തക്കാളി ഇനി പെട്ടെന്ന് ചീഞ്ഞുപോകില്ല; ഫ്രഷായും ജ്യൂസിയായും സൂക്ഷിക്കാൻ ഇതാ ചില എളുപ്പവഴികൾ

Published : Jun 19, 2026, 05:20 PM IST
tomato

Synopsis

തക്കാളി പെട്ടെന്ന് പഴുത്തുപോകുന്നതും, കട്ടി കുറഞ്ഞ് ചീഞ്ഞുപോകുന്നതും അതിന്റെ സ്വാദ് നഷ്ടപ്പെടുന്നതും സാധാരണമാണ്. ഇതിന് കാരണം തക്കാളിയുടെ ഗുണനിലവാരം മാത്രമല്ല അവ സൂക്ഷിക്കുന്ന രീതിയിലെ തെറ്റുകൾ കൂടിയാണ്.

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തക്കാളി. മിക്ക കറികളിലും ദിവസേന ഉപയോഗിക്കുന്നതിനാൽ പലരും തക്കാളി മൊത്തമായി വാങ്ങി സൂക്ഷിക്കാറാണ് പതിവ്. എന്നാൽ തക്കാളി സൂക്ഷിക്കുന്ന രീതി അതിന്റെ സ്വാദിനെയും ഗുണത്തെയും അവ എത്രനാൾ കേടുകൂടാതെ ഇരിക്കും എന്നതിനെയും സ്വാധീനിക്കുന്നു. തക്കാളി പെട്ടെന്ന് പഴുത്തുപോകുന്നതും, കട്ടി കുറഞ്ഞ് ചീഞ്ഞുപോകുന്നതും അതിന്റെ സ്വാദ് നഷ്ടപ്പെടുന്നതും സാധാരണമാണ്. ഇതിന് കാരണം തക്കാളിയുടെ ഗുണനിലവാരം മാത്രമല്ല അവ സൂക്ഷിക്കുന്ന രീതിയിലെ തെറ്റുകൾ കൂടിയാണ്. തക്കാളി കൂടുതൽ ദിവസം ഫ്രഷായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

1. പഴുക്കാത്ത തക്കാളികൾ ഫ്രിഡ്ജിൽ വെക്കരുത്

തക്കാളി വാങ്ങിയ ഉടൻ തന്നെ നേരിട്ട് ഫ്രിഡ്ജിലേക്ക് എടുത്തു വെക്കുന്നത് പലരുടെയും ശീലമാണ്. പ്രത്യേകിച്ചും അവ പൂർണ്ണമായി പഴുത്തിട്ടില്ലെങ്കിൽ. എന്നാൽ ഫ്രിഡ്ജിലെ തണുത്ത അന്തരീക്ഷം തക്കാളി പഴുക്കുന്ന പ്രക്രിയയെ സാവധാനത്തിലാക്കുകയും അതിന്റെ സ്വാദ് കൂട്ടുന്ന എൻസൈമുകളെ നശിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഫ്രിഡ്ജിൽ വെക്കുന്ന തക്കാളികൾക്ക് സ്വാദ് നഷ്ട്പ്പെടുന്നത്. നന്നായി പഴുത്ത് പാകമായ ശേഷം മാത്രം ആവശ്യമെങ്കിൽ ഫ്രിഡ്ജിലേക്ക് മാറ്റാം.

2. ഞെട്ട് താഴേക്ക് വെച്ച് സൂക്ഷിക്കുക

തക്കാളി എങ്ങനെ വെക്കുന്നു എന്നത് കേൾക്കുമ്പോൾ ചെറിയ കാര്യമായി തോന്നാമെങ്കിലും ഇതിന് വലിയ പ്രാധാന്യമുണ്ട്. തക്കാളിയുടെ ഞെട്ട് മുകളിലേക്ക് വരുംവിധം വെക്കുമ്പോൾ ആ ഭാഗത്തിലൂടെ വായുവും ഈർപ്പവും ഉള്ളിലേക്ക് കടക്കാൻ സാധ്യതയുണ്ട്. ഇത് തക്കാളി വേഗത്തിൽ ചീഞ്ഞുപോകാൻ കാരണമാകും. അതിനാൽ, തക്കാളിയുടെ ഞെട്ടുള്ള ഭാഗം എപ്പോഴും താഴേക്ക് വെക്കുക.

3. പ്ലാസ്റ്റിക് കവറുകളിൽ അടച്ചുവെക്കരുത്

തക്കാളി പ്ലാസ്റ്റിക് കവറുകളിൽ കെട്ടിവെക്കുമ്പോൾ അതിനുള്ളിൽ ഈർപ്പം കെട്ടിക്കിടക്കുകയും വായുസഞ്ചാരം തടസ്സപ്പെടുകയും ചെയ്യും. ഇത് പൂപ്പൽ വരാനും തക്കാളിയുടെ തൊലി ചുളിയാനും കാരണമാകും. തക്കാളി എപ്പോഴും ഫ്രഷായിരിക്കാൻ വായുസഞ്ചാരം അത്യാവശ്യമാണ്. അതിനാൽ പ്ലാസ്റ്റിക് കവറുകൾക്ക് പകരം വായുസഞ്ചാരമുള്ള തുറന്ന പാത്രങ്ങളിൽ സൂക്ഷിക്കാം.

4. നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലങ്ങളിൽ വെക്കരുത്

നന്നായി പഴുത്ത തക്കാളികൾ വീണ്ടും വെയിൽ അടിക്കുന്ന സ്ഥലത്ത് വെച്ചാൽ അവ അമിതമായി മൃദുവാകുകയും ഉള്ളിലെ നീര് വറ്റിപ്പോകുകയും ചെയ്യും. നന്നായി പഴുത്ത തക്കാളികൾ അടുക്കളയിലെ പ്രകാശമില്ലാത്തതും തണുപ്പുള്ളതുമായ ഭാഗത്തേക്ക് മാറ്റുക.

5. മറ്റുള്ള പച്ചക്കറികളുമായി ചേർത്തു വെക്കരുത്

തക്കാളിയിൽ നിന്ന് എഥിലീൻ എന്ന വാതകം പുറന്തള്ളുന്നുണ്ട്. ഇത് തക്കാളി വേഗത്തിൽ പഴുക്കാൻ സഹായിക്കുന്ന ഒന്നാണ്. എന്നാൽ തക്കാളി മറ്റ് പച്ചക്കറികളുടെ ഒപ്പം വെച്ചാൽ ഈ വാതകം കാരണം ആ പച്ചക്കറികളും പെട്ടെന്ന് ചീഞ്ഞുപോകാൻ കാരണമാകും. അതിനാൽ തക്കാളി എപ്പോഴും മറ്റ് പച്ചക്കറികളിൽ നിന്ന് അല്പം മാറ്റി സൂക്ഷിക്കുന്നതാണ് നല്ലത്.

PREV
Read more Articles on
click me!

Recommended Stories

മണ്ണില്ലാതെ ബാൽക്കണിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ചെടികൾ
മഴക്കാലത്ത് കൊതുകിനെ തുരത്താൻ വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ