ഹോർമോണ്‍ കുത്തിവെച്ച ഇറച്ചി കഴിക്കുന്നത് ക്യാന്‍സറിന് കാരണമാകുമെന്ന് വിദഗ്ധ‍ർ

By Web TeamFirst Published Feb 22, 2019, 6:24 PM IST
Highlights

ഹോർമോണ്‍ കുത്തിവെച്ച ഇറച്ചി കൂടുതൽ കഴിക്കുന്നത് ഗർഭാശയ ക്യാൻസർ സാധ്യത കൂട്ടുമെന്ന് വിദഗ്ധ‍ർ

ഹോർമോണ്‍ കുത്തിവെച്ച ഇറച്ചി കൂടുതൽ കഴിക്കുന്നത് ഗർഭാശയ ക്യാൻസർ സാധ്യത കൂട്ടുമെന്ന് വിദഗ്ധ‍ർ. ഗവണ്‍മെന്‍റ് കോളേജിൽ നടന്ന സെമിനാറിലാണ് വിദഗ്ധർ ഇക്കാര്യം പറഞ്ഞത്. ക്യാൻസറിനെ പ്രതിരോധിക്കാൻ ചെറുപ്പം മുതൽ നല്ല ആരോഗ്യശീലങ്ങൾ വളർത്തണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. ക്യത്യമായ ജീവിതശൈലിയിലൂടെയും ഭക്ഷണരീതികളിലൂടെയും ക്യാൻസറിനെ ഫലപ്രദമായി തടയാമെന്ന് വിദഗ്ദര്‍ പറഞ്ഞു.

സ്ത്രീകളില്‍ കണ്ടുവരുന്ന ക്യാന്‍സറുകളില്‍ ഏതാണ്ട് 25 ശതമാനവും ഗര്‍ഭാശയമുഖ ക്യാന്‍സര്‍ ( സെര്‍വിക്കല്‍ ക്യാന്‍സര്‍) ആണ്. കൃത്യസമയത്ത് കണ്ടെത്തുകയും ആവശ്യമായ ചികിൽസയ്ക്ക് വിധേയമാകുകയും ചെയ്താൽ പൂർണമായി ഭേദമാക്കാന്‍ കഴിയും. 

എന്താണ് ഗര്‍ഭാശയ ക്യാന്‍സര്‍?

ഹ്യൂമൻ പാപ്പിലോമ (എച്ച്പിവി) എന്ന വൈറസ് ബാധയെ തുടർന്നാണ് പലപ്പോഴും ഗർഭാശയമുഖ ക്യാൻസർ ഉണ്ടാകുന്നത്.  സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്. 80 ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോള്‍ ഹ്യൂമന്‍ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം എന്നു പറയപ്പെടുന്നു. 70 ശതമാനം സര്‍വിക്കല്‍ ക്യാന്‍സറും എച്ച്പിവി 16 , എച്ച്പിവി 18 എന്നീ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. 

ഗർഭാശയത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന മൂത്രാശയം, മലദ്വാരം തുടങ്ങിയ അവയവങ്ങളിലേക്ക് ഇതു പിന്നീട് വ്യാപിക്കും. ചിലപ്പോള്‍ രോഗം കരളിനെയും ബാധിക്കാം. 

ലക്ഷണങ്ങള്‍.. 

വെള്ളപോക്ക്, രക്തസ്രാവം, വയറുവേദന, നടുവേദന, വ്യക്ക രോഗം, ആര്‍ത്തവം ക്രമം തെറ്റുക, ആര്‍ത്തവമില്ലാത്ത സമയങ്ങളില്‍ രക്തസ്രാവം ഉണ്ടാകുക, ലൈംഗിക ബന്ധത്തിന് ശേഷം രക്തം കാണുക,  കരളിനെ ബാധിച്ചാല്‍ വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 

രോഗ നിര്‍ണ്ണയം.. 

പാപ്സ്മിയർ ടെസ്റ്റിലൂടെ രോഗം കണ്ടെത്താന്‍ കഴിയും. മുപ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ തീര്‍ച്ചയായും ഈ ടെസ്റ്റ് ചെയ്തിരിക്കണം. 

ചികിത്സ.. 

റേഡിയേഷൻ ചികിത്സയാണ് കൂടുതലായും സെർവിക്കൽ ക്യാന്‍സർ ബാധിച്ചവരിൽ നടത്തുന്നത്. രോഗം ആദ്യഘട്ടത്തിലും രോഗി വളരെ ചെറുപ്പവുമാണെങ്കിൽ അണ്ഡാശയത്തിന്‍റെ പ്രവർത്തനം നിലനിർത്തിക്കൊണ്ടുള്ള ചികിൽസ എന്ന നിലയ്ക്ക് ശസ്ത്രക്രിയയ്ക്കു വിധേയയാകാവുന്നതാണ്. 

click me!