതിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച്ച് പെട്ടെന്ന് ഷുഗറായി മാറും. ഇത് ഉരുളക്കിഴങ്ങിന്റെ രുചിയെ നന്നായി ബാധിക്കുന്നു. അതിനാൽ തന്നെ അധികം വെളിച്ചവും ചൂടുമില്ലാത്ത സ്ഥലങ്ങളിൽ ഉരുളകിഴങ്ങ് സൂക്ഷിക്കാം.
ബ്രെഡ്
ബ്രെഡ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതാണെന്നാണ് നമ്മളിൽ പലരും കരുതുന്നത്. എന്നാൽ അമിതമായി തണുപ്പ് ഉണ്ടാകുമ്പോൾ ബ്രെഡ് ഡ്രൈ ആവുകയും പെട്ടെന്ന് കേടാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ബ്രെഡ് എപ്പോഴും റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുന്നതാണ് നല്ലത്.