ഓണത്തിന് ബാക്കി വന്ന പായസം എന്തുചെയ്തു? ഫ്രിഡ്ജിൽ വെക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം

Published : Aug 28, 2026, 10:01 PM IST
payasam

Synopsis

ബാക്കി വന്ന സാമ്പാറും പുളിശ്ശേരിയും പിറ്റേദിവസം ഉപയോഗിക്കാമെങ്കിലും, അളവ് കൂടിയ പായസം കേടുകൂടാതെ സൂക്ഷിക്കുന്നത് അത്ര എളുപ്പമല്ല.

സദ്യയും ആഘോഷങ്ങളുമൊക്കെ കഴിയുമ്പോൾ പലപ്പോഴും പായസം ബാക്കി വരാറുണ്ട്. ഇത് എന്തുചെയ്യണമെന്നത് മിക്ക വീട്ടമ്മമാരുടെയും പ്രശ്നമാണ്. ബാക്കി വന്ന സാമ്പാറും പുളിശ്ശേരിയും പിറ്റേദിവസം ഉപയോഗിക്കാമെങ്കിലും, അളവ് കൂടിയ പായസം കേടുകൂടാതെ സൂക്ഷിക്കുന്നത് അത്ര എളുപ്പമല്ല. സാധാരണയായി എല്ലാവരും ബാക്കി വരുന്ന പായസം ഫ്രിഡ്ജിൽ വെച്ച് ദിവസങ്ങളോളം ഉപയോഗിക്കാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പായസം എളുപ്പം കേടാവും. ഈ തെറ്റുകൾ ഒഴിവാക്കാം.

പായസം ഫ്രിഡ്ജിൽ എത്ര ദിവസം വെക്കാം?

പായസത്തിൽ ഉപയോഗിക്കുന്ന ചേരുവകൾ അനുസരിച്ചാണ് അത് എത്രനാൾ കേടുകൂടാതെയിരിക്കും എന്ന് പറയാൻ കഴിയുക. പാൽ, മിൽക്ക്മെയ്ഡ് പായസം, സേമിയ, പാൽപ്പൊടി എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പായസങ്ങൾ രണ്ടോ മൂന്നോ ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ വെക്കുന്നത് നല്ലതല്ല. പശുവിൻ പാൽ പെട്ടെന്ന് പിരിഞ്ഞുപോകാനും ചീത്തയാകാനും സാധ്യതയുണ്ട്. തേങ്ങാപ്പാലും ശർക്കരയും ചേർത്ത് നന്നായി തിളപ്പിച്ചുണ്ടാക്കുന്ന അടപ്രഥമൻ, പരിപ്പ് പ്രഥമൻ പോലുള്ള പായസങ്ങൾ മൂന്നോ നാലോ ദിവസം വരെ ഫ്രിഡ്ജിൽ കേടുകൂടാതെയിരിക്കും. പശുവിൻ പാലിനെ അപേക്ഷിച്ച് തേങ്ങാപ്പാൽ പായസം കൂടുതൽ ദിവസം നിലനിൽക്കും.

പായസം ഫ്രിഡ്ജിൽ വെക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം

  1. ചൂടോടെ ഫ്രിഡ്ജിൽ വെക്കരുത്

ബാക്കി വന്ന പായസം ചൂടോടുകൂടി ഫ്രിഡ്ജിൽ വെക്കരുത്. ഇങ്ങനെ ചെയ്താൽ ഫ്രിഡ്ജിനകത്തെ തണുപ്പ് കുറയുകയും അണുക്കൾ വേഗത്തിൽ വളരാൻ ഇടയാക്കുകയും ചെയ്യും.

2. മുഴുവനായി വീണ്ടും ചൂടാക്കരുത്

ഫ്രിഡ്ജിൽ നിന്ന് പായസം മുഴുവനായി പുറത്തെടുത്ത് ചൂടാക്കി, ബാക്കി വരുന്നത് വീണ്ടും ഫ്രിഡ്ജിൽ വെക്കുന്ന ശീലം തെറ്റാണ്. ഇത് പായസം പെട്ടെന്ന് ചീത്തയാകാൻ കാരണമാകും. കഴിക്കാൻ ആവശ്യമായ അളവിൽ മാത്രം ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റി ചൂടാക്കുക.

3. തുറന്ന പാത്രത്തിൽ സൂക്ഷിക്കരുത്

പായസം അടപ്പില്ലാത്ത പാത്രത്തിൽ ഫ്രിഡ്ജിൽ വെച്ചാൽ, മറ്റ് ഭക്ഷണസാധനങ്ങളുടെ മണവും ബാക്ടീരിയയും ഇതിൽ കലരും. എപ്പോഴും വായു കടക്കാത്ത ഗ്ലാസ് പാത്രങ്ങളിലോ ഫുഡ്-ഗ്രേഡ് കണ്ടെയ്‌നറുകളിലോ അടച്ചു സൂക്ഷിക്കുക.

4. വീണ്ടും ചൂടാക്കുമ്പോൾ ശ്രദ്ധിക്കുക

ഫ്രിഡ്ജിൽ നിന്നെടുത്ത തേങ്ങാപ്പാൽ പായസം ഉയർന്ന തീയിലിട്ട് തിളപ്പിക്കരുത്. ഇങ്ങനെ ചെയ്താൽ തേങ്ങാപ്പാൽ പിരിഞ്ഞുപോകാൻ സാധ്യതയുണ്ട്. എപ്പോഴും കുറഞ്ഞ തീയിൽ ചെറുതായി മാത്രം ചൂടാക്കിയെടുക്കുക.

PREV
Read more Articles on
click me!

Recommended Stories

സ്ട്രെസ് കുറയ്ക്കാൻ വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 6 ചെടികൾ
പ്ലാസ്റ്റിക്, തടി, സ്റ്റീൽ? ഏതുതരം ചോപ്പിംഗ് ബോർഡാണ് ആരോഗ്യത്തിന് നല്ലത്; അറിയാം