
മനുഷ്യനായി പിറന്നാൽ ഒരിക്കൽ മരിക്കണം. മരണത്തെക്കുറിച്ച് എല്ലാവർക്കും ഒരു ഭയമുണ്ട്. അതുകൊണ്ടുതന്നെ മരണത്തെക്കുറിച്ച് സംസാരിക്കാൻ പലർക്കും ഇഷ്ടമല്ല. എന്നാൽ ഐ.സി.യുവിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് മരണം ഒരു സാധാരണ കാഴ്ചയാണ്. ഫ്ലോറിഡയിൽ നിന്നുള്ള 29 വയസ്സുകാരിയായ നഴ്സ് കേർസ്റ്റി റോബർട്ട്സ് തൻ്റെ കൺമുന്നിൽ നിരവധി രോഗികൾ മരിക്കുന്നത് കണ്ടിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി ഈ രംഗത്തുള്ള കേർസ്റ്റി, രോഗികൾ അവരുടെ അവസാന നിമിഷങ്ങളിൽ എങ്ങനെയാണ് പെരുമാറുന്നതെന്ന് വിവരിക്കുകയാണ്.
മരണത്തിന് മുമ്പ് രോഗികൾ ചില വാക്കുകൾ പറയുമെന്നും മരണത്തിന് തൊട്ടുമുമ്പ് പല രോഗികൾക്കും ഒരുതരം ആത്മീയമായ മാറ്റം ഉണ്ടാകുമെന്നും കേർസ്റ്റി പറയുന്നു. ഈ മാറ്റം മെഡിക്കൽ സയൻസിന് പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇതൊരു ഇടവേള പോലെയാണ്. മരിക്കാൻ പോകുന്ന രോഗിക്ക് ഇത് വിചിത്രമായ ഒരു സമാധാനം നൽകുമെന്നും കേർസ്റ്റി കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ കേർസ്റ്റിയുടെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. ആറ് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. രോഗികൾ പുറമേയ്ക്ക് ആരോഗ്യവാന്മാരായി കാണപ്പെട്ടാലും, അവർ ഉള്ളിൽ മരണത്തെ നേരിടുകയായിരിക്കുമെന്നും മിക്കവാറും എല്ലാവരും ഒരേപോലെയുള്ള കാര്യങ്ങളാണ് പറയുന്നതെന്നും കേർസ്റ്റി വ്യക്തമാക്കുന്നു.
"എൻ്റെ വീട്ടുകാരോട് ഞാൻ അവരെ ഒരുപാട് സ്നേഹിക്കുന്നു എന്ന് പറയണം" എന്ന് ചിലർ പറയും. "എനിക്ക് എന്തോ ഒരു പന്തികേട് തോന്നുന്നു" എന്ന് മറ്റുചിലർ പറയുമ്പോൾ, "ഞാൻ മരിക്കാൻ പോവുകയാണെന്ന് എനിക്കറിയാം" എന്ന് പറയുന്നവരുമുണ്ട്. "ആരോ എന്നെ വിളിക്കുന്നുണ്ട്" എന്ന് ചില രോഗികൾ പറയാറുണ്ടെന്നും, ഈ വാക്ക് പറഞ്ഞ് അധികം വൈകാതെ അവർ മരിക്കുമെന്നും കേർസ്റ്റി പറയുന്നു.
ചില സമയങ്ങളിൽ രോഗികൾ സുഖം പ്രാപിച്ചുവരുന്നതായി തോന്നും. അവരുടെ എല്ലാ ടെസ്റ്റ് റിപ്പോർട്ടുകളും നോർമൽ ആയിരിക്കും. എന്നാൽ പെട്ടെന്ന് എല്ലാം മാറിമറിയും. മെഷീനുകൾക്ക് പോലും അത് കണ്ടെത്താൻ കഴിയില്ല. മരുന്നുകൾ ഫലിക്കാതെ വരും. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലാവില്ല. ആ സമയത്ത് ആത്മാവ് ശരീരം വിട്ടുപോകാൻ തയ്യാറെടുക്കുകയാണെന്നാണ് കേർസ്റ്റി പറയുന്നത്. കേർസ്റ്റിയുടെ വീഡിയോയ്ക്ക് താഴെ നിരവധിപ്പേർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. വിരമിച്ച ഒരു നഴ്സ് ഈ കാര്യങ്ങൾ ശരിവെയ്ക്കുകയും ചെയ്തു.
രോഗികൾക്ക് അവരുടെ മരണം മുൻകൂട്ടി അറിയാൻ കഴിയുമെന്നാണ് അവർ കുറിച്ചത്. ഇത് മെഡിക്കൽ ഡാറ്റയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. മരണത്തിന് മുമ്പ്, തലച്ചോറ് ശരീരത്തിന് ചില സിഗ്നലുകൾ അയയ്ക്കുമെന്നും, ഇത് ഉത്കണ്ഠയോ അസ്വസ്ഥതയോ ഉണ്ടാക്കാമെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. മരണം ഒരു ശാരീരിക സംഭവം മാത്രമല്ല, വൈകാരികവും ആത്മീയവുമായ ഒരു യാത്ര കൂടിയാണെന്ന് അനുഭവസമ്പത്തുള്ള പല നഴ്സുമാരും വിശ്വസിക്കുന്നു.
രോഗികളുമായി ഉണ്ടാകുന്ന വൈകാരിക ബന്ധത്തെക്കുറിച്ചും കേർസ്റ്റി സംസാരിച്ചു. രോഗികളുമായി ഒരു ബന്ധം സ്ഥാപിക്കുകയും അവസാനം അവരോട് വിടപറയുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. രോഗികളുമായും അവരുടെ കുടുംബവുമായും ആഴത്തിലുള്ള ഒരു ബന്ധം ഉണ്ടാകുന്നു. ഒരു രോഗി മരിക്കുമ്പോൾ അത് വലിയ വേദനയാണ്. എന്നാൽ കാലക്രമേണ അത് അംഗീകരിക്കാൻ പഠിക്കണം. ജീവിതത്തിൽ ഒന്നും ശാശ്വതമല്ല, നമ്മൾ എല്ലാം ഇവിടെ ഉപേക്ഷിച്ചുപോകുമെന്ന് കേർസ്റ്റി വിശ്വസിക്കുന്നു. ദൈവത്തെ സ്നേഹിക്കുക, മറ്റുള്ളവരെ സഹായിക്കുക എന്നാണ് കേർസ്റ്റിയുടെ സന്ദേശം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam