വരന്‍റെ വീട്ടില്‍ ടോയ്‌ലറ്റുണ്ടോ, തെളിവായി സെല്‍ഫി കാട്ടൂ; വധുവിന് വിവാഹസഹായമുറപ്പ്

By Web TeamFirst Published Oct 11, 2019, 12:49 PM IST
Highlights

വരന്‍റെ വീട്ടില്‍ ടോയ്‌ലറ്റ് ഉണ്ടെന്ന് വധു തെളിയിച്ചാല്‍ മാത്രമേ ധനസഹായത്തിനുള്ള ആപ്ലിക്കേഷന്‍ ഫോം അധികൃതര്‍ സ്വീകരിക്കുകയുള്ളൂ

ഭോപ്പാല്‍: എല്ലാവരുടേയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണ് വിവാഹം. ജീവിതത്തില്‍ അതുപോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് വീട്ടില്‍ 
ടോയ്‌ലറ്റ് ഉണ്ടാവുക എന്നാണ്  മധ്യപ്രദേശ് സര്‍ക്കാറിന്‍റെ വാദം. എല്ലാവരുടേയും വീട്ടില്‍ ടോയ്‌ലറ്റ് ഉണ്ടോ എന്ന കാര്യം ഉറപ്പിക്കുന്നതിന് വേണ്ടി പുതിയ പദ്ധതി നടപ്പാക്കുകയാണ് മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാര്‍.

വരന്‍ ടോയ്‌ലറ്റ് സെല്‍ഫി അയച്ചാല്‍ മാത്രമേ വധുവിന് മുഖ്യമന്ത്രിയുടെ വിവാഹ ധനസഹായമായ  51,000 രൂപ ലഭിക്കുകയുള്ളൂ എന്നതാണ് പുതിയ നിര്‍ദ്ദേശത്തിന്‍റെ പ്രത്യേകത. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള പദ്ധതിയായ മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാറിന്‍റ മുഖ്യമന്ത്രി കന്യാവിവാഹ്/ നിക്കാഹ് സ്കീമിലാണ് ഈ നിര്‍ദ്ദേശമുള്ളത്. വരന്‍റെ വീട്ടില്‍ ടോയ്‌ലറ്റ് ഉണ്ടെന്ന് വധു തെളിയിച്ചാല്‍ മാത്രമേ ധനസഹായത്തിനുള്ള ആപ്ലിക്കേഷന്‍ ഫോം അധികൃതര്‍ സ്വീകരിക്കുകയുള്ളൂ. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ വീട്ടിലും ചെന്ന് ടോയ്‌ലറ്റ് ഉണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍  ടോയ്‌ലറ്റില്‍ നിന്നുള്ള വരന്‍റെ ഒരു സെല്‍ഫികൂടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. എല്ലാ വീടുകളിലും ടോയ്‌ലറ്റ് ഉണ്ടെന്നകാര്യം ഉറപ്പിക്കാനാണ് ഈ നിര്‍ദ്ദേശമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തവമാക്കുന്നത്. ഗ്രാമീണമേഖലകളില്‍ മാത്രമല്ല ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും ഈ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ 2013 മുതല്‍ തന്നെ ടോയ്‌ലറ്റ് വീട്ടില്‍ ഉണ്ടായിരിക്കണമെന്ന നിര്‍ദ്ദേശമുണ്ടെന്നും ടോയ്‌ലറ്റില്‍ നിന്നും സെല്‍ഫിയെടുക്കണമെന്ന നിര്‍ദ്ദേശം മാത്രമാണ് പുതിയതായി കൂട്ടിച്ചേര്‍ത്തതെന്നുമാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 

click me!