താരൻ അകറ്റാൻ നാല് തരം ഹെയർ പാക്കുകൾ

By Web TeamFirst Published Dec 25, 2018, 9:17 AM IST
Highlights

ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് താരൻ. താരൻ പിടിപെട്ടാൽ മുടികൊഴിച്ചിൽ, ചൊറിച്ചിൽ എന്നിവ ഉണ്ടാകും. തലയിലെ താരൻ പുരികത്തിലും വരാനുള്ള സാധ്യത കൂടുതലാണ്. താരൻ അകറ്റാൻ  വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന നാല് തരം ഹെയർ പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.
 

എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് തലയിലെ താരന്‍. ചൊറിച്ചില്‍, കഠിനമായ മുടികൊഴിച്ചില്‍, എന്നിവയാണ് താരന്റെ പ്രധാന ലക്ഷണങ്ങൾ. താരൻ അകറ്റാൻ ഇന്ന് നിരവധി മരുന്നുകൾ കടകളിൽ ലഭ്യമാണ്. താരൻ അകറ്റാൻ ഏറ്റവും നല്ലതാണ് വെളിച്ചെണ്ണ. ആഴ്ച്ചയിലൊരിക്കൽ അൽപം വെളിച്ചെണ്ണ പുരട്ടി തലമുടി നന്നായി മസാജ് ചെയ്യുക. 

രണ്ടു മണിക്കൂറിനു ശേഷം തിളച്ച വെള്ളത്തിൽ ടവൽ മുക്കിപ്പിഴിഞ്ഞ് തലമുടിയിൽ ചുറ്റി വച്ച് നന്നായി ആവി പിടിക്കുക. അതിനു ശേഷം ഷാംപുവോ താളിയോ ഉപയോഗിച്ചു കഴുകിക്കളയുക. ആഴ്ച്ചയിൽ മൂന്ന് തവണയെങ്കിലും ഇത് ചെയ്യാം. താരനുള്ളവർ മറ്റുള്ളവരുടെ തോർത്തും സോപ്പും  ഉപയോ​ഗിക്കരുത്. താരൻ അകറ്റാൻ സഹായിക്കുന്ന നാല് തരം ഹെയർ പാക്കുകൾ പരിചയപ്പെടാം. 

1.തെെര് ഹെയർ പാക്ക്...

തൈര് –അരക്കപ്പ്
തേൻ – ഒരു ടീസ്പൂൺ 
നാരങ്ങാനീര്– ഒരു ടീസ്പൂൺ 

 ആദ്യം ഒരു ബൗളിൽ തെെരും തേനും ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്യുക. ഒരു മണിക്കൂർ സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം നാരങ്ങ നീര് ചേർത്ത് വീണ്ടും യോജിപ്പിക്കുക. ഓരോ മുടിയും മാറ്റി വേണം തലയിൽ ഈ മിശ്രിതം പുരട്ടാൻ. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകാം. താരൻ അകറ്റാൻ നല്ലൊരു ഹെയർ പാക്കാണിത്. 

2.കറ്റാർവാഴ ഹെയർ പാക്ക്...

തൈര്                    3 ടീസ്പൂൺ 
മയോണൈസ്     1 ടീസ്പൂൺ
കറ്റാർവാഴ നീര്   1 ടീസ്പൂൺ

മുകളിൽ പറഞ്ഞ മൂന്ന് ചേരുവകളും ഒരുമിച്ച് യോജിപ്പിച്ച ശേഷം തലമുടിയിൽ പുരട്ടുക. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോ​ഗിച്ച് കഴുകാം. ആഴ്ച്ചയിൽ മൂന്ന് തവണ ഈ പാക്ക് പുരട്ടാം. 

3.അവക്കാഡോ ഹെയർ പാക്ക്...

അവക്കാഡോ       1 എണ്ണം
തേൻ                       2 ടീസ്പൂൺ
ഒലിവെണ്ണ             2 ടീസ്പൂൺ 

അവക്കോഡോ നന്നായി അരച്ചെടുത്ത് അതിൽ തേനും ഒലിവെണ്ണയും യോജിപ്പിച്ച് തലയിൽ പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകുക. താരൻ, പേൻശല്യം എന്നിവ അകറ്റാൻ ഈ പാക്ക് പുരട്ടുന്നത് വളരെ ​ഗുണം ചെയ്യും. 

4. നെല്ലിക്ക ഹെയർ പാക്ക്...

നെല്ലിക്ക പൊടിച്ചത്                  2 ടീസ്പൂൺ
ആര്യവേപ്പില പൊടിച്ചത്        1 ടീസ്പൂൺ 
തെെര്                                            1 ടീസ്പൂൺ

ഒരു ബൗളിൽ നെല്ലിക്ക പൊടിച്ചതും ആര്യവേപ്പില പൊടിച്ചതും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം തെെരും കൂടി ചേർക്കുക. 15 മിനിറ്റ് സെറ്റാകാൻ മാറ്റിവയ്ക്കുക. സെറ്റായി കഴിഞ്ഞാൽ ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടാം.  ശേഷം ചെറുചൂടുവെള്ളത്തിലോ  തണുത്ത വെള്ളത്തിലോ കഴുകാം. 


 

click me!