നമ്മൾ കഴിക്കുന്ന ഭക്ഷണം, കഴിക്കുന്ന സമയം, നമ്മുടെ ശരീരം അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നിവയെല്ലാം വയറ്റിലെ കൊഴുപ്പ് കൂടുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
വയറ്റിൽ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പിനെക്കുറിച്ച് ചിന്തിക്കുമ്പോൾ പലരും കരുതുന്നത് ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് കൊണ്ടാണെന്നാണ്. എന്നാൽ അത് മാത്രമല്ല യഥാർത്ഥ കാരണം. നമ്മൾ കഴിക്കുന്ന ഭക്ഷണം, കഴിക്കുന്ന സമയം, നമ്മുടെ ശരീരം അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നിവയെല്ലാം വയറ്റിലെ കൊഴുപ്പ് കൂടുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം ഉണ്ടാക്കുകയും വയറ്റിലെ കൊഴുപ്പ് കൂട്ടുകയും ചെയ്യുന്ന പ്രധാന ഭക്ഷണ തെറ്റുകൾ എന്തൊക്കെയാണെന്ന് അറിയാം.
1. അമിതമായ കാർബോഹൈഡ്രേറ്റും മധുരവും
ബ്രെഡ്, പേസ്ട്രികൾ, മധുരപാനീയങ്ങൾ തുടങ്ങിയ റിഫൈൻഡ് കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകുന്നു. ഇത് നിയന്ത്രിക്കാൻ ശരീരം കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കും. കാലക്രമേണ ശരീരം ഇൻസുലിനോട് പ്രതികരിക്കാത്ത അവസ്ഥയിലെത്തുന്നു, ഇതാണ് ഇൻസുലിൻ റെസിസ്റ്റൻസ്. ശരീരത്തിൽ ഇൻസുലിന്റെ അളവ് കൂടുമ്പോൾ അത് വയറിന് ചുറ്റും കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും.
2. പ്രോട്ടീന്റെയും ഫൈബറിന്റെയും കുറവ്
ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീനും ഫൈബറും ഉൾപ്പെടുത്താത്തതാണ് മറ്റൊരു പ്രധാന തെറ്റ്. ഇവയില്ലാത്ത ഭക്ഷണം കഴിച്ചാൽ പെട്ടെന്ന് വിശക്കുകയും മറ്റ് ആഹാരങ്ങളോട് അമിതമായ ആസക്തി തോന്നുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് തകിടം മറിക്കും. ഇതിന് പകരമായി പരിപ്പുവർഗ്ഗങ്ങൾ, മുഴുധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, അണ്ടിപ്പരിപ്പുകൾ, സീഡ്‌സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വയറ് നിറഞ്ഞതായി തോന്നാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമായി നിലനിർത്താനും സഹായിക്കും.
3. ഭക്ഷണരീതി
കൃത്യമല്ലാത്ത ഭക്ഷണരീതികൾ, രാത്രി വൈകി ആഹാരം കഴിക്കുക, എപ്പോഴും എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കുക എന്നിവ ശരീരത്തിന്റെ സ്വാഭാവിക താളത്തെ ദോഷകരമായി ബാധിക്കും. ഭക്ഷണത്തിന് കൃത്യമായ സമയം നിശ്ചയിക്കുന്നതും, ഇടവേളകളിൽ വീണ്ടും കഴിക്കുന്നത് ഒഴിവാക്കുന്നതും അടുത്ത ഭക്ഷണ സമയമാകുമ്പോഴേക്കും ഇൻസുലിന്റെ അളവ് സാധാരണ നിലയിലാക്കാൻ ശരീരത്തെ സഹായിക്കും. ഇത് മെറ്റബോളിസം പ്രവർത്തനം മെച്ചപ്പെടുത്തും.
4. മാനസിക സമ്മർദ്ദവും ഉറക്കക്കുറവും
മാനസിക സമ്മർദ്ദവും ഉറക്കമില്ലായ്മയും ശരീരത്തെ എത്രത്തോളം ബാധിക്കുമെന്ന് പലരും തിരിച്ചറിയുന്നില്ല. സമ്മർദ്ദം കൂടുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന കോർട്ടിസോൾ എന്ന ഹോർമോൺ ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കും. ഇത് കൂടുതൽ ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും.
5. അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ
ട്രാൻസ് ഫാറ്റുകൾ, റിഫൈൻഡ് ഓയിലുകൾ, അമിതമായി പഞ്ചസാര എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും ശരീരത്തിൽ വിട്ടുമാറാത്ത വീക്കത്തിന് കാരണമാകുന്നു. ഇത് ഇൻസുലിൻ റെസിസ്റ്റൻസിലേക്കും മറ്റ് മെറ്റബോളിക് പ്രശ്നങ്ങളിലേക്കും നയിക്കും.


