
അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സവാള. സാമ്പാർ, തോരൻ, കറികൾ, സാലഡുകൾ, സാൻഡ്‌വിച്ചുകൾ തുടങ്ങി ഒട്ടുമിക്ക വിഭവങ്ങളിലും നമ്മൾ സവാള ചേർക്കാറുണ്ട്. എന്നാൽ സവാള അരിയുമ്പോഴേക്കും അതിന്റെ മണം അടുക്കളയിലാകെ പടരുകയും നമ്മുടെ കണ്ണുകൾ എരിയാനും തുടങ്ങും. ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ഇത് പെട്ടെന്ന് അഴുകിപ്പോകാറുമുണ്ട്. എന്നാൽ ചില ലളിതമായ ശീലങ്ങളിലൂടെ സവാള ദിവസങ്ങളോളം കേടുകൂടാതെയും ദുർഗന്ധമില്ലാതെയും സൂക്ഷിക്കാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് അറിയാം.
മുറിക്കാത്ത സവാളകൾ കൂടുതൽ ദിവസം കേടുകൂടാതെ ഇരിക്കാൻ വായുസഞ്ചാരം അത്യാവശ്യമാണ്. അതിനാൽ ഇവ എപ്പോഴും തണുപ്പുള്ളതും ഉണങ്ങിയതുമായ, നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാം.
സവാള കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ എടുത്തു വെക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ മുഴുവനായുള്ള സവാളകൾ ഫ്രിഡ്ജിലെ തണുപ്പിൽ വെക്കാൻ പാടില്ല. ഫ്രിഡ്ജിനുള്ളിലെ ഈർപ്പം സവാളയിലുള്ള അന്നജത്തെ പഞ്ചസാരയായി മാറ്റുകയും ഇത് സവാള പെട്ടെന്ന് മൃദുലമാകാനും ചീഞ്ഞുപോയി ദുർഗന്ധമുണ്ടാകാനും കാരണമാകുന്നു.
മുറിച്ച സവാളകൾ ഫ്രിഡ്ജിൽ വെക്കുമ്പോൾ ശ്രദ്ധിക്കുക
സവാള മുറിച്ചു കഴിഞ്ഞാൽ പിന്നെ അത് ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കണം. എന്നാൽ മുറിച്ച ഭാഗം തുറന്നുവെച്ച രീതിയിൽ ഫ്രിഡ്ജിൽ വെക്കരുത്. സവാളയുടെ മുറിച്ച ഭാഗം ക്ലിങ് ഫിലിം ഉപയോഗിച്ച് നന്നായി പൊതിഞ്ഞോ, അല്ലെങ്കിൽ ഒരു വായുകടക്കാത്ത പാത്രത്തിലാക്കിയോ ഫ്രിഡ്ജിൽ സൂക്ഷിക്കാം.